മാതൃത്വം ഈ ഭൂമിയിലെ ഏറ്റവും ശ്രേഷ്ഠമായ നാമങ്ങളില്‍ ഒന്ന്…
ഏറ്റം മഹോത്തര സ്ഥാനങ്ങളില്‍ മുമ്പില്‍…
സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും കരുതലിന്റെയും സഹനത്തിന്റെയും ആള്‍രൂപം…
കാലത്തിന്റെയോ സമയത്തിന്റെയോ നിര്‍വ്വചനങ്ങളില്‍ തളയ്ക്കപ്പെടാന്‍ കഴിയാത്ത ദിവ്യമായ യാഥാര്‍ത്ഥ്യം..

കുടുംബത്തിനും സമൂഹത്തിനും വേണ്ടി സ്വയം ഉരുകി തീരുമ്പോഴും അജയ്യമായി നില്‍ക്കുന്ന ഏറ്റവും വലിയ വൈരുദ്ധ്യത്തിന്റെ പ്രതീകമാണ് മാതൃത്വം. ഈ അവസ്ഥാന്തരങ്ങളാണ് മാതൃദിന ചിന്തകളെ സമ്പുംഷ്ടമാക്കുന്നത്.

ആവര്‍ത്തന വിരസതയുടെ പേരില്‍ മാതൃത്വത്തെ കൊട്ടിഘോഷിക്കുവാനും ശ്ലാഘിക്കുവാനും വിവരിക്കുവാനും ഞാന്‍ മുതിരുന്നില്ല. എന്നാല്‍, സ്ത്രീത്വത്തെ മാതൃത്വമാക്കുന്ന ഒരു ആത്മസാക്ഷാത്ക്കാരത്തെക്കുറിച്ച് മാത്രം സൂചിപ്പിക്കട്ടെ.

ഒരു കുടുംബത്തിന്റെ അടിസ്ഥാന ശില അമ്മയാണ്. വിവിധ തലങ്ങളിലുള്ള ബന്ധത്തെ അഭിലഷണീയമായ ബന്ധനമാകുന്ന പ്രധാന ഘടകം. അംഗീകരിക്കുവാനും ഉള്‍ക്കൊള്ളുവാനും ചേര്‍ത്ത് പിടിച്ച് സ്വയം പിന്‍പോട്ട് പോയി കുടുംബാംഗങ്ങളെ മുമ്പോട്ടു കൊണ്ടു പോകുവാനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ അവള്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ ധാരാളമാണ്.

ഈ പ്രവാസ ജീവിതത്തില്‍ സുരക്ഷിതത്തിന്റെ ഒരു പുകമറയിലാണ് നമ്മുടെ കുടുംബങ്ങള്‍
ഇപ്പോഴുള്ളതെന്ന് വേദനയോടെ പറയാതെ വയ്യ. തലമുറകള്‍ തമ്മിലുള്ള വിടവ് ഏറ്റം പ്രകടം. സ്വന്തം അസ്ഥിത്വം തിരിച്ചറിയാന്‍ വിഷമിക്കുന്ന ഒരു പുതു തലമുറയെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വിഷമിക്കുന്ന അതി ഭീതിദയമായ അവസ്ഥ.
കള്‍ച്ചറല്‍ ഷോക്കിന് നിരന്തരം വിധേയമാകുന്ന കുടുംബത്തിന്റെ സന്തുലിതാവസ്ഥ താളം തെറ്റുമ്പോള്‍ സമചിത്തത നിലനിര്‍ത്താനുള്ള ഒരു കാലഘട്ടത്തിന്റെ ചുമതലയും ഭാരവുമാണ് അമ്മമാരില്‍ നിക്ഷിപ്തമായിരിക്കുന്നത്.

