എന്‍എച്ച്എസ് ഫണ്ടിനായി ഫ്യുവല്‍ ഡ്യൂട്ടി വര്‍ദ്ധിപ്പിക്കുമെന്ന സൂചന നല്‍കി ചാന്‍സലര്‍. ഒരു ദശാബ്ദത്തിനിടെ ആദ്യമായാണ് ഇന്ധന ഡ്യൂട്ടിയില്‍ വര്‍ദ്ധന വരുത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇത് വാഹന ഉടമകളില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. പ്രതിസന്ധിയെ നേരിടുന്ന എന്‍എച്ച്എസിന് സാമ്പത്തിക സഹായം നല്‍കണമെങ്കില്‍ കൂടുതല്‍ പണം കണ്ടെത്തേണ്ടതുണ്ട്. ഇതിനായി ഈ വര്‍ഷം അവതരിപ്പിക്കാനിരിക്കുന്ന ബജറ്റില്‍ പെട്രോളിന്റെയും ഡീസലിന്റെയും നികുതി വര്‍ദ്ധിപ്പിച്ചേക്കുമെന്ന് ഫിലിപ്പ് ഹാമണ്ട് എംപിമാര്‍ക്ക് സൂചന നല്‍കി. ഫ്യൂവല്‍ ഡ്യൂട്ടി മരവിപ്പിച്ച നടപടിയെ പിന്താങ്ങുന്ന ട്രഷറി അനാലിസിസ് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഹാമണ്ട് വ്യക്തമാക്കി.
2011 മുതല്‍ നിലവിലുള്ള ഫ്യുവല്‍ ഡ്യൂട്ടി ഫ്രീസ് ഇനിയും തുടര്‍ന്നാല്‍ 38 ബില്യന്‍ പൗണ്ടിന്റെ റവന്യൂ നഷ്ടമാകുമെന്ന് കണ്‍സര്‍വേറ്റീവ് എംപിമാര്‍ ഇതേക്കുറിച്ച് ഉന്നയിച്ച ആശങ്കകള്‍ക്ക് മറുപടിയായി ഹാമണ്ട് പറഞ്ഞു. ഓരോ വര്‍ഷവും എന്‍എച്ച്എസില്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമായി ചെലവഴിക്കുന്ന തുകയുടെ ഇരട്ടിയാണ് ഈ തുകയെന്നും ഹാമണ്ട് പറഞ്ഞു. അതേസമയം ഫ്യൂവല്‍ ഡ്യൂട്ടി വര്‍ദ്ധിപ്പിക്കുന്നത് ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതം സൃഷ്ടിക്കുമെന്ന് ക്യാംപെയിന്‍ ഗ്രൂപ്പുകള്‍ പറയുന്നു. ഭക്ഷ്യവില വര്‍ദ്ധിക്കുകയും ഗതാഗതച്ചെലവ് ഉയരുകയും ചെയ്യും. ഇത് സമ്പദ് വ്യവസ്ഥയുടെ സമസ്ത മേഖലയെയും ബാധിക്കും. ഇപ്പോള്‍ത്തന്നെ താളം തെറ്റിയിരിക്കുന്ന സാധാരണക്കാരുടെ കുടുംബ ബജറ്റുകള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങാനേ ഈ നീക്കം ഉപകരിക്കൂവെന്നും ഗ്രൂപ്പുകള്‍ വ്യക്തമാക്കുന്നു.
രാജ്യത്തെ ഹൗസ്‌ഹോള്‍ഡ് ബജറ്റുകള്‍ക്ക് വന്‍ പ്രഹരമായിരിക്കും ഇത് ഏല്‍പ്പിക്കുകയെന്ന് ഓട്ടോമൊബൈല്‍ അസോസിയേഷന്‍ റോഡ്‌സ് പോളിസി തലവന്‍ ജാക്ക് കൗസന്‍സ് പറഞ്ഞു. രാജ്യത്തേക്ക് എത്തുന്ന ചരക്കുകളില്‍ 75 ശതമാനവും റോഡ് മാര്‍ഗ്ഗമാണ് കൊണ്ടുവരുന്നത്. ഇന്ധന നികുതി വര്‍ദ്ധിച്ചാല്‍ ഗതാഗതത്തിനുള്ള ചെലവ് ഉയരുകയും അത് സാധനങ്ങളുടെ വിലയില്‍ പ്രതിഫലിക്കുകയും ചെയ്യും. വാഹന ഉടമകളെ പണം പിഴിയാനുള്ള മാര്‍ഗ്ഗമായാണ് ഗവണ്‍മെന്റ് കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Leave a Reply