ന്യൂസ് ഡെസ്ക്, മലയാളം യുകെ
രണ്ട് പ്രധാന രോഗികളുടെ ഓർഗനൈസേഷനുകളും കിംഗ്സ് ഫണ്ടും നടത്തിയ ഗവേഷണത്തിൽ എൻഎച്ച്എസിലെ കാര്യക്ഷമതയില്ലായ്മ പുറത്താകുന്നു. രോഗികൾ സ്ഥിരമായി പരിശോധനാ ഫലങ്ങൾ ലഭിക്കാനായി അലയുന്നത്, ഷെഡ്യൂൾ ചെയ്ത സന്ദർശനങ്ങൾക്ക് ശേഷം അപ്പോയിൻ്റ്മെൻ്റ് ലെറ്റർ ലഭിക്കുന്നത്, ചികിത്സാ സമയക്രമത്തെ കുറിച്ചുള്ള അനിശ്ചിതത്വം എന്നീ പ്രശ്‌നങ്ങൾ ഉയർത്തി കാട്ടിയാണ് ആരോപണം. ഇത്തരത്തിലുള്ള ഭരണപരമായ പോരായ്മകൾ സമ്മർദം, ആശയക്കുഴപ്പം, കാലതാമസം നേരിടുന്നതിനാലുള്ള ആരോഗ്യപരമായ അപകടസാധ്യതകൾ എന്നിവ സൃഷ്ടിക്കുന്നു.
അന്വേഷണത്തിൽ ഉള്ള കണ്ടെത്തലുകൾ എൻഎച്ച്എസിൻെറ പോരായ്മകളെ എടുത്ത് കാട്ടുന്നവയാണ്. രോഗിയുടെ ചികിത്സാനുഭവവും ആരോഗ്യപരിരക്ഷ ഫലങ്ങളും മെച്ചപ്പെടുത്തുന്നതിന് മെച്ചപ്പെട്ട ആശയവിനിമയത്തിൻ്റെയും ഷെഡ്യൂളിംഗ് പ്രക്രിയകളുടെയും അടിയന്തിര ആവശ്യം റിപ്പോർട്ടിൽ ഊന്നിപ്പറയുന്നു. എൻഎച്ച്എസ് ഇംഗ്ലണ്ടിൽ ചികിത്സ തേടിയ അറുപത്തിനാല് ശതമാനം ആളുകൾ എൻഎച്ച്എസിലെ അഡ്മിനിസ്ട്രേഷൻ ഉൾപ്പെട്ട പ്രശ്‌നങ്ങൾ നേരിട്ടിരുന്നു.
പരിശോധനാ ഫലങ്ങൾ കാണാതാവുക, അപ്പോയിൻ്റ്‌മെൻ്റുകൾ മാറ്റാനോ റദ്ദാക്കാനോ കഴിയാതെ വരിക, ടെസ്റ്റ്, സ്‌കാൻ അല്ലെങ്കിൽ എക്‌സ്-റേ എന്നിവയുടെ ഫലങ്ങൾക്കായി പിറകെ നടക്കേണ്ടി വരുക പോലുള്ള അനുഭവങ്ങൾ പല രോഗികളും പങ്കുവച്ചു. ഹെൽത്ത്‌വാച്ച് ഇംഗ്ലണ്ട്, നാഷണൽ വോയ്‌സ്, കിംഗ്സ് ഫണ്ട് എന്നിവയ്‌ക്കായി ഇപ്‌സോസ് നടത്തിയ വോട്ടെടുപ്പിൽ 52% പൊതുജനങ്ങൾ, എൻഎച്ച്എസ് രോഗികളുമായി നന്നായി ആശയവിനിമയം നടത്തുന്നുവെന്ന് അഭിപ്രായപ്പെടുമ്പോൾ 25% അതിൻ്റെ ആശയവിനിമയം മോശമാണെന്ന് അഭിപ്രായപ്പെട്ടു. ചികിത്സാ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിൽ എൻഎച്ച്എസ് പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുകയാണെന്ന് കെയർ സ്റ്റാർമർ പറഞ്ഞതിന് പിന്നാലെയാണ് ഈ കണ്ടെത്തലുകൾ പുറത്ത് വന്നിരിക്കുന്നത്.
Leave a Reply