ന്യൂസ് ഡെസ്ക്, മലയാളം യുകെ

നിലവിൽ 15 വയസ്സോ അതിൽ താഴെയോ പ്രായമുള്ള ആരും പുകയില ഉൽപന്നങ്ങൾ വാങ്ങുന്നത് നിയമവിരുദ്ധമാക്കാനുള്ള പദ്ധതികളെ എംപിമാർ പിന്തുണച്ചു. നേരത്തെ മുൻ പ്രധാനമന്ത്രി ഋഷി സുനകിന്റെ സർക്കാരാണ് ആദ്യമായി ഈ ആശയം മുന്നോട്ട് വെച്ചത്. എന്നാൽ പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് തുടർ നടപടികളുമായി മുന്നോട്ട് പോകാൻ മുൻ സർക്കാരിന് കഴിഞ്ഞില്ല. തുടർന്ന് ലേബർ പാർട്ടി അധികാരത്തിൽ എത്തിയതിനു ശേഷം ഇത് വീണ്ടും പൊടിതട്ടി എടുക്കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇന്നലെ പുതിയ ടുബാക്കോ ആൻഡ് വേപ്സ് ബിൽ 47നെതിരെ 415 വോട്ടുകൾക്കാണ് പാസ്സാക്കിയത്. എന്നാൽ ചില ടോറി , ലിബറൽ ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങൾ ഇത് പൗരാവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന ആശങ്ക ഉന്നയിച്ചു. പാർലമെൻറിൽ പാസായ ബിൽ എംപിമാരിൽ നിന്നും മറ്റ് വിദഗ്ധരിൽ നിന്നും കൂടുതൽ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുമെങ്കിലും നിയമമാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. സർക്കാർ അവതരിപ്പിച്ച ബില്ലിൽ സ്വതന്ത്ര വോട്ട് ചെയ്യാൻ കൺസർവേറ്റീവ്, ലിബറൽ ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങളെ അനുവദിച്ചിരുന്നു. കൺസർവേറ്റീവ് നേതാവ് കെമി ബാഡെനോക്ക്, മുൻ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ എന്നിവർ ബില്ലിനെതിരെ വോട്ട് ചെയ്തപ്പോൾ ടോറി എംപിമാരിൽ ഭൂരിപക്ഷം പേരും ബില്ലിനെ പിൻതുണച്ചു.


ഏറ്റവും മഹത്തായ പൊതുജനാരോഗ്യ ഇടപെടലായാണ് ബില്ലിനെ ആരോഗ്യവിദഗ്ധർ കാണുന്നത്. അടുത്ത അഞ്ച് വർഷ കാലം കൊണ്ട് പുകവലി മൂലമുള്ള ക്യാൻസർ ബാധിതരുടെ എണ്ണത്തിൽ വൻ കുതിച്ചു കയറ്റം ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു . ഈ കാലയളവിൽ ഏകദേശം 3 ലക്ഷം ബ്രിട്ടീഷുകാർ രോഗബാധിതരാകുമെന്ന ഞെട്ടിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പുകവലി നിരോധിക്കുന്ന ആദ്യത്തെ രാജ്യമായി യുകെ മാറാനുള്ള പദ്ധതികളെ പിന്തുണയ്ക്കാൻ എംപിമാരുടെ മേൽ ശക്തമായ സമ്മർദ്ദ നീക്കമുണ്ടായിരുന്നു . പുകവലി പൂർണമായും നിരോധിക്കുന്നത് ക്യാൻസറിനെ കൂടാതെ ജന്മ വൈകല്യങ്ങളും, ആസ്ത്മയും , സ്ട്രോക്ക്, ഹൃദ്രോഗം, ഡിമെൻഷ്യ തുടങ്ങിയ രോഗങ്ങളും കുറയുന്നതിന് സഹായിക്കുമെന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫ ക്രിസ് വിറ്റി പറഞ്ഞു. പുകയില ഉത്പന്നങ്ങൾ മേടിക്കുന്നതിനുള്ള പ്രായം ക്രമേണ ഉയർത്തി കൊണ്ടു വരുന്നത് ആദ്യത്തെ പുകവലി രഹിത തലമുറയും രാജ്യവുമായി മാറാൻ യുകെയെ സഹായിക്കുമെന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു.