കൊല്‍ക്കത്ത: വിഖ്യാത ബംഗാളി സിനിമാ സംവിധായകന്‍ മൃണാള്‍ സെന്‍ അന്തരിച്ചു. 95 വയസ്സായിരുന്നു. രാവിലെ 10.30 ഓടെയാണ് മരണം സംഭവിച്ചത്. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ത്യന്‍ നവതരംഗ സിനിമയ്ക്ക് ഏറെ സംഭാവനകള്‍ ചെയ്ത വ്യക്തിയാണ് അദ്ദേഹം. ദാദാ സാഹേബ് ഫാല്‍കെ അവാര്‍ഡ് ജേതാവായ അദ്ദേഹത്തെ രാജ്യം പദ്മഭൂഷന്‍ നല്‍കി ആദരിച്ചിരുന്നു.
ഇന്ത്യന്‍ സിനിമയില്‍ തന്നെ മാറ്റം വരുത്തിയ ഭുവന്‍ഷോം ആണ് അദ്ദേഹത്തെ അന്താരാഷ്ട്ര തലത്തിലേക്ക് തന്നെ ഉയര്‍ത്തിയ ചിത്രം. മൃഗയ, ഏക് ദിന്‍ പ്രതിദിന്‍ എന്നീ ചിത്രങ്ങള്‍ ലോക ശ്രദ്ധ നേടി. ഇന്ത്യന്‍ സമാന്തര സിനിമയുടെ വക്താവെന്നാണ് മൃണാള്‍സെന്‍ അറിയപ്പെട്ടത്. സത്യജിത് റേ, ഋത്വിക് ഘട്ടക് എന്നിവരുടെ സമകാലികന്‍ കൂടിയായിരുന്നു മൃണാള്‍ സെന്‍.
1923 മേയ് 14ന് കിഴക്കൻ ബംഗാളിലെ ഫെരിദ്പൂരിൽ ജനനം. കൽക്കത്ത യൂണിവേഴ്സിറ്റിയിൽ ഊർജ്ജതന്ത്രത്തിൽ ബിരുദം. പത്രപ്രവർത്തകനായും മെഡിക്കൽ റപ്രസന്റേറ്റീവായും, കൽക്കട്ട ഫിലിം സ്റ്റുഡിയോയിൽ ഓഡിയോ ടെക്നീഷ്യനായും ജോലി ചെയ്തു. ഇന്ത്യൻ പീപ്പിൾസ് തിയ്യറ്റർ അസോസിയേഷനുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. നാല്‌പതുകളിലെ ബംഗാൾ ക്ഷാമവും, രവീന്ദ്രനാഥ ടാഗോറിന്റെ അന്ത്യനിമിഷങ്ങളും മൃണാൾസെന്നിനെ പിടിച്ചുലച്ചു.
തന്റെ നീണ്ട സിനിമാ ജീവിതത്തിൽ 27 ഫീച്ചർ ചിത്രങ്ങൾ, 14 ലഘുചിത്രങ്ങൾ, 5 ഡോക്യുമെന്ററികൾ സംവിധാനം ചെയ്തു. മികച്ച സംവിധാനത്തിനും തിരക്കഥയ്ക്കും ദേശീയ അവാർഡുകളും കാൻ, വെനീസ്, ബർലിൻ, മോസ്കോ, കെയ്റോ, ഷിക്കാഗോ, മോൺട്രിയൽ തുടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പുരസ്കാരങ്ങളും ലഭിച്ചു. നിരവധി വിദേശ ചലച്ചിത്രമേളകളിൽ ജൂറിയായി പ്രവർത്തിച്ചു. 1981–ൽ പത്മഭൂഷനും 2005–ൽ ദാദാ സാഹബ് ഫാൽകേ പുരസ്കാരവും നൽകി ആദരിക്കപ്പെട്ടു. 1998 മുതൽ 2003 വരെ പാർലമെന്റിൽ നാമനിർദേശം ചെയ്യപ്പെട്ട അംഗമായിരുന്നു. ഫ്രാൻസ് കമാന്ത്യൂർ ദ് ലോദ്ര് ദ ആർ ഏ ലാത്ര് പുരസ്കാരവും റഷ്യ ഓർഡർ ഓഫ് ഫ്രണ്ട്ഷിപ് പുരസ്കാരവും നൽകി ആദരിച്ചിട്ടുണ്ട്. വിവിധ സർവ്വകലാശാലകൾ ഹോണററി ഡോക്ടറേറ്റ് ബിരുദവും നൽകിയിട്ടുണ്ട്.
