ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : കഴിഞ്ഞ ആഴ് ചയിലെ കണക്കുകൾ ഗണ്യമായി ഉയർന്നെങ്കിലും വാരാന്ത്യത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം കുറഞ്ഞത് രാജ്യത്തിന് ആശ്വാസം നൽകുന്നു. ഇന്നലെ 5,693 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ശനിയാഴ്ച്ച ഇത് 6,042 ആയിരുന്നു. കഴിഞ്ഞാഴ്ച്ചയിലെ അഞ്ചു ദിവസവും കേസുകൾ ഉയർന്നുകൊണ്ടിരുന്നപ്പോൾ ഈ ഇടിവ് അല് പം ആശ്വാസം നൽകുന്നതാണ്. എങ്കിലും കഴിഞ്ഞ ശനി, ഞായർ കണക്കുകൾ പരിശോധിച്ചാൽ രോഗവ്യാപനം ഉയർന്നതായി വ്യക്തമാണ്. രോഗം ബാധിച്ച് 28 ദിവസത്തിനുള്ളിൽ 17 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 41,988 ആയി ഉയർന്നു. യുകെയുടെ സ്റ്റാറ്റിസ്റ്റിക് സ് ഏജൻസികൾ പ്രസിദ്ധീകരിച്ച പ്രത്യേക കണക്കുകൾ കാണിക്കുന്നത് 57,600 കോവിഡ് മരണങ്ങൾ യുകെയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ്. രോഗം രൂക്ഷമായ ഏപ്രിൽ, മെയ് മാസങ്ങളിൽ ഒരു ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകൾ ഉണ്ടായിരുന്നതായി ഇംപീരിയൽ കോളേജ് ഗവേഷകർ അഭിപ്രായപ്പെട്ടു.
വൈറസിന്റെ വ്യാപനം തടയാൻ രൂപകൽപ്പന ചെയ് തിരിക്കുന്ന കോവിഡ് -19 “ടെസ്റ്റ് ആൻഡ് ട്രേസ്” സ് മാർട്ട്‌ഫോൺ ആപ്ളിക്കേഷൻ രോഗികളുടെ എണ്ണം കുറയ്ക്കാൻ സഹായിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്. ഒരു കോടിയിലധികം ആളുകൾ ആപ്ളിക്കേഷൻ ഡൗൺലോഡ് ചെയ്തതായി ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് ഞായറാഴ്ച്ച പറഞ്ഞു. ആപ്പിൽ നേരിട്ട പ്രശ്നം പരിഹരിച്ചതായി മന്ത്രിമാർ അറിയിച്ചു. രാജ്യത്തിലെ ജനസംഖ്യയുടെ നാലിലൊന്നിൽ കൂടുതൽ ആളുകൾ ഇപ്പോൾ പലവിധ നിയന്ത്രണങ്ങൾക്ക് കീഴിലാണ് ജീവിക്കുന്നത്.
അന്താരാഷ്ട്ര സമൂഹ സങ്കൽപം ഒൻപത് മാസത്തെ പകർച്ചവ്യാധി തകിടം മറിച്ചതായി ഐക്യരാഷ്ട്ര പൊതുസഭയിൽ മുൻകൂട്ടി രേഖപ്പെടുത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. രാജ്യങ്ങളുടെ മരണനിരക്ക് താരതമ്യപ്പെടുത്തുന്നതിനെതിരെ മുന്നറിയിപ്പ് നൽകി. കൊറോണയ്‌ക്കെതിരെ പോരാടാൻ ലോകരാജ്യങ്ങൾ ഒന്നിച്ചുനിൽക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീണ്ടും വലിയ ദുരന്തത്തിലേക്ക് നീങ്ങാൻ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു. യുകെയിലെ കൊറോണ വൈറസ് മരണങ്ങൾ യൂറോപ്പിലെ ഏറ്റവും ഉയർന്നതും ലോകത്തിലെ അഞ്ചാമത്തെ വലിയ മരണസംഖ്യയുമാണ്.
Leave a Reply