ന്യൂസ് ഡെസ്ക് മലയാളം യുകെ
രാജ്യത്തെ ശരാശരി മോർട്ട്ഗേജ് വായ്പ നിരക്ക് കുറഞ്ഞു. യുകെയുടെ രണ്ട് വർഷത്തെ ശരാശരി ഫിക്സഡ് മോർട്ട്ഗേജ് നിരക്ക് 5.92% ആയിരുന്നു. ഇതിൽ നിന്നാണ് നിരക്ക് 5.53 ശതമാനമായി കുറഞ്ഞിരിക്കുന്നത്. ഈ ആഴ്ച തുടക്കത്തിൽ തന്നെ യുകെയിലെ ഏറ്റവും വലിയ മോർട്ട്ഗേജ് ദാതാക്കളായ ഹാലിഫാക്‌സ്, ലീഡ്‌സ് ബിൽഡിംഗ് സൊസൈറ്റി എന്നീ സ്ഥാപനങ്ങൾ നിരക്കുകൾ വെട്ടിക്കുറച്ചിരുന്നു. വരും ആഴ്ചകളിൽ മറ്റ് ബാങ്കുകളും ബിൽഡിംഗ് സൊസൈറ്റികളും നിരക്കുകൾ കുറയ്ക്കുമെന്നാണ് കരുതുന്നത്. പണപ്പെരുപ്പം കുറയുന്ന സാഹചര്യത്തിൽ ഈ വർഷം ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾക്കിടയിലാണ് ഭവന വായ്‌പയിൽ ഗണ്യമായ കുറവുണ്ടായിരിക്കുന്നത്.
ചൊവ്വാഴ്ച ഹാലിഫാക്‌സ് ബാങ്ക് വായ്‌പാ നിരക്ക് 0.83 ശതമാനമായി കുറച്ചതിന് പിന്നാലെ മറ്റ് മോർട്ട്ഗേജ് വായ്പാ സ്ഥാപനങ്ങളും നിരക്കുകളിൽ ഇളവ് വരുത്തിയിട്ടുണ്ട്. ലീഡ്സ് ബിൽഡിംഗ് സൊസൈറ്റി മോർട്ട്ഗേജ് നിരക്കുകൾ 0.49 ശതമാനം വരെ കുറച്ചു. എച്ച്എസ്ബിസി ആണ് വായ്പ നിരക്ക് കുറച്ച സ്ഥാപനങ്ങളുടെ പട്ടികയിൽ പുതിയതായി ചേർക്കപ്പെട്ടത്. എച്ച്എസ്ബിസിയുടെ ഡിവിഷനായ ഫസ്റ്റ് ഡയറക്‌ടും നാളെ മോർട്ട്ഗേജ് നിരക്ക് കുറയ്ക്കുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
പകർച്ചവ്യാധിയും വർദ്ധിച്ചു വരുന്ന ജീവിത ചിലവും യുകെയിലെ മോർട്ട്ഗേജ് വിപണിയെ തകർത്തിരുന്നു. സാഹചര്യങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും ഈ പുതു വത്സരത്തിൽ കൂടുതൽ ഉപഭോക്താക്കളെ സഹായിക്കുന്നതിൻെറ ഭാഗമായാണ് വായ്പാ നിരക്കുകൾ വെട്ടി കുറച്ചതെന്നാണ് കരുതപ്പെടുന്നത്.
Leave a Reply