സംഘര്‍ഷഭരിതവും പ്രക്ഷുബ്ധവുമായ കല്‍ക്കത്തയുടെ മനസ്സ് വെളിപ്പെടുന്നവയാണ് സെന്നിന്റെ ആദ്യകാല പടങ്ങള്‍. അവയില്‍തന്നെ കല്‍ക്കത്ത 71, കോറസ്സ്, പഥാദിക്ക് എന്നിവ വേറിട്ടു നില്‍ക്കുന്നവയാണ്. മുദ്രാവാക്യ ചിത്രങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്ത അക്കാലത്തെ പടങ്ങളില്‍നിന്ന് കൂടുതല്‍ സാംഗത്യവും കെട്ടുറപ്പും രൂപഭദ്രതയുമുള്ള രചനകളിലേക്കുള്ള മാറ്റത്തെക്കുറിച്ച് സെന്‍ പറഞ്ഞത് ”ശത്രുവിനെ ഞാന്‍ എന്റെ ഉള്ളില്‍ തന്നെ തിരയുന്നു” എന്നാണ്. ഖരീജ്, ഏക്ദിന്‍ പ്രതിദിന്‍, ഖാണ്ഡാര്‍, ഏക് ദിന്‍ അചാനക് തുടങ്ങിയവ രചനകള്‍ സൗഷ്ഠവവും ആശയ സമ്പന്നതയും രാഷ്ട്രീയ നിലപാടും ഒത്തുചേര്‍ന്നവയാണ്. ഒരിക്കല്‍ സെന്‍ പറഞ്ഞു. ”എവരി ആര്‍ട്ട് ഇസ് പ്രൊപ്പഗാന്റ ബട്ട് എവരി പ്രൊപ്പഗാന്റ ഈസ് നോട്ട് ആര്‍ട്ട്” അതുപോലെ. ”എല്ലാ സിനിമയിലും രാഷ്ട്രീയമുണ്ട്. ചിലത് പ്രതിലോമകരമാണെന്നുമാത്രം”. സിനിമയെകുറിച്ചായാലും രാഷ്ട്രീയത്തെകുറിച്ചായാലും അഭിപ്രായം വെട്ടിതുറന്നു പറയുന്ന സ്വഭാവമാണ് മൃണാള്‍ സെന്നിന്റേത്. എമര്‍ജന്‍സിയെ ശക്തമായി വിമര്‍ശിക്കുകയും എതിര്‍ക്കുകയും ചെയ്ത സംവിധായകനാണ് അദ്ദേഹം.
ബംഗാളിയില്‍ കൂടാതെ ഹിന്ദിയിലും (ഭുവന്‍ഷോം, മൃഗയ) ഒറിയയിലും (മതീര്‍ മനിഷ), തെലുങ്കിലും (ഒക ഉരി കഥ) പടങ്ങള്‍ സംവിധാനം ചെയ്ത സെന്‍ മലയാളത്തിലും ഒരു സിനിമ സാക്ഷാത്ക്കരിക്കേണ്ടതായിരുന്നു. കൈയ്യൂരിന്റെകഥ എന്നപടത്തിന്റെ ചര്‍ച്ചകള്‍ക്കായി മൃണാള്‍ സെന്‍ കേരളത്തിലെത്തിയിരുന്നു. എന്തുകൊണ്ടോ ആ പ്രോജക്ട് ഉപേക്ഷിക്കപ്പെടുകയാണുണ്ടായത്. സെന്നിന്റെ മൃഗയയിലെ അഭിനത്തിനാണ് മിഥുന്‍ ചക്രവര്‍ത്തിക്ക് മികച്ച നടനുള്ള ദേശിയ പുരസ്‌കാരം ലഭിച്ചത്. സത്യജിത്ത് റെയെപോലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം സെന്‍ അഞ്ച് തവണ നേടിയിട്ടുണ്ട്. 80 കഴിഞ്ഞിട്ടും സെന്‍ പടം ചെയ്തിരുന്നു. അവസാന രചനകളില്‍ ഏറെ ശ്രദ്ധേയമായ പടങ്ങളിലൊന്നാണ് ലോക രാഷ്ട്രീയം ചര്‍ച്ചചെയ്യുന്ന അമര്‍ ഭുവന്‍.
മൃണാള്‍ സെന്നിന്റെ ഭുവന്‍ഷോം വെനീസ് രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ഗോള്‍ഡന്‍ ലയണ്‍ നേടിയതോടെയാണ്. അദ്ദേഹം ലോകസിനിമാരംഗത്ത് ശ്രദ്ധേയനായത്. പിന്നീട് കാന്‍, ബെര്‍ലിന്‍, കാര്‍ലോവിവാരി തുടങ്ങിയ മേളകളിലെ പുരസ്‌കാരങ്ങളും സെന്നിനെ തേടിയെത്തി. കാന്‍, ബെര്‍ലിന്‍ തുടങ്ങിയ മേളകളില്‍ അദ്ദേഹം ജ്യൂറി അംഗവുമായിരുന്നു.
Leave a Reply