കോട്ടയം കുടമാളൂര്‍ കിംസ് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ കൊച്ചു പെൺകുട്ടിയുടെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അമ്മയുടെ വൈകാരിക പ്രതിഷേധം കണ്ണീർ നനവായി. ആർപ്പൂക്കര പനമ്പാലം കാവിൽ വീട്ടിൽ എ. വി ചാക്കോ -മറിയം ദമ്പതികളുടെ മകൾ എയ്ൻ അൽഫോൺസ് (8) ആണ് മരിച്ചത്.
ഏഴ് വർഷത്തോളം കാത്തിരുന്ന് ഉണ്ടായ കുട്ടിയാണെന്നും എട്ടുവർഷത്തോളം ഞാൻ പൊന്നുപോലെ നോക്കിയതാണെന്നും കുറ്റക്കാരനായ ഡോക്ടർക്കെതിരെ നടപടിയെടുക്കണമെന്നും ആ അമ്മ പറയുന്നുണ്ടായിരുന്നു. നീയെടുത്ത ജീവൻ തിരിച്ചു തരാൻ നിനക്കു പറ്റുമോ. അച്ഛനില്ലാതെയാണ് ആ കുഞ്ഞിന് ഞാൻ വളർത്തിയത്. ഇവൾക്കു വേണ്ടിയാണ് ഞാൻ ജീവിച്ചത്. മരണകാരണം പോലും കൃത്യമായി നിനക്കു പറയാൻ സാധിക്കുമോയെന്ന് അമ്മ ഡോക്ടറോട് ചോദിക്കുന്നുണ്ട്. ഒരു വേളയിൽ സങ്കടം അടക്കനാകാതെ ഡോക്ടറെ കയ്യേറ്റം ചെയ്യാനും അമ്മ മുതിരുന്നുണ്ട്.
തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് എയ്നെയുമായി മാതാവ് കുടമാളൂര്‍ കിംസ് ആശുപത്രിയില്‍ എത്തിയത്. കടുത്ത വയര്‍ വേദന അനുഭവപ്പെട്ട കുട്ടിയെ കൃത്യമായ പരിശോധനകള്‍ക്ക് വിധേയനാക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആവശ്യം. എന്നാല്‍, പരിശോധനകള്‍ നടത്തിയ ശേഷം ആശുപത്രി അധികൃതര്‍ ഗ്യാസിന്റെ പ്രശ്നമാണെന്ന് പറഞ്ഞ് കുട്ടിയെ മടക്കി അയക്കുകയായിരുന്നു. എന്നാല്‍, വൈകുന്നേരമായിട്ടും വയര്‍ വേദനയും അസ്വസ്ഥതയും കുറയാതെ വന്നതോടെ കുട്ടിയുമായി വീണ്ടും ആശുപത്രിയില്‍ എത്തി. എന്നാല്‍, കുട്ടിയെ പരിശോധിച്ചെങ്കിലും കൃത്യമായി മരുന്നു നല്‍കിയില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. മരുന്ന് കൂടിയ അളവില്‍ നല്‍കിയതിനെ തുടര്‍ന്ന് കുട്ടിയുടെ നില മോശമായെന്നുമാണ് ആരോപണം. തുടര്‍ന്ന് വെന്റിലേറ്ററില്‍ രാത്രി 8 മണിയോടെ പ്രവേശിപ്പിച്ച കുട്ടി മരണപ്പെട്ടു. വേദനസംഹാരിയായി ഇഞ്ചെക്ഷനും മൂന്ന് തവണകളായി മരുന്നും നല്‍കിയതാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്നാണ് ബന്ധുക്കളുടെ ആരോപണം.
ഒരു വര്‍ഷം മുന്‍പാണ് എയ്ലിന്റെ പിതാവ് അസുഖ ബാധിതനായി മരിച്ചത്. ഭർത്താവിന്റെ ചരമവാര്‍ഷിക ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനും, സഹോദരിയുടെ വിവാഹ നിശ്ചയ ചടങ്ങുകള്‍ക്കുമായാണ് കുട്ടിയുടെ മാതാവ് കഴിഞ്ഞ ദിവസം നാട്ടിലെത്തിയത്. ഇവര്‍ മാലിയില്‍ നഴ്സാണ്. വയറുവേദന മാറാതെ വന്നതോടെ ബീനയുടെ മാതാപിതാക്കളാണ് കുട്ടിയെ കിംസില്‍ കാണിക്കാന്‍ നിര്‍ദേശിച്ചത്.
Leave a Reply