ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജോലിയും കുടുംബവുമായി കഴിഞ്ഞാൽ തങ്ങളുടെ ബഹുമുഖമായ മറ്റ് കഴിവുകളെ മറന്ന് പ്രൊഫഷനു വേണ്ടി കഠിനാധ്വാനം ചെയ്യുന്നവരാണ് യുകെ മലയാളികളിൽ ഭൂരിപക്ഷവും. എന്നാൽ തിരക്കുള്ള ഡോക്ടർ ആയി ജോലി ചെയ്യുന്നതിനോടൊപ്പം തന്നെ സർഗാത്മക കഴിവുകളെ പോഷിപ്പിക്കാനായി സമയം കണ്ടെത്തുന്ന ഡോക്ടർ ഷെറിൻ യുകെ മലയാളികളുടെ മാത്രമല്ല ലോകമെങ്ങുമുള്ള മലയാളികൾക്ക് അഭിമാനമായി മാറുകയാണ്. യു.കെയിൽ ഹിസ്‌തോ പതോളജിയിൽ സ്പെഷ്യലിസ്റ്റും അനുഗൃഹീത ഗായികയുമായ ഡോ. ഷെറിൻ നൃത്തം, ചിത്രകല, പാചകം തുടങ്ങിയ മേഖലകളിലും തൻെറ കഴിവുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്.
2005 ലാണ് ഡോ. ഷെറിൻ യു.കെ.യിലേക്കു വരുന്നത്. ജീവിത തിരക്കുകളിൽ പെട്ട് സംഗീതമേഖലയിൽ നിന്ന് കുറച്ച് കാലം വിട്ടുനിൽക്കേണ്ടതായി വന്നെങ്കിലും കോവിഡ് കാലയളവിൽ സംഗീതത്തിന് കൂടുതൽ ശ്രദ്ധ നൽകാൻ ഡോ . ഷെറിന് സാധിച്ചു. പിന്നാലെ, ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ കീഴിലുള്ള പള്ളിയിൽ ക്വയറിൽ പാടാനും അവിടെയുള്ള കുട്ടികളെ ക്ലാസിക്കൽ മ്യൂസിക്ക് പഠിപ്പിക്കാനും ആരംഭിച്ചു. ലോക്ക് ഡൗൺ വന്നതോടെ എല്ലാം ഓൺലൈനിൽ ആയതിന് പിന്നാലെയാണ് ഡോ . ഷെറിൻെറ പാട്ടും ശബ്ദവും പുറംലോകത്ത് കൂടുതൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.
ജോലിയും സംഗീതവും ഒരുമിച്ച് കൊണ്ടുപോവുക എന്നത് അത്ര നിസ്സാരമായ കാര്യമായിരുന്നില്ല. ഡോ . ഷെറിൻെറ നിശ്ചയ ധാർട്യത്തിൻെറ ഫലമായി ക്രിസ്ത്യൻ ഗാനരംഗത്തേയ്ക്ക് അനേകരെ കൈപിടിച്ചു കൊണ്ടുവന്ന ഫാ. മാത്യു പയ്യപ്പിള്ളി എം.സി.ബി.എസിന്റെ സംഗീതത്തിൽ പിറന്ന ‘നിണമൊഴുകീടുന്ന നിൻ വീഥിയിൽ…’ എന്ന ക്രിസ്തീയ ഭക്തിഗാനം പാടാൻ ഡോ . ഷെറിന് അവസരം ലഭിച്ചു. നിലവിൽ ഡോ. ഷെറിൻ പന്ത്രണ്ടോളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. സ്വർഗീയ ഗായകൻ കെസ്റ്ററിനോടൊപ്പം ഡോ.ഷെറിൻ ആലപിച്ച ഡെല്ലിഷ് വാമറ്റം മ്യൂസിക്കൽസ് ഒരുക്കിയ വെണ്മണി ഗോതമ്പിൻ എന്ന ഗാനം ചുരുങ്ങിയ ദിവസം കൊണ്ട് ആയിരങ്ങൾ കണ്ട വാർത്ത നേരത്തെ മലയാളം യുകെ പ്രസിദ്ധീകരിച്ചിരുന്നു. ബേണി ഇഗ്നേഷ്യസിൻെറ “ജപമണികളിൽ അമ്മേ” ആണ് ഏറ്റവും ഒടുവിൽ റിലീസ് ആയ ആൽബം. ഇതിൻെറ നിർമാണം യുകെ മലയാളിയും ബിർമിങ്ഹാം സൊലിഹളിൽ നിന്നുള്ള രാജു ജേക്കബ് ആണെന്നുള്ള പ്രത്യേകതയും ഇതിനുണ്ട്. ട്രാൻസ് ജൻഡർ നായികയായുള്ള ആദ്യ ക്രിസ്ത്യൻ ഗാനമായ “ചേർത്തണയ്ക്കാം” എന്ന ആൽബത്തിലും പാടാൻ അവസരം ലഭിച്ചത് അഭിമാനകരമായ കാര്യമാണെന്ന് ഡോ.ഷെറിൻ മലയാളം യുകെയോട് പറഞ്ഞു.
