ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ഇംഗ്ലണ്ടിലും വെയിൽസിലും അബോർഷൻ ക്ലിനിക്കുകൾക്ക് ചുറ്റും ബഫർ സോണുകൾ ഏർപ്പെടുത്താനുള്ള നിയമത്തെ എംപിമാർ പിന്തുണച്ചിരിക്കുകയാണ്. ഈ നിയമപ്രകാരം, അബോർഷൻ ക്ലിനിക്കുകളിൽ എത്തുന്ന ഏതെങ്കിലും സ്ത്രീയെ ഉപദ്രവിക്കുകയോ, തടസ്സപ്പെടുത്തുകയോ ചെയ്യുന്നത് ക്രിമിനൽ കുറ്റമായി മാറും. അബോർഷൻ ക്ലിനിക്കുകൾക്ക് ചുറ്റുമുള്ള 150 മീറ്ററാണ് ബഫർ സോണുകളായി പ്രഖ്യാപിക്കുവാൻ തീരുമാനിച്ചിരിക്കുന്നത്. പുതിയ നിയമപ്രകാരം, ക്ലിനിക്കുകൾക്ക് ചുറ്റുമുള്ള ബഫർ സോണുകൾ ലംഘിക്കുന്ന പ്രതിഷേധക്കാർക്ക് ആറുമാസം വരെ തടവു ശിക്ഷ ലഭിക്കും. ഇത്തരം നിർദ്ദേശങ്ങൾ അബോർഷനെക്കുറിച്ചുള്ള അഭിപ്രായ സ്വാതന്ത്ര്യത്തെ തടയാനോ, ആളുകൾ പ്രതിഷേധിക്കുന്നത് തടയാനോ അല്ല, മറിച്ച് ഈ സേവനം ഉപയോഗപ്പെടുത്തുന്ന സ്ത്രീകൾക്ക് മേൽ ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാനാണെന്ന് പുതിയ നിയമങ്ങൾ നിർദ്ദേശിച്ച ലേബർ പാർട്ടി എംപി സ്റ്റെല്ല ക്രീസി വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സമീപ വർഷങ്ങളിൽ ക്ലിനിക്കുകൾക്ക് പുറത്തുള്ള അബോർഷൻ വിരുദ്ധ പ്രതിഷേധങ്ങളിൽ, ഗർഭപിണ്ഡങ്ങളുടെ ഗ്രാഫിക് ചിത്രങ്ങൾ പ്രദർശിപ്പിക്കുക, സ്ത്രീകളെയും ജീവനക്കാരെയും ചിത്രീകരിക്കുക, വലിയ സമ്മേളനങ്ങൾ നടത്തി ഗാനങ്ങൾ ആലപിക്കുക എന്നിവയെല്ലാം പ്രതിഷേധക്കാർ സംഘടിപ്പിക്കുന്നുണ്ട്. ചില പ്രതിഷേധക്കാർ ക്ലിനിക്ക് പ്രവേശന കവാടങ്ങൾക്ക് ചുറ്റും കുഞ്ഞുങ്ങളുടെ വസ്ത്രങ്ങൾ തൂക്കിയിടുകയും, ക്ലിനിക്കുകളിൽ പ്രവേശിക്കുന്ന സ്ത്രീകളെ കൊലപാതകികൾ എന്ന് വിളിക്കുകയും ചെയ്യുന്ന പ്രവണത കണ്ടുവരുന്നതായി ബ്രിട്ടീഷ് പ്രെഗ്നൻസി അഡ്വൈസറി സർവീസ് വ്യക്തമാക്കി.

ഗവൺമെന്റിന്റെ പബ്ലിക് ഓർഡർ ബില്ലിലെ ഭേദഗതി എംപിമാർ 110 നെതിരെ 297 വോട്ടുകൾക്കാണ് അംഗീകരിച്ചത്. മുൻ പ്രധാനമന്ത്രി തെരേസ മേ, കോമൺസ് നേതാവ് പെന്നി മോർഡൗണ്ട് എന്നിവരും ബഫർ സോണുകളെ പിന്തുണച്ചവരിൽ ഉൾപ്പെടുന്നു. ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാനും ക്യാബിനറ്റ് മന്ത്രിമാരായ ജേക്കബ് റീസ്-മോഗും കെമി ബാഡെനോക്കും ബില്ലിനെ എതിർത്ത് വോട്ട് ചെയ്തു. ഹൗസ് ഓഫ് ലോർഡ്‌സിലെ സൂക്ഷ്മപരിശോധന ഉൾപ്പെടെ നിയമമാകുന്നതിന് മുമ്പ് ബില്ലിന് ഇനിയും നിരവധി ഘട്ടങ്ങളുണ്ട്. ഗർഭച്ഛിദ്ര സേവനങ്ങളിൽ പങ്കെടുക്കുന്നവരെ എന്തെങ്കിലും മാർഗങ്ങൾ ഉപയോഗിച്ച് സ്വാധീനിക്കുകയോ തടസ്സപ്പെടുത്തുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നതിനെ ബിൽ നിരോധിക്കും. സ്കോട്ട്ലൻഡിലും സമാനമായ നിയമനിർമ്മാണം നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.