ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. കൈനകരി കുട്ടമംഗലം കായിത്തറ ശ്യാംജിത്തിന്റെ ഭാര്യ അപര്‍ണ (21)യും പെണ്‍കുഞ്ഞുമാണ് മരിച്ചത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്കു മാറ്റി.
സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. കുഞ്ഞിന്റെ മരണം അന്വേഷിക്കാന്‍ വിദഗ്ധസമിതിയെ ആശുപത്രി സൂപ്രണ്ട് ഡോ. എ അബ്ദുള്‍സലാം ചുമതലപ്പെടുത്തിയിരുന്നു
ചികിത്സാപിഴവാണ് അപര്‍ണയുടെ ജീവനെടുത്തതെന്ന് കാണിച്ച് ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തെത്തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.
പ്രസവത്തിനായി തിങ്കളാഴ്ചയാണ് അപര്‍ണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച വൈകീട്ടോടെയായിരുന്നു വേദനയെത്തുടര്‍ന്ന് യുവതിയെ ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചത്. ഈ സമയത്ത് ഡോക്ടര്‍ ഉണ്ടായിരുന്നില്ലെന്നും പഠിക്കുന്ന വിദ്യാര്‍ഥികളാണ് ഓപ്പറേഷന്‍ നടത്തിയതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.
അതേസമയം, അനസ്‌തേഷ്യ കൂടിപ്പോയതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ ആദ്യം അറിയിച്ചെന്നും ബന്ധുക്കള്‍ പറയുന്നുണ്ട്. പുലര്‍ച്ചെ നാല് മണിക്ക് അടിയന്തരമായി ശസ്ത്രക്രിയ വേണമെന്ന് പറഞ്ഞ് ഒപ്പ് വാങ്ങിയതായും അവര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ശസ്ത്രക്രിയ ചെയ്തതിന് ശേഷമായിരുന്നു ഒപ്പ് വാങ്ങിയതെന്നാണ് ബന്ധുക്കള്‍ പരാതിപ്പെടുന്നത്.
അതേസമയം, പൊക്കിള്‍ക്കൊടി പുറത്ത് വന്നപ്പോഴാണ് സിസേറിയന്‍ തീരുമാനിച്ചതെന്നാണ് ആശുപത്രി സൂപ്രണ്ട് ഡോ. എ അബ്ദുള്‍സലാമിന്റെ വാദം. പ്രസവസമയത്ത് അമ്മയ്ക്കും കുഞ്ഞിനും 20 ശതമാനം മാത്രമായിരുന്നു ഹൃദയമിടിപ്പെന്നും അദ്ദേഹം പറഞ്ഞു.
കുഞ്ഞ് ഇന്നലെ രാത്രിയും അപര്‍ണ ഇന്ന് പുലര്‍ച്ചെയുമാണ് മരിച്ചത്. കുഞ്ഞ് മരിച്ചതിന് പിന്നാലെ ബന്ധുക്കള്‍ പ്രതിഷേധിച്ചിരുന്നു. അമ്പലപ്പുഴ പോലീസെത്തിയാണ് സംഘര്‍ഷം ഒഴിവാക്കിയത്.
Leave a Reply