കേരളത്തിൽ കൊച്ചി സ്വദേശിയാണ് ഷെറിൻ. എൻജിനീയറും നെടുമ്പാശേരി സ്വദേശിയുമായ പി ഡി ജോസഫ് ആണ് ഡോ. ഷെറിൻെറ പിതാവ്. അമ്മ ചിന്നമ്മ ജോസഫ് അധ്യാപികയായിരുന്നു. ജോലി സംബന്ധമായി ഇരുവരും തിരുവനന്തപുരത്ത് ആയിരുന്നത് കൊണ്ട് ഡോ. ഷെറിൻെറ വിദ്യാഭ്യാസം അവിടെ വച്ചായായിരുന്നു. മൂന്നു മക്കളിൽ ഇളയ ആളായ ഡോ . ഷെറിൻ ചെറുപ്പത്തിൽ തന്നെ നൃത്തവും കർണാടക സംഗീതവും പരിശീലിച്ചിരുന്നു. പതിനേഴു വർഷം തുടർച്ചയായി ഡോ . ഷെറിൻ സംഗീതം പഠിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മെഡിസിൻ പഠനത്തിനായി പോകുമ്പോഴും പാട്ടിനെ കൂടെക്കൂട്ടിയ ഡോ . ഷെറിന് ഏഷ്യാനെറ്റിലും ദൂരദർശനിലും പാട്ട് പാടാനുള്ള അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. കൈരളി ടിവിയിലെ ഗന്ധർവസംഗീതം എന്ന റിയാലിറ്റി ഷോയിൽ ആദ്യ സീസൺ ക്വാട്ടർ ഫൈനലിസ്റ് കൂടിയാണ് ഡോ. ഷെറിൻ. സ്‌കൂൾ യുവജനോത്സവ വേദിയിൽ നിറ സാന്നിധ്യമായിരുന്ന ഡോ . ഷെറിൻ കർണാടക സംഗീതത്തിൽ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. ആ കാലഘട്ടങ്ങളിൽ ഡോ . ഷെറിൻെറ ഗുരു ശ്രീമതി ശോഭന കൃഷ്‌ണമൂർത്തിയായിരുന്നു. ഇപ്പോൾ സംഗീത പഠനം തുടരുന്നത് തിരുവനന്തപുരം സ്വാതി തിരുന്നാൾ മ്യൂസിക് കോളേജിലെ പ്രൊഫസർ ധർമജൻെറ കീഴിലാണ്.
ഹിസ്‌തോ പതോളജിയിലാണ് ഡോ. ഷെറിൻ സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത്. ഡോ .ഷെറിൻ യു.കെയിലെ മെഡിക്കൽ കോളേജിലെ പാതോളജി വിഭാഗം ഹെഡ് ആണ്. പാചകത്തോടും വലിയ താല്പര്യം പുലർത്തുന്ന ഡോ . ഷെറിൻ ‘kuks kitchen’ എന്നപേരിൽ ഒരു കുക്കിങ് വ്ളോഗും നടത്തുന്നുണ്ട്. പാചകവും സംഗീതവും ജോലിയും ഒരുമിച്ച് കൊണ്ടുപോകുന്നതിൽ ഭർത്താവും സോഫ്റ്റ് വെയർ എൻജിനീയറുമായ നിഷാന്ത് തോമസാണ് ഏറ്റവും വലിയ പിന്തുണയെന്ന് ഡോ. ഷെറിൻ മലയാളം യുകെയോട് പറയുന്നു. മാത്യുവും രാഹുലും ആണ് ഡോ. ഷെറിൻ – നിഷാന്ത് ദമ്പതികളുടെ മക്കൾ.
Leave a Reply