ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- മോർട്ട്ഗേജ് നിരക്കുകൾ മൂലം ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് സഹായം നൽകുന്നതിനുള്ള നടപടികൾ അവലോകനത്തിൽ ആണെന്ന് ക്യാബിനറ്റ് മന്ത്രി മൈക്കൽ ഗോവ് വ്യക്തമാക്കിയിരിക്കുകയാണ്. എന്നാൽ ഏതൊരു സാമ്പത്തിക സഹായവും നൽകാനുള്ള അന്തിമ തീരുമാനം ട്രഷറിയുടെ ഭാഗത്തു നിന്നായിരിക്കുമെന്നും അദ്ദേഹം പ്രശസ്ത മാധ്യമപ്രവർത്തക ലോറ ക്യൂൻസ്ബർഗിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. എന്നാൽ മോർട്ട്ഗേജിൽ ഇളവുകൾ നൽകുവാൻ നിലവിൽ ട്രഷറിയ്ക്ക് പദ്ധതികൾ ഒന്നും തന്നെ ഇല്ലെന്നാണ് ബിബിസി ന്യൂസിനു ലഭിച്ച വിവരങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. വരും ദിവസങ്ങളിൽ പുതിയതായി ആരംഭിക്കുന്ന രണ്ട് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജിന്റെ ശരാശരി പലിശ നിരക്ക് 6 ശതമാനത്തിൽ കൂടുതലാകുവാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വായ്പ തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ടുന്നവരെ സഹായിക്കാൻ സർക്കാർ ഇടപെടുമോ എന്ന ലോറ ക്യൂൻസ്ബെർഗിന്റെ ചോദ്യത്തിനോട്, പ്രതിസന്ധികളെ നേരിടുവാൻ പൊതു പണം ഉപയോഗിക്കുന്നത് അനിവാര്യമായി കൂടുതൽ കടത്തിലേയ്ക്ക് നയിക്കുമെന്നാണ് മൈക്കൽ ഗോവ് പ്രതികരിച്ചത് . ഹ്രസ്വകാല ആശ്വാസം നൽകുന്നതിന് പണം ചെലവഴിക്കുക എന്നതാണ് ഏറ്റവും മോശം കാര്യമെന്നും , അത് നമ്മുടെ മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിതി കൂടുതൽ ദുർബലമായ നിലയിലെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പണപ്പെരുപ്പം നിയന്ത്രിക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് ഉയർത്തിയ സാഹചര്യത്തിൽ മോർട്ട്ഗേജ് നിരക്കുകൾ കുതിച്ചുയരുകയാണ്. സാമ്പത്തിക ഡാറ്റാ സ്ഥാപനമായ മണിഫാക്‌സിന്റെ പുതിയ കണക്കുകൾ പ്രകാരം, 2018-ൽ അഞ്ച് വർഷത്തേക്ക് 250,000 പൗണ്ട് മോർട്ട്ഗേജ് ഉറപ്പിക്കുന്ന ഒരാൾക്ക് ശരാശരി നിരക്ക് 2.92% അല്ലെങ്കിൽ പ്രതിമാസം 1,175 പൗണ്ട് നൽകേണ്ടതായി വരും. ഇതിനൊപ്പം തന്നെ വർദ്ധിച്ചുവരുന്ന ജീവിത ചെലവുകളും ജനങ്ങളെ കടുത്ത പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നും കൂടുതൽ ഇടപെടൽ ഉണ്ടാകുമോ എന്ന് നോക്കിക്കാണുകയാണ് ജനങ്ങളും സാമ്പത്തിക വിദഗ്ധരും.
Leave a Reply