ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടിയുടെ (എസ്പി) സ്ഥാപകനുമായ മുലായം സിങ് യാദവ് (82) അന്തരിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെയാണ് അന്ത്യം. ആരോഗ്യനില വഷളായതിനെ തുടർന്നു കഴിഞ്ഞ ഞായറാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

യുപി മുൻ മുഖ്യമന്ത്രിയും എസ്പി അധ്യക്ഷനുമായ അഖിലേഷ് യാദവ് ആണ് മകൻ. മൽതി ദേവിയും സാധന ഗുപ്തയുമായിരുന്നു ഭാര്യമാർ. മൽതി ദേവി 2003ലും സാധന ഗുപ്ത ഈ വർഷം ജൂലൈയിലുമാണ് അന്തരിച്ചത്. മൂന്നുതവണ യുപി മുഖ്യമന്ത്രിയായിരുന്ന മുലായം കേന്ദ്ര പ്രതിരോധ മന്ത്രിയുമായിട്ടുണ്ട്. നിലവിൽ മെയ്ൻ‌പുരിയിൽനിന്നുള്ള ലോക്സഭാംഗമാണ്. അസംഗഢിൽനിന്നും സംഭാലിൽനിന്നും പാർലമെന്റിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.

നിര്യാണത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി മോദി. ട്വിറ്ററിലെ അനുശോചനക്കുറിപ്പിനൊപ്പം മുലായം സിങ് യാദവിനൊപ്പമുള്ള ചിത്രങ്ങളും പ്രധാനമന്ത്രി പങ്കുവെച്ചിട്ടുണ്ട്. ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ടിരുന്ന വിനയാന്വിതനായ നേതാവെന്നും ജയപ്രകാശ് നാരായണിന്റെയും ലോഹ്യയുടെയും ആദർശങ്ങൾ ജനകീയമാക്കാൻ ജീവിതമുഴിഞ്ഞ് വച്ച നേതാവാണെന്നും മോദി ട്വിറ്റർ കുറിപ്പിൽ പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതലുള്ള ബന്ധമെന്നും മോദി കൂട്ടിച്ചേർത്തു.

സോഷ്യലിസ്റ്റ് ഭൂമികയിൽനിന്ന് സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് ഉദിച്ചുയർന്ന താരമാണ് മുലായം സിങ് യാദവ്. മറ്റു പലരെയും പോലെ ലോഹ്യാ വിചാരം തലയ്ക്കു പിടിച്ചാണ് മുലായവും സോഷ്യലിസ്റ്റായി പരിണമിച്ചത്. പ്രാദേശിക നേതാവായി തുടങ്ങി അരനൂറ്റാണ്ട് ജനപ്രതിനിധിയായും മന്ത്രിയായും മുഖ്യമന്ത്രിയായും കേന്ദ്രമന്ത്രിയായും യുപി രാഷ്ട്രീയത്തെ ദേശീയ രാഷ്ട്രീയത്തിന്റെ മുൻനിരയിലേക്കു നയിച്ച നേതാവായിരുന്നു മുലായം. ശരിയായാലും തെറ്റായാലും വ്യക്തമായ കാഴ്ചപ്പാടും ശക്തമായ നിലപാടുമായിരുന്നു ശക്തി. വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളോട് സന്ധി ചെയ്ത് ആരോടും നിതാന്ത ശത്രുതയില്ലെന്നും അദ്ദേഹം പലപ്പോഴും തെളിയിച്ചു.

അറുപതുകളിൽ പുത്തൻ സോഷ്യലിസവുമായി റാം മനോഹർ ലോഹ്യ കടന്നു വന്നപ്പോൾ, കോൺഗ്രസിലെ മധ്യവർഗ, പിന്നാക്ക നേതാക്കളായിരുന്നു ലോഹ്യയുടെ ആകർഷണം. അഭിജാത കോൺഗ്രസ് നേതാക്കൾക്കൊപ്പം നിൽക്കാൻ ത്രാണിയില്ലാതിരുന്ന പലരും സോഷ്യലിസത്തിലേക്ക് ആകൃഷ്ടരായി. കർഷകരും തൊഴിലാളികളുമായ വലിയ പിന്നാക്ക, ദലിത് വിഭാഗം സോഷ്യലിസത്തോട് കാട്ടിയ ആഭിമുഖ്യം ഇന്ത്യയിലെ പ്രതിപക്ഷ രാഷ്ട്രീയത്തിന് പുതിയ ദിശാബോധം നൽകുന്നതായി.

