അനുപമ എസ് ബട്ട്, മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടൻ ഇപ്പോൾ കടന്നുപോകുന്നത് കൊറോണ വൈറസ് വ്യാപനത്തിൻെറ ഏറ്റവും മൂർധന്യാവസ്ഥയിലെന്ന് ആരോഗ്യമന്ത്രി മാറ്റ് ഹാൻകോക്ക് പ്രസ്താവിച്ചു. രാജ്യത്തെ എല്ലാവർക്കും പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നതുവരെ ജനങ്ങൾ കോവിഡ്-19 പ്രോട്ടോകോൾ പാലിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. എല്ലാവർക്കും പ്രതിരോധകുത്തിവെയ്പ്പ് നൽകാനുള്ള പദ്ധതി ഇതിനോടകം സർക്കാർ പ്രസിദ്ധീകരിച്ചിരുന്നു. ഇതുവരെ 2.3 ദശലക്ഷം ആൾക്കാർക്കാണ് രാജ്യത്ത് ആദ്യത്തെ കോവിഡ് വാക്സിൻ ലഭിച്ചത്. ഇതിൽ ചിലർക്കൊക്കെ പ്രതിരോധകുത്തിവെയ്പ്പിൻെറ രണ്ട് ഡോസുകളും ലഭിച്ചിട്ടുണ്ട്. ആദ്യ ഡോസ് ലഭിച്ച് നിശ്ചിത ഇടവേളയ്ക്ക് ശേഷം രണ്ടാം ഡോസു കൂടി നൽകുന്നതോടെയാണ് പ്രതിരോധകുത്തിവെയ്പ്പ് പൂർത്തീകരിക്കപ്പെടുന്നത്.
വൈറസ് വ്യാപനം തടയുന്നതിനായി ആവശ്യമെങ്കിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള സാധ്യതകളെ മാറ്റ് ഹാൻകോക്ക് തള്ളിക്കളയുന്നില്ല. പ്രധാനമന്ത്രി ബോറിസ് ജോൺസണും ഇംഗ്ലണ്ടിൻെറ ചീഫ് മെഡിക്കൽ ഓഫീസ് പ്രൊഫസർ ക്രിസ് വിറ്റിയും സമാനമായ മുന്നറിയിപ്പുകൾ നൽകിയിരുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കോവിഡ് 19 ബാധിച്ച് 529 പേരാണ് രാജ്യത്ത് മരണമടഞ്ഞത്. പുതിയതായി 46167 പേർക്ക് കൂടി വൈറസ് ബാധിച്ചതായിട്ടാണ് റിപ്പോർട്ടുകൾ.
ഇതിനിടെ വൈറസ് വ്യാപനം തടയുന്നതിനുള്ള കർശന നടപടികളുമായി കൂടുതൽ ഷോപ്പുകൾ രംഗത്തുവന്നു. തങ്ങൾ നൽകുന്ന ഫേസ് മാസ്ക് ധരിക്കാൻ വിസമ്മതിക്കുന്ന കസ്റ്റമറിനെ മോറിസൺസ് തങ്ങളുടെ ഷോപ്പുകളിൽ പ്രവേശനം അനുവദിക്കില്ല എന്ന് അറിയിച്ചു. സമാനമായ തീരുമാനവുമായി സൈൻസ്ബറിയും മുന്നോട്ട് വന്നിട്ടുണ്ട്. സൂപ്പർമാർക്കറ്റുകളിൽ സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കോവിഡ് പ്രോട്ടോകോൾ നടപ്പാക്കപ്പെടുന്നില്ല എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. പല കടകളിലും നിയമങ്ങൾ കർശനമായി നടപ്പാക്കുന്നില്ലെന്ന് സർക്കാരിന് ആശങ്കയുണ്ടെന്ന് വാക്സിനേഷൻ വിതരണത്തിൻെറ ചുമതല വഹിക്കുന്ന മന്ത്രി നാദിം സഹാവി അഭിപ്രായപ്പെട്ടിരുന്നു. കടകളിൽ മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നു എന്ന് ഉറപ്പു വരുത്തേണ്ടത് അതാത് ഷോപ്പുകളുടെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു.
Leave a Reply