ലണ്ടന്‍: വംശീയ ന്യൂനപക്ഷങ്ങളില്‍ നിന്നുളള അപേക്ഷകരെക്കാള്‍ ബ്രിട്ടിനിലെ പൊലീസ് സേനകളില്‍ നിയമനം ലഭിക്കാന്‍ സാധ്യതയേറെ വെളുത്ത വര്‍ഗക്കാര്‍ക്കെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ സേനകളിലെ മൂന്നില്‍ രണ്ടും വെളുത്ത വര്‍ഗക്കാരാണെന്നും ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു. വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കശിയിട്ടുളളത്. എന്നാല്‍ ഇതിന് മാറ്റം വരണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ് ഇപ്പോള്‍.
പൊലീസ് സേനകളില്‍ കറുത്തവര്‍ഗക്കാര്‍ക്കും ഏഷ്യന്‍ ന്യൂനപക്ഷത്തിനും മറ്റും മതിയായ പ്രാതിനിധ്യമില്ലാത്തതിന് സേനകളെ ആഭ്യന്തര സെക്രട്ടറി തെരേസാ മേയ് നിശിതമായി വിമര്‍ശിച്ചിരുന്നു. ചെഷയര്‍, നോര്‍ത്ത് യോര്‍ക്ക്‌ഷെയര്‍, ഡൈഫെഡ് പോവിസ്, ഡര്‍ഹാം തുടങ്ങിയ സേനകളില്‍ ഒരൊറ്റ കറുത്തവര്‍ഗക്കാരന്‍ പോലുമില്ലെന്നും മേയ് ചൂണ്ടിക്കാട്ടി. പതിനൊന്ന് സേനകളില്‍ ചീഫ് ഇന്‍സ്‌പെക്ടര്‍ റാങ്കിന് മുകളിലേക്ക് വംശീയ ന്യൂനപക്ഷങ്ങള്‍ ഇല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ 45 പൊലീസ് സേനകളില്‍ 31ഉം നിയമനത്തിന് വെളുത്തവര്‍ഗക്കാര്‍ക്കാണ് പ്രാമുഖ്യം നല്‍കുന്നത്.
ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസും ഗ്വെന്റ്, ഹെര്‍ഡ്‌ഫോര്‍ഡ്‌ഷെയര്‍ സേനകളിലും വലിയ വ്യത്യാസമുണ്ട്. മൂന്ന് സേനകളാകട്ടെ വളരെ കുറഞ്ഞ അനുപാതത്തിലാണ് നിയമനം നടത്തുന്നത്. പതിനൊന്ന് സേനകളാകട്ടെ താരതമ്യത്തിന് ആവശ്യമായ വിവരങ്ങള്‍ പോലും നല്‍കാന്‍ തയാറല്ല. കറുത്തതും ന്യൂനപക്ഷവുമായ വിഭാഗങ്ങളില്‍ നിന്ന് 28.1ശതമാനം അപേക്ഷകരുണ്ടാകുന്നുണ്ടെങ്കിലും ഇവരില്‍ പതിനേഴ് ശതമാനത്തിന് മാത്രമാണ് നിയമനം നല്‍കുന്നത്. മെറ്റ്, വെസ്റ്റ് മിഡ്‌ലാന്റ്‌സ്, ബെഡ്‌ഫോര്‍ഡ്‌ഷെയര്‍ തുടങ്ങിയ സേനകളില്‍ വളരെക്കുറിച്ച് പ്രാതിനിധ്യം മാത്രമാണ് ലഭിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.