ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
അനുവദനീയമായ സമയപരിധിക്ക് ശേഷവും ഗർഭചിദ്രത്തിനായി ഗുളികകൾ കഴിച്ച യുവതിക്കെതിരെ കോടതി വിധി. സ്റ്റോക്ക് ഓൺ ട്രെൻഡ് ക്രൗൺ കോടതിയാണ് മൂന്ന് കുട്ടികളുടെ അമ്മയായ യുവതിക്ക് 2 വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. 44 കാരിയായ കാർല ഫോസ്റ്റർ ആണ് റിമോട്ട് കൺസൾട്ടേഷനെ തുടർന്ന് ഗർഭ ചിദ്രത്തിനായുള്ള ഗുളികകൾ കഴിച്ചത്. എന്നാൽ തനിക്ക് എത്ര ആഴ്ച ഗർഭം ഉണ്ടെന്നതിനെ കുറിച്ച് തെറ്റായ വിവരങ്ങളാണ് അവർ നൽകിയത്.
കോവിഡ് മഹാമാരിയെ തുടർന്നുള്ള ലോക്ഡൗൺ കാലത്ത് ഗർഭചിദ്രം വീട്ടിൽ തന്നെ നടത്താനുള്ള പിൽസ് ബൈ പോസ്റ്റ് സ്കീം രാജ്യത്ത് നടപ്പിലാക്കിയിരുന്നു. ഈ രീതിയിൽ 10 ആഴ്ച വരെയുള്ള ഗർഭചിദ്രം അവസാനിപ്പിക്കാനെ നിയമം അനുശാസിക്കുന്നുള്ളു. എന്നാൽ പ്രതി ഗർഭചിദ്രത്തിനായുള്ള ഗുളികകൾ കഴിക്കുമ്പോൾ അവൾ 32- 34 ആഴ്ചകൾ വരെ ഗർഭിണിയായിരുന്നു എന്നാണ് കോടതി കണ്ടെത്തിയത്.
24 ആഴ്ചകൾ വരെ യുകെയിൽ ഗർഭചിദ്രം നിയമവിധേയമാണ്. പക്ഷേ 10 ആഴ്ചകൾക്ക് ശേഷമാണെങ്കിൽ ഡോക്ടറുടെ മേൽനോട്ടത്തിൽ ക്ലിനിക്കിൽ മാത്രമേ ഗർഭചിദ്രം ചെയ്യാൻ പാടുള്ളൂ . പ്രതിക്ക് ഗർഭസ്ഥ ശിശുവിന് ഗുളികകൾ ഉപയോഗിച്ച് സ്വയം ഗർഭചിദ്രം നടത്തുന്നതിനുള്ള സമയപരിധി കഴിഞ്ഞെന്ന് അറിയാമായിരുന്നു എന്ന് കോടതി വിലയിരുത്തി. യുവതി ഡോക്ടറുടെ അടുത്ത് പോകാതെ എങ്ങനെ ഗർഭച്ഛിദ്രം നടത്താം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഓൺലൈനിൽ തിരച്ചിൽ നടത്തിയതിന്റെ വിവരങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു. സമയപരിധിക്ക് ശേഷം ഗർഭച്ഛിദ്ര ഗുളികകൾ കഴിച്ചത് കുട്ടിയുടെ മരണത്തിന് കാരണമായതാണ് കടുത്ത നടപടികളിലേയ്ക്ക് കടക്കാൻ കോടതിയെ പ്രേരിപ്പിച്ചത്.
Leave a Reply