ന്യൂസ് ഡെസ്ക് മലയാളം യുകെ
മൊറോക്കോയിലെ ശക്തമായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2,000-ത്തിലധികമായി. ഭൂകമ്പത്തിൽ 1,400-ലധികം പേർക്ക് ഗുരുതരമായ പരിക്കുകളുണ്ടെന്ന് അറിയിച്ചു. മാരാകേഷിന്റെ തെക്ക് ഭാഗത്തുള്ള പ്രവിശ്യകളിലാണ് ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെട്ടതെന്നും ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേർത്തു. മുഹമ്മദ് ആറാമൻ രാജാവ് മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിക്കുകയും അതിജീവിച്ചവർക്ക് താമസവും ഭക്ഷണവും മറ്റ് സഹായങ്ങളും നൽകുകയും ചെയ്തു. പലരും രണ്ടാം രാത്രിയും തുറസ്സായ സ്ഥലത്താണ് കഴിയുന്നത്.
മാരാകേഷിന് 71 കിലോമീറ്റർ (44 മൈൽ) തെക്ക്-പടിഞ്ഞാറ്, 18.5 കിലോമീറ്റർ താഴ്ചയുള്ള ഹൈ അറ്റ്‌ലസ് പർവതനിരയാണ് റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ പറഞ്ഞു. വെള്ളിയാഴ്ച രാത്രി 11:11നാണ് (22:11 ജിഎംടി) ഭൂചലനം ഉണ്ടായത്. 19 മിനിറ്റിനുശേഷം 4.9 മാഗ് നിറ്റൂടുള്ള തുടർചലനമുണ്ടായി. തലസ്ഥാനമായ റബാറ്റിലും കാസബ്ലാങ്ക, അഗാദിർ, എസ്സൗയിറ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പ്രകാരം അൽ ഹൗസ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ മരണസംഖ്യ രേഖപ്പെടുത്തിയിരിക്കുന്നത്. മലയോര ഗ്രാമങ്ങളിലെ കല്ലുകളും തടികളും കൊണ്ട് പണിത വീടുകൾ തകർന്നുവീണിട്ടുണ്ട്. അതേസമയം ഒറ്റപ്പെട്ട പ്രദേശങ്ങളിലെ നാശത്തിന്റെ തോത് വിലയിരുത്താൻ ഇനിയും സാധിച്ചിട്ടില്ല.
Leave a Reply