ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഈസ്റ്റ് ലണ്ടനിൽ രണ്ടും അഞ്ചും വയസ്സായ രണ്ട് ആൺകുട്ടികൾ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുട്ടിയുടെ അമ്മ കുറ്റക്കാരിയെന്ന് കോടതി വിധിച്ചു . 2022 ഡിസംബർ 16 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നേദിവസം ഡാഗെൻഹാമിലെ കോൺവാലിസ് റോഡിലുള്ള വീട്ടിലെ കുളിമുറിയിൽ എലിജാ തോമസിനെ (2 )യും മാർലി തോമസിനെ(5 )യും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അവരുടെ അമ്മയായ കാര അലക്സാണ്ടർ (47) കുറ്റക്കാരിയാണെന്ന് ആണ് കണ്ടെത്തിയത് .
എന്നാൽ കുറ്റം നിഷേധിച്ച കാര അവർ ഉറങ്ങുമ്പോൾ കുളിമുറിയിൽ മുങ്ങി മരിക്കുകയായിരുന്നു എന്ന വിചിത്രമായ വാദമാണ് ഉയർത്തിയത്. എന്നാൽ കുട്ടികൾ രണ്ടുപേരുടെയും മരണത്തിന് കാരണം കാരയാണെന്ന് പ്രോസിക്യൂട്ടർമാർ വാദിച്ചു. വിചാരണയ്ക്ക് ശേഷം കിംഗ്സ്റ്റൺ ക്രൗൺ കോടതി രണ്ട് കൊലപാതക കുറ്റങ്ങൾക്ക് അവർ കുറ്റക്കാരിയാണെന്ന് കണ്ടെത്തി. പോസ്റ്റ്‌മോർട്ടം പരിശോധനയിൽ കുട്ടികൾ മുങ്ങിമരിക്കുകയോ ശ്വാസംമുട്ടിക്കുകയോ ചെയ്തതായി കണ്ടെത്തിയതായി ക്രൗൺ പ്രോസിക്യൂഷൻ സർവീസ് (സിപിഎസ്) പറഞ്ഞു.
സംഭവം നടന്ന ദിവസം കുട്ടികളുടെ പിതാവ് അലക്സാണ്ടർ വീട്ടിലെത്തിയപ്പോൾ കുട്ടികൾ മുകളിലത്തെ നിലയിൽ ഉറങ്ങുകയാണെന്നാണ് കാരാ അദ്ദേഹത്തിനോട് പറഞ്ഞത് . എന്നാൽ കുട്ടികൾ മരിച്ച നിലയിൽ കിടക്കുന്നത് പിതാവ് കണ്ടെത്തുകയായിരുന്നു. അവർ മണിക്കൂറുകൾക്ക് മുമ്പ് മരിച്ചതായി തുടർ അന്വേഷണത്തിൽ വെളിപ്പെട്ടിരുന്നു. കുട്ടികളെ സുരക്ഷിതരായി സംരക്ഷിക്കുക എന്നത് മാതാപിതാക്കളുടെ ജോലി ആണെന്നും കാര അലക്സാണ്ടർ അതിൽ പരാജയപ്പെട്ടെന്നു മാത്രമല്ല അവരുടെ ജീവൻ കൂടി അപഹരിച്ചതായി വിധി പ്രസ്താവിച്ചുകൊണ്ട് കോടതി പറഞ്ഞു.
Leave a Reply