പഠിച്ച മൂന്നു കോളജുകളിലും യൂണിയൻ അധ്യക്ഷനായാണ് രാഷ്ട്രീയത്തിലേക്കുള്ള മുലായത്തിന്റെ രംഗപ്രവേശം. തുടക്കത്തിൽ സജീവ രാഷ്ട്രീയക്കാരനായിരുന്നില്ലെങ്കിലും അനന്തരം അധ്യാപകനായതോടെ സോഷ്യലിസ്റ്റ് ധാരയിൽ സജീവമായി. ബിരുദവും ബിരുദാനന്തര ബിരുദവും അധ്യാപക പരിശീലനവും നേടിയ മുലായം മെയിൻപുരിയിലെ കാർഹിലിൽ കോളജ് അധ്യാപനായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. എന്നാൽ അധികം വൈകാതെ ആ കുപ്പായം ഉപേക്ഷിച്ച് സോഷ്യലിസ്റ്റ് പരിവേഷത്തിൽ കർഷക വക്താവായി യുപി രാഷ്ട്രീയത്തിൽ വേരുറപ്പിച്ചു. ലോഹ്യയ്ക്കൊപ്പം ജയപ്രകാശ് നാരായണിന്റെയും രാജ് നാരായണിന്റെയും ആരാധകനായി മാറിയ മുലായം വളരെ വേഗം യുവ നേതൃനിരയിൽ എത്തി. എന്നാൽ വൈകാതെ ചരൺ സിങ്ങിന്റെ ആരാധകനായി പ്രവർത്തനം ഭാരതീയ ലോക്ദളിനൊപ്പമായി.

അടിയന്തരാവസ്ഥയ്ക്കു ശേഷം ജനതാ പാർട്ടിയുടെ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന് നിറം മങ്ങിയപ്പോൾ, യാദവ രാഷ്ട്രീയം കളിച്ച് തന്റെ അടിത്തറ നിലനിർത്താൻ മുലായം കാട്ടിയ മെയ്‌വഴക്കം അതിശയിപ്പിക്കുന്നതാണ്. ജാതി രാഷ്ട്രീയം പരസ്യമാക്കാതെ, പിന്നാക്ക രാഷ്ട്രീയം പറയാതെ പറഞ്ഞും മുസ്‌ലിം വിഭാഗത്തിന്റെ ആരാധനാപാത്രമായും മുന്നണി രാഷ്ട്രീയത്തിന്റെ അമരക്കാരനായി യുപിക്കപ്പുറം ദേശീയ രാഷ്ട്രീയത്തിലും അദ്ദേഹം ശ്രദ്ധാകേന്ദ്രമായി.

യുപിയിൽ മുലായവും ബിഹാറിൽ ലാലു പ്രസാദും കൈകോർത്തപ്പോൾ യാദവ സഖ്യം ഇന്ത്യൻ രാഷ്ട്രീയത്തീലെ നിർണായക ശക്തിയായി. കോൺഗ്രസിന്റെയും ബിജെപിയുടെയും ശക്തിയെ ഹിന്ദിഹൃദയഭൂവിൽ പിടിച്ചുകെട്ടാൻ കരുത്തരാണ് തങ്ങളെന്ന് ഇടക്കാലത്തേക്കെങ്കിലും തെളിയിക്കാൻ ഈ കൂട്ടുകെട്ടിനു കഴിഞ്ഞു. പാർട്ടി പ്രവർത്തകർക്കും സാധാരണക്കാർക്കും ‘നേതാജി’യായ മുലായം, മുസ്‌ലിംകൾക്കിടയിലെ സ്വാധീനം മൂലം എതിരാളികൾക്ക് മൗലാനാ മുലായമായി. ശക്തമായ പിന്നാക്ക പിന്തുണയ്ക്കൊപ്പം മുസ്‌ലിം വോട്ടുറപ്പിക്കാനുള്ള അസാമാന്യ കഴിവും പിന്തുണയും എപ്പോഴും മുലായത്തിനുണ്ടായിരുന്നു .

