ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടണിലെ ചരിത്രപ്രധാനമായ കത്തീഡ്രലുകളും പള്ളികളും അടുത്ത അഞ്ച് വർഷത്തിനകം പരിപാലന ചെലവുകളുടെ പേരിൽ അടച്ചുപൂട്ടേണ്ടി വരാമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ബ്രിട്ടണിലെ 20,000-ത്തിലധികം ലിസ്റ്റ് ചെയ്ത ആരാധനാലയങ്ങളിൽ പലതും ചരിത്രപ്രധാനമായ നിർമ്മിതികളാണ് . മതസ്ഥാപനങ്ങൾ മാത്രമായല്ല , പള്ളികൾ സമൂഹ പ്രവർത്തനങ്ങൾക്കും കമ്മ്യൂണിറ്റി ഗ്രൂപ്പുകൾക്കും പ്രധാന കേന്ദ്രമായും പ്രവർത്തിക്കുന്നുണ്ട് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നാഷണൽ ചർച്ചസ് ട്രസ്റ്റ് നടത്തിയ സർവേ പ്രകാരം, അഞ്ച് വർഷത്തിനുള്ളിൽ ഗ്രാമപ്രദേശങ്ങളിൽ ഏകദേശം 900 പള്ളികൾ അടച്ചു പൂട്ടപ്പെടാൻ സാധ്യതയുണ്ട്. സർവേയിൽ പങ്കെടുത്ത 3,600-ലധികം പള്ളികളിൽ ഏകദേശം 20% കെട്ടിടങ്ങൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ തകർന്നുവെന്ന് അറിയിക്കുകയും, 40% പള്ളികളുടെ മേൽക്കൂരകൾ അടിയന്തിരമായി പരിചരണം ആവശ്യമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. പല പള്ളികളും അടിസ്ഥാന ചെലവുകൾക്കായി ഫണ്ടുകൾ കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.

സർക്കാർ അഞ്ച് വർഷം മുമ്പ് ആരാധനാലയ പരിചരണത്തിന് 25,000 പൗണ്ടിൽ മുകളിലുള്ള ചെലവിൽ വാറ്റ് ഏർപ്പെടുത്തിയിരുന്നു. ഇത് ഫണ്ട് സ്രോതസ്സുകളിൽ ആശ്രയിച്ചിരുന്ന പള്ളികൾക്ക് അധിക ഭാരം ആയി തീർന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പള്ളികൾ സമൂഹത്തിനും സാമൂഹിക സേവനങ്ങൾക്കും കേന്ദ്രമാണെന്നും ഇവ സംരക്ഷിക്കാതെ വിട്ടാൽ ബ്രിട്ടണിന്റെ സാമൂഹിക അന്തരീക്ഷം നഷ്ടപ്പെടുമെന്നുള്ള അഭിപ്രായം ശക്തമാണ്. പള്ളികൾ സൂക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് ബ്രിട്ടണിന്റെ ചരിത്ര സംസ്‌കാരത്തിനുള്ള ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്.