ലണ്ടന്‍: എന്‍എച്ച്എസ് ആധുനികവല്‍ക്കരണത്തിന്റെ പേരില്‍ സെന്‍ട്രല്‍ ലണ്ടനിലെ ആശുപത്രികള്‍ വില്‍ക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. ലണ്ടനിലെ മറ്റ് ആശുപത്രികളിലേക്ക് ഇവിടെ നല്‍കിവരുന്ന സേവനങ്ങള്‍ മാറ്റുന്നതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലണ്ടന്റെ ഹൃദയഭാഗത്തുള്ളതും ഏറ്റവും പ്രധാനപ്പെട്ട ആശുപത്രിയുമായ ചെയറിംഗ് ക്രോസ് ഹോസ്പിറ്റലിലെ സൗകര്യങ്ങള്‍ 13 ശതമാനം വെട്ടിച്ചുരുക്കാന്‍ നീക്കമുണ്ട്. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച സസ്‌റ്റെയ്‌നബിലിറ്റി ആന്‍ഡ് ട്രാന്‍സ്ഫര്‍മേഷന്‍ പദ്ധതി പ്രകാരമാണ് ഇത്. ഇംഗ്ലണ്ടിലെ 44 ആശുപത്രികളിലാണ് ഈ പദ്ധതി നടപ്പാക്കാന്‍ മുന്‍ ആരോഗ്യ സെക്രട്ടറി നിര്‍ദേശിച്ചത്.
എന്നാല്‍ ഈ പദ്ധതി നടപ്പാക്കുന്നതോടെ ആശുപത്രികളില്‍ നല്‍കി വരുന്ന സേവനങ്ങള്‍ ഇല്ലാതാകുമെന്നതു മാത്രമാണ് സംഭവിക്കുകകയെന്ന് ആദ്യം മുതലേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പദ്ധതിക്കായി നല്‍കിയ നിര്‍ദേശങ്ങളില്‍ പോലും വ്യക്തതയില്ലായിരുന്നു. ചെയറിംഗ് ക്രോസിനെ കമ്യൂണിറ്റി സ്വഭാവത്തിലേക്ക് മാറ്റാനാണ് പദ്ധതി. ഇത് ആത്യന്തികമായി രോഗികള്‍ക്ക് ദോഷമേ വരുത്തൂ എന്ന് ഡോക്ടര്‍മാരും സാമൂഹ്യപ്രവര്‍ത്തകരും അഭിപ്രായപ്പെടുന്നു. ആശുപത്രിയുടെ 13 ശതമാനം സൗകര്യങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി ഭൂമി വിറ്റഴിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് രേഖകള്‍ പറയുന്നുവെന്നാണ് റിപ്പോര്‍ട്ട്.
2021ല്‍ ഭേദഗതികളോടെ നടപ്പില്‍ വരുത്താനുദ്ദേശിക്കുന്ന പദ്ധതി ആശുപത്രികളുടെയും എന്‍എച്ച്എസ് സേവനങ്ങളുടെയും കടക്കല്‍ കത്തി വെക്കുന്നത്തിനു തുല്യമാണെന്നും വിലയിരുത്തപ്പെടുന്നു. ഇപ്പോള്‍ പുറത്തു വന്ന ഈ വിവരങ്ങളേക്കുറിച്ചുള്ള ആശങ്ക 2015ല്‍ത്തന്നെ ഉയര്‍ന്നിരുന്നെങ്കിലും അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറൂണും എന്‍എച്ച്എസ് നേതൃത്വവും അക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല.
Leave a Reply