ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
ഇന്ന് മാർച്ച് 14, മാർച്ചിലെ രണ്ടാം ഞായറാഴ്ച ആയ ഇന്നാണ് യുകെ യിൽ മദേഴ്സ് ഡേ ആഘോഷിക്കുന്നത്. മതപരമായ പ്രാധാന്യം കൂടി ഉൾക്കൊള്ളുന്നത് കൊണ്ട് മദറിങ് സൺഡേ എന്നും ഈ ദിനത്തെ അറിയപ്പെടുന്നു.
എല്ലാ പ്രത്യേക ദിനങ്ങളെയും പോലെ മദേഴ്സ് ഡേയും വാണിജ്യവൽക്കരിക്കപ്പെട്ട് കഴിഞ്ഞു. അമ്മമാരോടും മാതൃ സ്ഥാനീയനായ വ്യക്തികളോടും മക്കൾക്കുള്ള സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കാനും സമ്മാനങ്ങൾ കൊണ്ട് മൂടാനുമുള്ള ദിവസമാണിന്ന്. എങ്കിലും ഈ ദിനത്തെ സംബന്ധിച്ച് ഇപ്പോഴും എല്ലാവരിലും ഉദിക്കുന്ന ഒരു സംശയമുണ്ട് ” എന്തുകൊണ്ടാണ് മദേഴ്സ് ഡേ ആചരിക്കാൻ എല്ലാ കൊല്ലവും കൃത്യമായ ഒരു തീയതി ഇല്ലാത്തത്? “ഇക്കുറി മറ്റു രാജ്യങ്ങളിൽ മെയ് പത്തിനും മറ്റും മാതൃദിനം ആചരിക്കുമ്പോൾ യുകെയിൽ ഇത് ആഘോഷിക്കുന്നത് ലെൻറ് കാലക്രമപ്രകാരമുള്ള നാലാം ഞായറാഴ്ചയാണ്. ലൂണാർ കലണ്ടർ പ്രകാരം, ( ചാന്ദ്ര കലണ്ടർ) ഈ ദിനം വർഷാവർഷം മാറി വരും. ഈസ്റ്ററുമായി ബന്ധപ്പെട്ട ആചാരമാണിത്. ഈസ്റ്ററിന് മുന്നോടിയായി ചില ഭക്ഷണസാധനങ്ങൾ ഉപേക്ഷിക്കുകയും മോശം ശീലങ്ങൾ നിർത്തുകയും ചെയ്യുന്ന സമയമാണിത്. യുഎസ് പോലെയുള്ള രാജ്യങ്ങളിൽ മാതൃദിനം മെയിലെ രണ്ടാം ഞായറാഴ്ചയാണ് ആചരിച്ചുവരുന്നത്. അന്ന് ഗവൺമെന്റ് പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
” പോരാളികൾ” എന്നാണ് അമ്മമാരെ പൊതുവേ അറിയപ്പെടുന്നത്. ഒരു ജീവിതകാലം മുഴുവൻ കുടുംബത്തിനും മക്കൾക്കും വേണ്ടി അഹോരാത്രം പണിയെടുക്കുകയും, മകളുടെ ആദ്യ ഗുരുവായി, ഒന്ന് ചുമച്ചാൽ, ശരീരം ഒന്ന് മുറിഞ്ഞാൽ ഓടിയെത്തുന്ന നേഴ്സായി, പനിക്കിടക്കയിൽ ഉറങ്ങാതെ കൂട്ടിരിക്കുന്ന ഡോക്ടർ ആയി, പാകമാവാത്ത ഉടുപ്പുകളെ സ്നേഹത്തോടെ അഴിച്ചും തുന്നിയും തരുന്ന ടൈലർ ആയി, ചോദിക്കുന്ന ഭക്ഷണം മിക്കപ്പോഴും ഞൊടിയിടയിൽ ഉണ്ടാക്കിത്തരുന്ന കുക്ക് ആയി, ഒരൽപം കൂടി അതിശയോക്തി കലർത്തി പറഞ്ഞാൽ എന്താവശ്യത്തിനും വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ജീനി ആയി ഒരമ്മ എല്ലാ കുടുംബത്തിലും ഉണ്ടാവും. അതുകൊണ്ടാവണമല്ലോ അമ്മ മരിച്ചതിനുശേഷം പോലും ഒരാളിന്റെ കാലൊന്ന് ഇടറിയാലോ ചെറു നോവ് അനുഭവിച്ചാലോ അറിയാതെ പോലും ” അമ്മേ ” എന്ന് നിലവിളിച്ചു പോകുന്നത്. അവർക്കായുള്ള ദിനത്തിന് പ്രാധാന്യം കൂടുന്നതും അതുകൊണ്ടുതന്നെ ആയിരിക്കണം.
യുകെയിലെ മാതൃദിനം മതപരമായി പ്രാധാന്യം കൽപ്പിക്കപ്പെടുന്നുണ്ടെങ്കിലും പഴയതിനെ അപേക്ഷിച്ച് ഇപ്പോൾ പള്ളികളിൽ ആചാരാനുഷ്ഠാനങ്ങൾ കുറവാണ്. അതിനാൽ ഈ ദിനം ഒരു ഫാമിലി ഡേ ആയി ആചരിച്ചുവരുന്നു.
Leave a Reply