ബദായുൻ: ഉത്തർപ്രദേശിലെ വനിതാ ആശുപത്രിയിൽ അണുബാധയെ തുടർന്ന് 32 പിഞ്ചുകുഞ്ഞുങ്ങൾ മരിച്ചു. ബദായുൻ ജില്ലയിലെ വനിതാ ആശുപത്രിയുടെ എസ്എൻസിയു (സിക്ക് ന്യൂബോണ്‍ കെയർ യൂണിറ്റ്) വാർഡിൽ 50 ദിവസത്തിനിടെയാണ് ഇത്രയും കുരുന്നുകൾ മരിച്ചത്. മരണങ്ങളിൽ ആശുപത്രിക്ക് ഉത്തരവാദിത്തമില്ലെന്ന് ആശുപത്രി അധികൃതർ പ്രതികരിച്ചു.
ഒരു മാസത്തിനിടെ ആശുപത്രിയിൽ കുട്ടികളെ അഡ്മിറ്റ് ചെയ്യുന്നത് ഭയങ്കരമായി വർധിച്ചു. മിക്ക അവയവങ്ങളുടെയും പ്രവർത്തനം നിലച്ച അവസ്ഥയിലാകും ഇവരെ അഡ്മിറ്റ് ചെയ്യുക. 24 മണിക്കൂറിനുള്ളിൽ കുട്ടികൾ മരിക്കുകയും ചെയ്യും. ഇതിൽ കുറച്ച് കുട്ടികളെ മാത്രമാണ് ചികിത്സിക്കാൻ കഴിഞ്ഞത്. 50 ദിവസത്തിനിടെ 32 കുട്ടികൾ മരിച്ചു. ഇവരിൽ മിക്കവരും മറ്റ് ആശുപത്രികളിൽനിന്ന് എത്തിയവരാണെന്നും ആശുപത്രി മെഡിക്കൽ സൂപ്രണ്ട് രേഖ റാണി പറഞ്ഞു.
മറ്റ് ആശുപത്രികളിൽനിന്ന് അണുബാധയുണ്ടായ നിലയിലാണ് കുട്ടികളെ പ്രവേശിപ്പിക്കുന്നതെന്നും മരണങ്ങൾക്ക് ആശുപത്രി ഉത്തരവാദികൾ അല്ലെന്നും സൂപ്രണ്ട് വാദിച്ചു. ആശുപത്രിയിൽ ഓക്സിജൻ ലഭ്യത കുറവുണ്ടെന്ന ആരോപണം സംബന്ധിച്ച ചോദ്യത്തിന് 24 മണിക്കൂറും ഇവിടെ ഓക്സിജൻ നൽകാൻ കഴിയുമെന്നായിരുന്നു ഡോക്ടറുടെ മറുപടി.
Leave a Reply