ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കാനായി നിശ്ചയിക്കപ്പെട്ടിരുന്ന ജൂലൈ -19ന് മുൻനിശ്ചയപ്രകാരം ഇളവുകളുമായി മുന്നോട്ടുപോകുമെന്ന് ആരോഗ്യ സെക്രട്ടറി എംപിമാരോട് സ്ഥിരീകരിച്ചു. എന്നാൽ ഫെയ്സ് മാസ്‌കും വാക്സിൻ പാസ്പോർട്ടും പ്രോത്സാഹിപ്പിക്കുന്ന നയം ആയിരിക്കും തുടർന്നും ഗവൺമെൻറിൻറെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുക. നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് രാജ്യത്തെ സംബന്ധിച്ച് നിർണായകമായ ചുവടു വെയ്പ്പാണെന്ന് അദ്ദേഹം പറഞ്ഞു. നാലാമത്തെയും അവസാനത്തെയും ഘട്ടമായ ജൂലൈ -19ന് സാമൂഹിക അകലം സംബന്ധിച്ചും സാമൂഹിക സമ്പർക്കത്തിനുമുള്ള നിയമങ്ങൾ പിൻവലിക്കപ്പെടും. മഹാമാരിയെ തുടർന്ന് അടച്ചിടപ്പെട്ട നൈറ്റ് ക്ലബ്ബ് ഉൾപ്പെടെയുള്ള എല്ലാ ബിസിനസുകളും വീണ്ടും അനുവദിക്കുകയും ചെയ്യും .

ഇതിനിടെ വർദ്ധിച്ചുവരുന്ന രോഗവ്യാപനത്തിൽ കടുത്ത ആശങ്കയാണ് ശാസ്ത്രജ്ഞർക്കും ആരോഗ്യവിദഗ്ധർക്കും ഉള്ളത് . ഇന്നലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് 34471 ആയിരുന്നു. 6 പേർ മരണമടയുകയും ചെയ്തു. തുടർച്ചയായ ആറാം ദിവസമാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 30000 -ത്തിന് മുകളിൽ രേഖപ്പെടുത്തുന്നത്. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിനെക്കുറിച്ച് തീയതിയിൽ അല്ല വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിക്കും തീരുമാനങ്ങൾ കൈക്കൊള്ളപ്പെടുകയെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. രോഗവ്യാപനം കൂടിയിട്ടും നിയന്ത്രണങ്ങൾ ഇളവുവരുത്താനുള്ള തീരുമാനവുമായി ഗവൺമെൻറ് മുന്നോട്ടുപോകുന്നത് പ്രധാനമന്ത്രിയുടെ മുൻ പ്രസ്താവനയിൽ നിന്നുള്ള പിന്നോക്കം പോകലാണെന്ന അഭിപ്രായമാണ് ശാസ്ത്രലോകത്തിനുള്ളത്.