ന്യൂസ് ഡെസ്ക്, മലയാളം യുകെ
ടേം ബ്രേക്കിന് ശേഷം രണ്ട് ദിവസം താമസിച്ച് സ്കൂളിൽ ഹാജരായതിന് അമ്മയെ കോടതിയിൽ ഹാജരാക്കി പിഴ ചുമത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. സ്റ്റോക്ക് ഓൺ ട്രെൻഡിൽ നിന്നുള്ള ഒരു സ്ത്രീക്കാണ് കോടതിയിൽ ഹാജരായി പിഴ അടയ്ക്കേണ്ടി വന്നത്. തൻറെ മകളുടെ ആരോഗ്യസ്ഥിതി മോശമായതു കൊണ്ടാണ് സ്കൂളിൽ ഹാജരാകാതിരുന്നത് എന്ന് കോടതിയിൽ വാദിച്ചെങ്കിലും ശിക്ഷ വിധിക്കുകയായിരുന്നു.
നിയമപരമായ കാരണങ്ങളാൽ പിഴ ചുമത്തപ്പെട്ട സ്ത്രീയുടെയും കുട്ടിയുടെയും പേര് വിവരങ്ങൾ വെളിപ്പെടുത്തപ്പെട്ടിട്ടില്ല. ട്രാവൽ ഏജൻസിയിലെ പ്രശ്നങ്ങൾ മൂലമാണ് കുടുംബത്തിൻറെ അവധിക്കാല യാത്ര വൈകിയതെന്ന് കുട്ടിയുടെ അമ്മ നോർത്ത് സ്റ്റാഫോർഡ്ഷയർ ജസ്റ്റിസ് സെന്ററിനോട് പറഞ്ഞു. ഇതിൻറെ ഫലമായി 2024 ജൂണിൽ ഇവരുടെ മകൾക്ക് രണ്ട് ദിവസത്തെ ക്ലാസ് നഷ്ടപ്പെട്ടിരുന്നു.
കുട്ടിയുടെ അമ്മയ്ക്ക് 60 പൗണ്ട് പിഴയാണ് ചുമത്തിയത് . തന്റെ കുട്ടി സ്ഥിരമായി സ്കൂളിൽ പോകുന്ന ആളാണെന്നും തികച്ചും അവിചാരിതമായി ആണ് സ്കൂളിൽ ഹാജരാകാതിരുന്നതെന്നും കോടതിയിൽ വാദിച്ചെങ്കിലും ഫലമുണ്ടായില്ല. ജൂൺ 5 ന് കുടുംബവുമായി ബന്ധപ്പെടാൻ സ്കൂൾ അധികൃതർ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടുവെന്നും വിളിച്ചപ്പോൾ ഒരു അന്താരാഷ്ട്ര ഡയൽ ടോൺ കേൾക്കാൻ തുടങ്ങിയെന്നും കോടതി കേട്ടു.
കുടുംബം വിദേശത്ത് ഒരു വിവാഹത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് അമ്മ ഒടുവിൽ സ്കൂളിനെ അറിയിച്ചു. പിഴയ്ക്ക് പുറമേ, അമ്മ 264 പൗണ്ട് സർചാർജും 93 പൗണ്ട് തദ്ദേശ സ്വയംഭരണ ചെലവുകളും നൽകണം.
ഓരോ വർഷവും അനധികൃതമായി സ്കൂളുകളിൽ ഹാജരാകാത്തവരുടെ നിരക്ക് കുതിച്ചുയരുന്നത് കടുത്ത ആശങ്കയാണ് വിദ്യാഭ്യാസ വിദഗ്ധരുടെ ഇടയിൽ സൃഷ്ടിച്ചിരിക്കുന്നത്. സ്കൂളുകളിൽ ഹാജരാകാത്തത് കുട്ടികളുടെ പഠനനിലവാരത്തെ പ്രതികൂലമായി ബാധിക്കും എന്നതു മാത്രമല്ല അവരുടെ സ്വഭാവ രൂപീകരണത്തെയും കാര്യമായി ബാധിക്കും എന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. മാതാപിതാക്കളുടെ അനുവാദമില്ലാതെ സ്കൂളുകളിൽ നിന്നു മുങ്ങുന്ന വിദ്യാർത്ഥികൾ പല ക്രിമിനൽ സംഘങ്ങളുടെയും മയക്കുമരുന്ന് മാഫിയകളുടെയും ചതിക്കുഴിയിൽ പെടുന്ന ദുരിത സംഭവവും കുറവല്ല. സ്കൂളുകൾക്ക് ഈ പ്രശ്നം പരിഹരിക്കുന്നതിനെ ഒട്ടേറെ പരിമിതികൾ ഉണ്ടെന്ന് അസോസിയേഷൻ ഓഫ് സ്കൂൾ ആൻഡ് കോളേജ് ലീഡേഴ്‌സിന്റെ (ASCL) ജനറൽ സെക്രട്ടറി പെപ്പെ ഡി എൻ്റെ ഇയാസിയോ പറഞ്ഞു. മാതാപിതാക്കളുടെയും അധ്യാപകരുടെയും മറ്റ് ഏജൻസികളുടെയും കൂട്ടായ പ്രവർത്തനമാണ് ഇതിനു വേണ്ടതെന്നാണ് വിദ്യാഭ്യാസരംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കുട്ടികളുടെ ഹാജർ നില മെച്ചപ്പെടുത്തുന്നതിന് പിഴ ഈടാക്കുന്ന നടപടി യുകെയിൽ നിലവിലുണ്ട്. സെപ്റ്റംബറിൽ, ഇംഗ്ലണ്ടിലെ സ്കൂൾ ഹാജർ പിഴകൾ 60 പൗണ്ടിൽ നിന്ന് 80 പൗണ്ടായി ഉയർന്നു. മൂന്ന് വർഷത്തിനുള്ളിൽ അതേ കുട്ടിക്ക് രണ്ടാമതും പിഴ ഈടാക്കുന്ന രക്ഷിതാവിന് ഇപ്പോൾ 160 പൗണ്ടാണ് പിഴ. സ്കൂൾ കോളേജ് വിദ്യാർത്ഥികളുടെ ഹാജർ മെച്ചപ്പെടുത്തുന്നതിന് വേഗത്തിൽ നടപടിയെടുക്കണമെന്ന് കഴിഞ്ഞ ആഴ്ച, വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സൺ ആഹ്വാനം ചെയ്തിരുന്നു.
Leave a Reply