കോഴിക്കോട് എന്‍ഐടിയില്‍ ക്വാര്‍ട്ടേഴ്‌സില്‍ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച സംഭവത്തില്‍ ഞെട്ടല്‍. മുക്കത്തെ എന്‍ഐടി സിവില്‍ എന്‍ജിനിയറിങ് വിഭാഗം ടെക്നിഷ്യനും കൊല്ലം കരുനാഗപ്പള്ളി സ്വദേശിയുമായ അജയകുമാര്‍ (55) ആണ് ഭാര്യ ലിനി (45)യെ കൊലപ്പെടുത്തി തീ കൊളുത്തി മരിച്ചത്. അച്ഛന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച് തീകൊളുത്തിയതിനെ തുടര്‍ന്ന് പൊള്ളലേറ്റ മകന്‍ ആര്‍ജിത്ത് (13) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കോഴിക്കോട് എന്‍ഐ.ിയിലെ ജി-29 എ ക്വാര്‍ട്ടേഴ്സില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു നടുക്കിയ സംഭവമുണ്ടായത്. പുലര്‍ച്ചെ അമ്മയുടെ കരച്ചിലും ഞെരക്കവും കേട്ട് ഉണര്‍ന്നപ്പോള്‍ അച്ഛന്‍ തലയണകൊണ്ട് അമ്മയുടെ മുഖം പൊത്തിപ്പിടിച്ച് കൊലപ്പെടുത്തുന്നതാണ് കണ്ടതെന്ന് ആര്‍ജിത്ത് പോലീസിന് മൊഴി നല്‍കി.
മകന്‍ ഉണര്‍ന്നതോടെ അജയകുമാര്‍ സമാനരീതിയില്‍ മകനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചു. ശ്വാസം പിടിച്ച് അനങ്ങാതെ കിടന്ന മകന്‍ മരിച്ചെന്നു കരുതി അജയകുമാര്‍ അടുക്കളയില്‍ പോയി മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. തീ ആളിപ്പടര്‍ന്നതോടെ മകന്‍ നിലവിളിച്ച് വീടിന് പുറത്തേക്കോടി.ഈ ശബ്ദം കേട്ട് ഉണര്‍ന്ന സമീപത്തെ താമസക്കാരാണ് വീട്ടില്‍നിന്ന് തീയും പുകയും ഉയരുന്നതുകണ്ടത്. തുടര്‍ന്ന് ക്വാര്‍ട്ടേഴ്സിലെ സെക്യുരിറ്റി ജീവനക്കാരെയും മുക്കം അഗ്‌നിരക്ഷാസേനയെയും വിവരമറിയിച്ചു.
മുക്കത്ത് നിന്നും അഗ്‌നിരക്ഷാ സ്റ്റേഷന്‍ ഓഫീസര്‍ ഷംസുദ്ദീന്റെയും എം.സി. മനോജിന്റെയും നേതൃത്വത്തിലെത്തിയ സംഘം ഏറെ പരിശ്രമത്തിന് ഒടുവില്‍ വീട്ടിലെ തീയണച്ച് അജയകുമാറിനെയും ലിനിയെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ഇരുവരുടേയും ജീവന്‍ രക്ഷിക്കാനായില്ല.കോട്ടയത്ത് ബിആര്‍ക്കിന് പഠിക്കുകയാണ് ഇവരുടെ മകള്‍ അഞ്ജന. പൂജ അവധികഴിഞ്ഞ് ബുധനാഴ്ചയാണ് പെണ്‍കുട്ടി കോളേജിലേക്ക് മടങ്ങിയത്.
22 വര്‍ഷമായി ഇവര്‍ ഈ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിലാണ് താമസം.അസി. കമ്മിഷണര്‍ സുദര്‍ശന്‍, കുന്ദമംഗലം പോലീസ് ഇന്‍സ്‌പെക്ടര്‍ യൂസഫ് നടുത്തറമ്മല്‍, എസ്.ഐമാരായ അഷ്റഫ്, വിപിന്‍ ഫ്രെഡി എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കുന്ദമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.മൃതദേഹപരിശോധനയ്ക്ക് ശേഷം ഇരുവരുടെയും മൃതദേഹം വ്യാഴാഴ്ച വൈകീട്ടോടെ കരുനാഗപ്പള്ളിയിലേക്ക് കൊണ്ടുപോയി സംസ്‌കരിച്ചു.
Leave a Reply