ന്യൂസ് ഡെസ്ക്
ഇടുക്കിക്കൊപ്പം മുല്ലപ്പെരിയാറും നിറയുന്നു. മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത രീതിയിലുള്ള പ്രളയത്തെയാണ് സംസ്ഥാനം അഭിമുഖീകരിക്കുന്നത്. മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നിലവിൽ 138 അടിയിലേയ്ക്ക് ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. ഡാം തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം തമിഴ്നാട് സർക്കാരിന്റേതായിരിക്കും. മുല്ലപ്പെരിയാർ തുറന്നാൽ വെള്ളം വണ്ടിപ്പെരിയാർ ചപ്പാത്ത് വഴി ഇടുക്കി അണക്കെട്ടിലേയ്ക്ക് എത്തും. ഇതേത്തുടർന്ന് മുൻകരുതൽ നിർദ്ദേശം നല്കിയിട്ടുണ്ട്. പെരിയാറിന്റെ തീരത്തു നിന്ന് 1250 കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു. തമിഴ്നാട് കൊണ്ടു പോകുന്നതിന്റെ ഇരട്ടിയിലേറെ വെള്ളം ഒഴുകിയെത്തുന്നതിനാൽ മുല്ലപ്പെരിയാറിൽ ജല നിരപ്പ് ഓരോ മണിക്കൂറിലും ഉയരുകയാണ്.
ഇതിനിടെ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് വർദ്ധിച്ചതിനെ തുടർന്ന് ചെറുതോണിയിലെ ആറു ഷട്ടറുകളും തുറന്നു. ഇടുക്കി ഡാമിലെ ജലനിരപ്പ് 2397.10 അടിയായി വർദ്ധിച്ചതിനെ തുടർന്നാണ് തീരുമാനം. അതിശക്തമായ മഴയെത്തുടർന്ന് ഡാമിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് കൂടിയതിനെത്തുടർന്നാണ് തീരുമാനം. ഇന്ന് വൈകുന്നേരം 5 മണി മുതൽ ചെറുതോണിയിൽ നിന്ന് പുറത്തേയ്ക്ക് വിടുന്ന ജലം 300ൽ നിന്ന് 600 ക്യുമെക്സ് ആക്കി.
Leave a Reply