തൊണ്ണൂറുകളിൽ സാമൂഹികനീതിക്കായി മണ്ഡൽ കമ്മിഷനു വേണ്ടി ഉറച്ച നിലപാടെടുത്ത മുലായം, ബിജെപിയുടെ രാമക്ഷേത്ര പോരാട്ടത്തിനെതിരെയും രാജ്യത്ത് 33 ശതമാനം വനിതാ സംവരണത്തിനെതിരെയും ശക്തമായി പോരാടി. വനിതാ സംവരണ ബിൽ പാസാക്കാൻ കോൺഗ്രസും ബിജെപിയും ഇടതുപാർട്ടികളും ഒന്നിച്ചപ്പോൾ അതിനെതിരെ ലാലു പ്രസാദിനെയും മറ്റും അണിനിരത്തി പോരാട്ടം നയിച്ചതും മുലായമാണ്. സർക്കാരുകൾ പലതം മാറിയിട്ടും വനിതാബിൽ മരീചികയായി അവശേഷിക്കുമ്പോൾ നമ്മുടെ സ്ത്രീസമൂഹത്തിന് മുലായത്തെ മറക്കാനാവില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇരുപത്തിെയട്ടാം വയസ്സിൽ സോഷ്യലിസ്റ്റ് പാർട്ടി എംഎൽഎ ആയി തുടങ്ങിയ പാർലമെന്ററി ജീവിതം അദ്ദേഹം അവസാനം വരെ തുടർന്നു. വിടവാങ്ങുമ്പോൾ സമാജ് വാദി പാർട്ടിയുടെ മൂന്ന് ലോക്സഭാ അംഗങ്ങളിൽ യുപിയിലെ മെയിൻ പുരിയുടെ പ്രതിനിധിയാണ് അദ്ദേഹം. പാർട്ടിയുടെ പേരുകൾ പലതായെങ്കിലും എന്നും സോഷ്യലിസ്റ്റ് ധാരയുടെ പ്രതിനിധിയും വക്താവുമായാണ് രാഷ്ട്രീയലോകം മുലായം സിങ്ങിനെ വിലയിരുത്തുന്നത്. ജന്മനാടായ സെയ്ഫായി ഗ്രാമം ഉൾപ്പെടുന്ന ഇറ്റാവ ജില്ലയിലെ ജസ്വന്ത് നഗർ മണ്ഡലത്തെ 1967 മുതൽ ഏഴ് തവണ യുപി നിയമസഭയിൽ പ്രതിനിധീകരിച്ചത് മുലായമാണ്. ആദ്യം സോഷ്യലിസ്റ്റ് പ്രതിനിധിയായി. പിന്നീട് ലോക്ദളിന്റെയും ജനതാ പാർട്ടിയുടെയും ജനതാദളിന്റെയും സമാജ് വാദിയുടെയും പ്രതിനിധിയായി.

സോഷ്യലിസ്റ്റ് സംഘത്തിന്റെ തമ്മിലടിയും തകർച്ചയും കണ്ട് മനം മടുത്താണ് മൂന്നു പതിറ്റാണ്ടു മുമ്പ് സ്വന്തം വഴി തേടി ആദ്യം ക്രാന്തി മോർച്ചയ്ക്കും പിന്നീട് 1992 ഒക്ടോബർ നാലിന് സമാജ് വാദി എന്ന സോഷ്യലിസ്റ്റ് പാർട്ടിക്കും (എസ്പി ) രൂപം നൽകിയത്.