വളരെ ചെറിയ ഇടപെടലുകള്‍ ഞാന്‍ ഈ സമൂഹത്തില്‍ നടത്തുന്നതിനാല്‍ എത്രയോ അഗ്‌നിപര്‍വ്വത സമാന കുടുംബങ്ങളെ കാണുവാന്‍ എനിക്ക് ഇടവരുന്നുണ്ട്. കുടുംബത്തിന്റെ ശാക്തീക ചേരികളില്‍ പാരമ്പര്യം മല്ലടിക്കുമ്പോഴും തിരിക്കല്ലില്‍ നുറുങ്ങുന്ന ധാന്യമണികള്‍ പോലെ നിസ്സഹായതയിലും വേദനയിലും തകരുന്ന അമ്മമാരെ കാണാറുണ്ട്. ഇവിടെ തോല്‍ക്കുന്നത് മാതൃത്വമാണ്. അത് സംഭവിച്ചുകൂടാ. അങ്ങനെ അല്ലെങ്കില്‍ കുടുംബം തകരും. സമൂഹം തകരും. ഇത്തരുണത്തില്‍ ഒരമ്മയ്ക്കു മാത്രം ചെയ്യാന്‍ സാധിക്കുന്ന ഒരു ഘടകമുണ്ട്. പുതു തലമുറയിലെ മക്കളെ മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും കഴിയണം. സ്‌പെയിസും സമയവും നല്‍കണം. അവരുടെ നേട്ടങ്ങളേക്കാളുപരി കോട്ടങ്ങള്‍ ഉള്‍ക്കൊണ്ട് അവരെ അംഗീകരിച്ച് അണച്ചുപിടിച്ച് മുറിഞ്ഞുപോയ കണ്ണികള്‍ വിളക്കിയെടുക്കണം. തേഞ്ഞു പോകുന്ന തലങ്ങള്‍ ബലപ്പെടുത്തണം.

വായനയില്‍ അറിഞ്ഞ ഒരു വേറിട്ട ചിന്തകൂടി പങ്ക് വെയ്ക്കട്ടെ. മാതൃത്വത്തിന് ആര് ആരോടാണ് കടപ്പെട്ടിരിക്കുന്നത്? ‘പത്ത് മാസം പെറ്റു വളര്‍ത്തിയ’ അമ്മമാരോട് മക്കളോ, അതോ സ്ത്രീത്വത്തെ മാതൃത്വമാക്കി പരിണാമപ്പെടുത്തിയ മക്കളോട് അമ്മമാരോ? (കടപ്പാട്. Fr. Boby Jose Kattikad) ഈ യാഥാര്‍ത്യം തിരിച്ചറിഞ്ഞാല്‍ മാതൃത്വത്തിന്റെ സമ്പൂര്‍ണ്ണമായ സാക്ഷാത്കാരം സാധ്യമാകും.

ചുരുക്കിപ്പറഞ്ഞാല്‍ ‘അമ്മ’ സ്വന്തം സ്വത്വം സമഗ്രതയില്‍ തിരിച്ചറിയണം. സഹയാത്രികരായ എല്ലാ അമ്മമാര്‍ക്കും മാതൃദിനത്തിന്റെ സ്‌നേഹാശംസകള്‍.

 

ജോളി മാത്യൂ

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വിമന്‍സ് ഫോറം സ്ഥാപക പ്രസിഡന്റ്, രൂപതയുടെ അഡ്‌ഹോക് പാസ്റ്ററല്‍ കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി, നോര്‍ത്ത് കുമ്പ്രിയാ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ അഡ്വാന്‍സ് ക്ലിനിക്കല്‍ പ്രാക്ടീഷ്യനര്‍, C C ഗ്ലോബല്‍ മെഡിക്കല്‍ കൗണ്‍സില്‍ മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. യുകെയില്‍ നോര്‍ത്ത് അലേര്‍ട്ടണിലാണ് താമസം. ഭര്‍ത്താവ് മാത്യൂ ജോണ്‍. ഡിയോസ, ഡാനിയേല്‍ എന്നിവര്‍ മക്കളാണ്.