ലണ്ടന്‍: സ്‌കൂള്‍ ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുന്നതു മൂലം രാജ്യത്തെ പകുതി സ്‌കൂളുകളിലും ക്ലാസുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ടി വരും. ഫണ്ടില്ലായ്മ മൂലം സ്‌കൂള്‍ നടത്തിപ്പ് ബുദ്ധിമുട്ടായ സാഹചര്യത്തില്‍ ഇതല്ലാതെ ഹെഡ്ടീച്ചര്‍മാര്‍ക്ക് മറ്റു മാര്‍ഗങ്ങള്‍ ഇല്ലെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ക്ലാസുകളില്‍ കുട്ടികളുടെ എണ്ണം കാര്യമായി വര്‍ദ്ധിച്ചുവെന്ന് അസോസിയേഷന്‍ ഓഫ് ടീച്ചേഴ്സ് ആന്‍ഡ് ലക്ചറേഴ്സ് നടത്തിയ സര്‍വേ വ്യക്തമാക്കുന്നു.
1990ന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ ചെലവുചുരുക്കല്‍ പരിപാടിയാണ് വിദ്യാഭ്യാസ മേഖലയില്‍ നടന്നുവരുന്നത്. ആയിരക്കണക്കിന് സ്‌കൂളുകളില്‍ ഇതുമൂലം വിദ്യാര്‍ത്ഥികള്‍ തിങ്ങി നിറഞ്ഞ ക്ലാസ് മുറികളാണ് ഉള്ളതെന്ന് സര്‍വേ പറയുന്നു. കുട്ടികളുടെ ഭാവി അപകടത്തിലാക്കുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളതെന്ന് ഇതിന്റെ അടിസ്ഥാനത്തില്‍ ഹൗസ് ഓഫ് കോമണ്‍സ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.
സ്‌കൂളുകള്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദം എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന് മനസിലാകുന്നില്ലെന്നും പിഎസി കുറ്റപ്പെടുത്തുന്നു. സ്‌കൂള്‍ നിലവാരങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് കമ്മിറ്റി ഈ പരാമര്‍ശം നടത്തിയത്. ഓരോ കുട്ടിക്കും അനുവദിക്കുന്ന തുകയില്‍ വലിയ കുറവാണ് അനുഭവപ്പെടുന്നത്. നിലവിലുള്ള ഫണ്ടില്‍ നിന്ന് 2019-20 വര്‍ഷത്തോടെ 3 ബില്യന്‍ പൗണ്ട് മിച്ചം പിടിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.