എക്കാലവും കോൺഗ്രസ് വിരുദ്ധ ചേരിയിലായിരുന്നിട്ടും പിൽക്കാലത്ത് അവരുമായി സമരസപ്പെടാൻ മുലായം മടി കാട്ടിയില്ല. എന്നാൽ, യുപിയിലെ രാഷ്ട്രീയത്തിൽ എന്നും ബിജെപിയുടെ എതിർ പക്ഷത്തു നിൽക്കാനായിരുന്നു അദ്ദേഹത്തിനു താൽപര്യം. തൊണ്ണൂറുകളോടെ, യുപി രാഷ്ട്രീയത്തിൽ ബിജെപിയാണ് തങ്ങളുടെ ഭാവി എതിരാളി എന്ന് തുടക്കത്തിലെ തിരിച്ചറിഞ്ഞ നേതാവാണ് മുലായം. എന്നാൽ, മുന്നണി രാഷ്ട്രീയത്തിലെ കളികൾക്കിടയിൽ ബിജെപിയുടെ പിന്തുണയെ തള്ളിപ്പറയാനും മുലായം തയാറായില്ല. 1989 ൽ കേന്ദ്രത്തിൽ വി.പി.സിങ് സർക്കാരിനെ ബിജെപി പിന്തുണയ്ക്കുമ്പോൾ യുപിയിൽ മുലായത്തിന്റെ മുഖ്യശത്രു കോൺഗ്രസ് മാത്രമായിരുന്നു. എന്നാൽ ബിജെപി പിന്തുണ പിൻവലിച്ച് വിപി സർക്കാർ വീണപ്പോൾ, ദളിലെ ഭിന്നത മൂലം പിന്തുണ നഷ്ടമായ യുപിയിലെ മുലായം സർക്കാർ അഭയം തേടിയത് കോൺഗ്രസിന്റെ പിന്തുണയിലായിരുന്നു. കേന്ദ്രത്തിൽ ചന്ദ്രശേഖർ സർക്കാറിനെ പിന്തുണച്ചിരുന്ന കോൺഗ്രസ് യുപിയിൽ ചന്ദ്രശേഖർ പക്ഷത്തേക്ക് മാറിയ മുലായത്തെ പിന്തുണയ്ക്കാനും മടി കാട്ടിയില്ല.

1977ൽ റാം നരേഷ് യാദവിന്റെ ജനതാ പാർട്ടി മന്ത്രിസഭയിലാണ് മുലായം ആദ്യമായി മന്ത്രിയായത്. പിൽക്കാലത്ത് മുഖ്യ പ്രതിയോഗിയായി മാറിയ ബിജെപി നേതാവ് കല്യാൺ സിങ്ങിനൊപ്പം മന്ത്രിയായ മുലായം, 1980 ൽ കോൺഗ്രസ് മുന്നേറ്റത്തിൽ ജസ്വന്ത് നഗറിൽ തോറ്റു. വൈകാതെ സംസ്ഥാന അധ്യക്ഷനെ നിയമസഭാ കൗൺസിലിൽ എത്തിച്ച് പ്രതിപക്ഷ നേതാവാക്കി. എന്നാൽ 1985 ൽ ജസ്വന്ത് നഗറിൽ വീണ്ടും വിജയം നേടിയ ശേഷം തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഏഴു തവണ അവിടെനിന്ന് നിയമസഭയിലെത്തിയ മുലായം സംഭാൽ, മെയിൻപുരി, അസംഗഡ് മണ്ഡലങ്ങളിൽ നിന്നായി ഏഴു തവണ ലോക്സഭയിലേക്കും വിജയിച്ചു.

മൂന്നു തവണ യുപി മുഖ്യമന്ത്രിയായ മുലായം, മൂന്നു തവണ പ്രതിപക്ഷ നേതാവുമായി. ജനതാദൾ 208 സീറ്റുമായി ഭരണം പിടിച്ച 1989 ഡിസംബർ 5ന് ആണ് ആദ്യം മുഖ്യമന്ത്രിയായത്. എന്നാൽ ദളിലെ ആഭ്യന്തര കലഹം മൂലം ഭൂരിപക്ഷം നഷ്ടമായി. അന്ന് പ്രധാനമന്ത്രിയായ ചന്ദ്രശേഖറിനൊപ്പം നിന്ന മുലായം, 1991 ജൂൺ 4 വരെ കോൺഗ്രസ് പിന്തുണയിൽ ഭരണം നടത്തി. തൊട്ടുപിന്നാലെ നടന്ന തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന ബിജെപി സർക്കാർ ബാബ്റി മസ്ജിദ് പൊളിക്കലുമായി ബന്ധപ്പെട്ട് രാജിവച്ചതോടെ, വീണ്ടും മുലായത്തിന്റെ ഊഴമായി.

1993 ഡിസംബറിൽ കോൺഗ്രസും ബിഎസ്പി യും ഉൾപ്പെട്ട ചെറുകക്ഷികളുടെ പിന്തുണയിൽ ഭരണത്തിലേറിയ മുലായം 1995 ജൂൺ 3 വരെ തുടർന്നു. പിന്നാലെ സംഭാലിൽനിന്ന് 1996 ൽ ലോക്സഭയിലേക്ക് മത്സരിച്ച മുലായം, ദേവെഗൗഡ സർക്കാരിൽ കേന്ദ്ര പ്രതിരോധ മന്ത്രിയായി. പിന്നാലെ ഐ.കെ.ഗുജ്റാൾ സർക്കാരിലും പ്രതിരോധ മന്ത്രിയായി ദേശീയ രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്നു.

2003 ഓഗസ്റ്റ് 29 മുതൽ 2007 മേയ് 13 വരെ മായാവതിയുടെ പിന്തുണയിൽ വിണ്ടും യുപി ഭരിച്ച മുലായം, വൈകാതെ തന്റെ പാരമ്പര്യവകാശം മകൻ അഖിലേഷിന് കൈമാറി. 2007 മുതൽ 2009 വരെ പ്രതിപക്ഷ നേതാവും ആയിരുന്നു. പിന്നീട് നേതൃത്വം ഏറ്റെടുത്ത അഖിലേഷ് മായാവതിയുടെ ഭരണത്തിനെതിരെ 2012 ൽ ശക്തമായ പ്രചാരണം നടത്തി അധികാരം പിടിച്ചു. എന്നാൽ 2017ൽ ബിജെപിയുടെ മുന്നേറ്റത്തിൽ അഖിലേഷിനു പിടിച്ചു നിൽക്കാനായില്ല. നിയമസഭയിൽ വെറും 47 സീറ്റിലേക്ക് ഒതുങ്ങിയ പാർട്ടി 2022 ൽ തിരിച്ചുവരവിന് നടത്തിയ ശ്രമവും വെറുതെയായി. സീറ്റെണ്ണം 110 ന് മുകളിൽ എത്തിച്ചെങ്കിലും ബിജെപിയുടെ രണ്ടാം വിജയം മുലായത്തെയും അഖിലേഷിനെയും ഒരു പോലെ പ്രതിസന്ധിയിലാക്കി. യുപി രാഷ്ട്രീയത്തിലെ പ്രാദേശിക പാർട്ടി മാത്രമായി എസ്പി മാറി. എങ്കിലും ബിജെപിയെ പ്രതിരോധിക്കാൻ യുപിയിൽ കരുത്തുള്ള ഏക പ്രസ്ഥാനം സമാജ് വാദി മാത്രമാണെന്നാണ് രാഷ്ടീയ നിരീക്ഷകരുടെ വിലയിരുത്തൽ.

മുൻപും പലതവണ ഭരണത്തിനായി സഖ്യവും പിന്തുണയും തേടിയിട്ടുള്ള കോൺഗ്രസുമായി 2014 ലും ബിഎസ്പിയുമായി 2019 ലും തിരഞ്ഞെടുപ്പു സഖ്യം ഉണ്ടാക്കിയെങ്കിലും ബിജെപിയുടെ കുതിപ്പിനു മുന്നിൽ കാര്യമായ നേട്ടമുണ്ടാക്കാൻ മുലായത്തിനും പാർട്ടിക്കുമായില്ല.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുപിയിൽ അഖിലേഷും മുലായവുമടക്കം അഞ്ചു സീറ്റിൽ മാത്രമാണ് എസ്പി വിജയിച്ചത്. എങ്കിലും, ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ പ്രതിനിധി എന്ന നിലയിൽ മുലായത്തിന്റെ വാക്കുകൾക്ക് സമകാലിക ഇന്ത്യ എന്നും വിലകൽപിച്ചിരുന്നു. മുലായം വിടവാങ്ങിയതോടെ ഇന്ത്യയിലെ സോഷ്യലിസ്റ്റ് രാഷ്ട്രീയ ധാരയുടെ നിലവിലെ മുഖ്യകണ്ണിയെയാണ് നഷ്ടമായത്.