ലണ്ടനില്‍: കണക്കില്‍ ഏറ്റവും വിലമതിക്കുന്ന അക്കത്തിന് യാതൊരു മൂല്യവുമില്ലെന്ന വസ്തുത ഏവര്‍ക്കും അറിവുള്ളതാണ്. പൂജ്യം ആണ് ആ അക്കം. ഇന്നത്തെ ഡിജിറ്റല്‍ യുഗത്തിലും പൂജ്യമാണ് അടിസ്ഥാനം എന്ന് അറിയുമ്പോളാണ് ഇതിന്റെ മഹത്വത്തേക്കുറിച്ച് വ്യക്തമാകുക.ഈ മഹത്തായ സംഖ്യയെ ഗണിതത്തിന് സംഭാവന ചെയ്തത് ഇന്ത്യയാണെന്നത് നമുക്ക് എക്കാലത്തും അഭിമാനിക്കാനും വക നല്‍കുന്നു. ഇത് കേവലം അവകാശവാദം മാത്രമല്ല. കണക്കുകൂട്ടലുകളില്‍ പൂജ്യം രേഖപ്പെടുത്തിയിരിക്കുന്നതായി കണ്ടെത്തിയ ഏറ്റവും പഴയ രേഖ എഴുതിയിരിക്കുന്നത് സംസ്‌കൃത ലിപിയിലാണ്. ഇപ്പോള്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ബോദലെയ്ന്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിരിക്കുന്ന ബക്ഷലി ലിഖിതമാണ് ആ രേഖ.
പൂവരശിന്റെ തൊലിയില്‍ നിര്‍മിച്ച 70ഓളം താളുകളിലായാണ് ഈ ലിഖിതങ്ങള്‍ കണ്ടെത്തിയത്. 1881ലാണ് ഈ ലിഖിതം കണ്ടെത്തിയത്. ഇപ്പോള്‍ പാകിസ്ഥാനിലുള്ള പെഷവാറിലെ ബക്ഷലി എന്ന പ്രദേശത്തു നിന്നാണ് ഇത് ലഭിച്ചത്. 1902ല്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ എത്തിയ ഇത് 3-ാം നൂറ്റാണ്ടിലേതാണെന്ന് കാര്‍ബണ്‍ ഡേറ്റിംഗില്‍ വ്യക്തമായി. മുമ്പ് കരുതിയതിനേക്കാള്‍ 500 വര്‍ഷം കൂടി ഇതിന് പഴക്കമുണ്ടെന്നാണ് വ്യക്തമായത്. പൂജ്യം രേഖപ്പെടുത്തിയതായി ലോകത്ത് കണ്ടെത്തിയ ഏറ്റവും പഴയ രേഖയാണ് ഇതെന്ന് പുതിയ പരിശോധന സ്ഥിരീകരിക്കുന്നു.
സംസ്‌കൃതത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഈ രേഖ പറയുന്നത് പുരാതന സില്‍ക്ക് റോഡിലെ വ്യാപാരികളെ പരിശീലിപ്പിച്ചിരുന്ന പാഠങ്ങളാണ് ഇതെന്നാണ്. ചില ഗണിത പ്രശ്‌നങ്ങളും ആള്‍ജിബ്ര സമവാക്യങ്ങളും ഇതില്‍ നിന്ന് കണ്ടെടുക്കാനായെന്ന് ഗവേഷകര്‍ പറയുന്നു. എന്നാല്‍ ഇതില്‍ ഒറ്റയ്ക്ക് വ്യക്തിത്വമുള്ള സംഖ്യയായല്ല പൂജ്യത്തെ ചിത്രീകരിച്ചിരിക്കുന്നത്. 101 എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ഇത് പത്തിനു ശേഷമുള്ള 11 എന്ന സംഖ്യയല്ലെന്ന് വ്യക്തമാക്കാനാണ്.
Leave a Reply