ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : ആയിരക്കണക്കിന് ആളുകൾക്ക് കൊറോണ വൈറസ് പിടിപെട്ടത് ആശുപത്രികളിൽ നിന്നെന്ന് പ്രധാന കണ്ടെത്തൽ. മറ്റു രോഗങ്ങൾക്ക് ചികിത്സ തേടിയെത്തിയ ആളുകളിലേക്ക് വൈറസ് പകർന്നത് ആശുപത്രി ജീവനക്കാരിൽ നിന്നും മറ്റു കോവിഡ് രോഗികളിൽ നിന്നുമാണ്. ഇതാണ് ആയിരത്തിലേറെ പേരുടെ മരണത്തിന് കാരണമായി മാറിയത്. കോവിഡിന്റെ ആദ്യ തരംഗത്തിലാണ് ഇത് സംഭവിച്ചത്. മെയിൽ ഓൺ സൺ‌ഡേ നടത്തിയ അന്വേഷണത്തിലാണ് സുപ്രധാന വിവരങ്ങൾ പുറത്തുവന്നത്. പകർച്ചവ്യാധിയുടെ ആദ്യ തരംഗത്തിൽ, മറ്റു രോഗങ്ങൾക്ക് ചികിത്സ തേടി ആശുപത്രിയിൽ പോയവർ കോവിഡ് ഇതര വാർഡിൽ ആയിരിക്കുമ്പോൾ രോഗം ബാധിക്കുകയും പിന്നീട് മരിക്കുകയും ചെയ്തു. ആശുപത്രികളിൽ നടന്ന പത്തു കോവിഡ് മരണങ്ങളിൽ ഒന്ന് ഇത്തരത്തിലുള്ളതാണെന്ന് പത്രം പറയുന്നു. വിവരാവകാശ സ്വാതന്ത്ര്യ നിയമപ്രകാരം പുറത്തുവിട്ട കണക്കുകൾ എൻ എച്ച് എസിനെ ആശങ്കയിലാക്കിയിരിക്കുകയാണ്. ചെസ്റ്ററിലെ കൗണ്ടസ് ഓഫ് ചെസ്റ്റർ ഹോസ്പിറ്റലിൽ നടന്ന 231 കോവിഡ് -19 മരണങ്ങളിൽ 88 എണ്ണം ആശുപത്രിയിൽ നിന്ന് രോഗം പിടിപെട്ടത് മൂലം ഉണ്ടായതാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബ്രിസ്റ്റലിലും വെസ്റ്റണിലും ഉണ്ടായ 151 കോവിഡ് മരണങ്ങളിൽ 51 എണ്ണം ആശുപത്രിയിൽ ഇത്തരത്തിൽ ഉണ്ടായതാണ്. രാജ്യത്തെ ഏറ്റവും വലിയ ഹോസ്പിറ്റൽ ട്രസ്റ്റുകളിലൊന്നായ ലണ്ടനിലെ റോയൽ ഫ്രീ ഹോസ്പിറ്റലിൽ മാർച്ച് മുതൽ ഓഗസ്റ്റ് വരെ 504 കോവിഡ് -19 മരണങ്ങൾ രേഖപ്പെടുത്തി. എന്നിരുന്നാലും, ഇതിൽ പത്തിൽ താഴെ മാത്രം മരണങ്ങളുടെ ഉത്തരവാദിത്തമാണ് ആശുപത്രി ഏറ്റെടുത്തത്. 100 ലധികം എൻ‌എച്ച്‌എസ് ട്രസ്റ്റുകളിൽ നിന്നുള്ള വിവരത്തിന്റെ വെളിച്ചത്തിലാണ് ഈ റിപ്പോർട്ട്‌ പുറത്തുവന്നത്.

പൊതുജനങ്ങളെ സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിദഗ്ധർ ആവശ്യപ്പെടുന്നുണ്ട്. ആശുപത്രി അണുബാധ നിയന്ത്രണ പ്രോട്ടോക്കോളിലെ പിഴവും പരസ്പരം വൈറസ് പടർത്തുന്ന ജീവനക്കാരും ഈ മരണങ്ങൾക്ക് കാരണമായെന്ന് പറയപ്പെടുന്നു. ആശുപത്രി ഏറ്റെടുക്കുന്ന കോവിഡ് മരണങ്ങളെപ്പറ്റി പഠിച്ചുകൊണ്ടിരിക്കുന്ന ബർമിംഗ്ഹാം ആസ്ഥാനമായുള്ള കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. ഡേവിഡ് നിക്കോൾ ഈ അവസ്ഥ ലജ്ജാകരമാണെന്ന് അഭിപ്രായപ്പെട്ടു. പല അടിസ്ഥാന അണുബാധ നിയന്ത്രണ നിയമങ്ങളും നടപ്പാക്കുന്നതിൽ ആശുപത്രികൾ പരാജയപ്പെട്ടുവെന്ന് ഓക്സ്ഫോർഡ് സർവകലാശാലയുടെ സെന്റർ ഫോർ എവിഡൻസ് ബേസ്ഡ് മെഡിസിൻ എപ്പിഡെമിയോളജിസ്റ്റ് പ്രൊഫസർ ടോം ജെഫേഴ്സൺ പറഞ്ഞു. ആശുപത്രികളിൽ വച്ചു രോഗം പടർന്നത് രോഗികൾ തമ്മിൽ മാത്രമല്ല, സ്റ്റാഫുകൾ തമ്മിലും സ്റ്റാഫുകളും രോഗികളും തമ്മിലും രോഗം പടർന്നു. മൊത്തത്തിൽ, 93 ട്രസ്റ്റിൻെറ നിയന്ത്രണങ്ങളിൽ ഉള്ള ആശുപത്രികളിൽ 10,184 കോവിഡ് -19 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 1,051 പേർക്ക് കോവിഡ് ഇതര വാർഡുകളിൽ ആയിരിക്കുമ്പോൾ വൈറസ് പിടിപെട്ടു. എന്നാൽ ഇപ്പോൾ ആശുപത്രികൾ തികച്ചും സുരക്ഷിതമാണെന്ന് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു.