കൊല്ലം തിരുമുല്ലാവാരം പുന്നത്തല അനുഗ്രഹയിൽ വിദ്യാ ചന്ദ്രന്റെ വീട്ടുകാർക്ക് ഇത്തവണ കണ്ണീരോണമായിരുന്നു. ഭർത്താവ് തിരുവനന്തപുരം നേമം സ്വദേശി യുഗേഷ് (43) ദുബായിൽ വെച്ച് വിദ്യയെ കൊലപ്പെടുത്തിയത് ആസൂത്രിതമായാണ്. ഒാണമാഘോഷിക്കാൻ വിദ്യ നാട്ടിലേക്ക് പുറപ്പെടാനിരിക്കെയായിരുന്നു സംഭവം.

കൃത്യം ചെയ്യാൻ മുൻകൂട്ടി തീരുമാനിച്ച് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച കത്തിയുമായാണ് ഇയാൾ എത്തിയതെന്നു പൊലീസ് പറഞ്ഞു. മൃതദേഹത്തിൽ ഒന്നിലേറെ മുറിവുകൾ ഉണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ അൽഖൂസിലെ കമ്പനി പാർക്കിങ്ങിലായിരുന്നു സംഭവം. കൊലപാതകത്തിനു ശേഷം കടന്നുകളഞ്ഞ യുഗേഷിനെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി.

16 വർഷം മുൻപാണ് വിദ്യയും യുഗേഷും വിവാഹിതരായത്. വിവാഹശേഷം യുഗേഷ് വിദ്യയെ പലതും പറഞ്ഞ് പീഡിപ്പിക്കുമായിരുന്നുവെന്ന് പൊലീസ് പറുന്നു. ഭാര്യയെ സംശയമുണ്ടായിരുന്നതാണ് ഇവരുടെ ദാമ്പത്യം തകരാനും ഒടുവിൽ കൊലപാതകത്തിൽ കലാശിക്കാനും കാരണമായത്. പീഡനം സഹിക്കാതെ വിദ്യ നാട്ടിൽ പൊലീസിൽ പരാതി നൽകിയിരുന്നു. ഇരുവരെയും കൗൺസിലിങ്ങിനും വിധേയരാക്കി‍യിരുന്നു.
15 മാസം മുൻപാണ് വിദ്യ ജോലി അന്വേഷിച്ച് യുഎഇയിലെത്തിയത്. യുഗേഷ് വിദ്യയുടെ പേരിലെടുത്ത 10 ലക്ഷം രൂപയുടെ ബാങ്ക് വായ്പ തിരിച്ചടക്കാൻ വേണ്ടി തിരുവനന്തപുരത്തെ ജോലി രാജിവച്ചായിരുന്നു ഇത്.

വിദ്യ അറിയാതെ അവരുടെ സ്വത്ത് പണയം വച്ചായിരുന്നു വായ്പയെടുത്തതെന്ന് സഹോദരൻ വിനയ് ചന്ദ്രൻ പറഞ്ഞു. ദുബായ് അൽഖൂസിലെ ഒരു സ്വകാര്യ കമ്പനിയിൽ ഫിനാൻസ് വിഭാഗത്തിലായിരുന്നു വിദ്യ ജോലി ചെയ്തിരുന്നത്. 10, 11 ക്ലാസ് വിദ്യാർഥിനികളായ രണ്ടു പെൺമക്കൾ നാട്ടിൽ വിദ്യയുടെ മാതാപിതാക്കളോടൊപ്പമാണ് താമസിക്കുന്നത്. യുഗേഷ് സന്ദർശക വീസയിൽ യുഎഇയിലെത്തിയത് വിദ്യയുടെ കുടുംബം അറിഞ്ഞിരുന്നില്ല. അടുത്തിടെയാണ് ഇയാൾ യുഎഇയിലെത്തിയത്.

മറ്റൊരാളുമായി ബന്ധമുള്ള വിദ്യ തന്നെ ചതിക്കുകയാണെന്ന് സംശയിച്ചതാണ് യുഗേഷ് കൊല നടത്തിയതെന്ന് ദുബായ് പൊലീസ് പറഞ്ഞു. സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വിദ്യയുടെ ജോലിസ്ഥലത്തെത്തിയ യുഗേഷ് ഭാര്യയെ പാർക്കിങ് ലോട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. പലതും പറഞ്ഞു തർക്കമായി. ഇതിനിടെ യുഗേഷ് അരയിൽ ഒളിപ്പിച്ചു വച്ചിരുന്ന കത്തിയെടുത്ത് ഒന്നിലേറെ തവണ വിദ്യയെ കുത്തി. സംഭവ സ്ഥലത്തു വെച്ചുതന്നെ വിദ്യ പിടഞ്ഞു വീണു മരിക്കുകയായിരുന്നു. യുഗേഷ് ഉടൻ ഓടിരക്ഷപ്പെടുകയും ചെയ്തു. വിദ്യ മരിച്ചുകിടക്കുന്നത് കണ്ടയാളാണ് വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ യുഗേഷ് പിടിയിലായി. പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. വിദ്യയുടെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ നടന്നുവരികയാണ്.