സോഷ്യല്‍ ഹൗസിംഗിന് അര്‍ഹത ലഭിക്കുന്നതിനായി തട്ടിപ്പു നാടകം നടത്തിയ സ്ത്രീക്ക് മൂന്നു വര്‍ഷം തടവ്. സോഫി ഒ’ഷീ എന്ന സ്ത്രീക്കാണ് ശിക്ഷ ലഭിച്ചത്. ഇവര്‍ താമസിച്ചിരുന്ന വാടകവീടിന്റെ അടുക്കളയ്ക്ക് തീയിടുകയായിരുന്നു. അടുക്കളയില്‍ മാലിന്യം സൂക്ഷിച്ചിരുന്ന ബാഗില്‍ പെട്രോള്‍ ഒഴിച്ചാണ് തീയിട്ടതെന്ന് ഇവര്‍ കോടതിയില്‍ സമ്മതിച്ചു. താമസിച്ചു വന്നിരുന്ന വീടില്‍ താന്‍ സംതൃപ്തയായിരുന്നില്ലെന്നും അതിന് എന്തെങ്കിലും കേടുപാടുകള്‍ വന്നാല്‍ തനിക്ക് സോഷ്യല്‍ ഹൗസിംഗിന് അര്‍ഹത ലഭിക്കുമെന്ന് കരുതിയതിനാലാണ് ഇപ്രകാരം ചെയ്തതെന്നുമാണ് ഇവര്‍ പറഞ്ഞത്. കാര്‍ഡിഫ് ക്രൗണ്‍ കോര്‍ട്ട് സോഫിക്ക് മൂന്ന് വര്‍ഷവും നാലു മാസവും തടവുശിക്ഷ വിധിച്ചു.
തീപ്പിടിത്തത്തില്‍ വീടിന് 40,000 പൗണ്ടിന്റെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയെ അറിയിച്ചത്. അടുത്തുള്ള പ്രോപ്പര്‍ട്ടികള്‍ക്കും നാശനഷ്ടങ്ങള്‍ നേരിട്ടു. ഇവര്‍ താമസിച്ചിരുന്ന മൂന്ന് ബെഡ്‌റൂം വീടിന്റെ മറ്റു മുറികള്‍ക്കും തീയിടാന്‍ ഇവര്‍ക്ക് പദ്ധതിയുണ്ടായിരുന്നു. ജൂണ്‍ 12നായിരുന്നും സംഭവം. അയല്‍ക്കാരിയായ നതാലി റീസ് രാത്രി 8.30നാണ് ഫയര്‍ അലാം മുഴങ്ങുന്നത് കേട്ടത്. ബാക്ക് ഗാര്‍ഡനില്‍ എത്തിയപ്പോള്‍ തീപിടിക്കുന്നതാണ് ഇവര്‍ കണ്ടത്. തന്റെ ജനലിലൂടെ പുക വരുന്നത് കണ്ടുവെന്നും ചെറിയ പൊട്ടിത്തെറികള്‍ കേട്ടുവെന്നും മറ്റൊരു അയല്‍ക്കാരന്‍ പറഞ്ഞു. പേവ്‌മെന്റില്‍ സോഫി ഇരിക്കുന്നത് കണ്ടുവെന്നും എന്നാല്‍ ഇവര്‍ അയല്‍ക്കാര്‍ക്ക് യാതൊരു അറിയിപ്പും നല്‍കിയില്ലെന്നും അവര്‍ മൊഴി നല്‍കി.
അയല്‍ക്കാര്‍ വിളിച്ചതനുസരിച്ചാണ് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയത്. പെട്രോള്‍ കൊണ്ടുവന്ന ക്യാന്‍ പോലീസ് കണ്ടെത്തി. ഇതേത്തുടര്‍ന്ന് പോലീസ് സോഫിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരുടെ ശരീരത്തില്‍ പെട്രോളിന്റെ മണമുണ്ടായിരുന്നുവെന്നും കയ്യില്‍ രണ്ട് ലൈറ്ററുകള്‍ ഉണ്ടായിരുന്നുവെന്നും പോലീസ് റിപ്പോര്‍ട്ട് ചെയ്തു. ഈ വീട്ടില്‍ നിന്ന് ഒഴിയണമെന്ന് ഉടമ അറിയിച്ചുവെന്നും സോഷ്യല്‍ ഹൗസിംഗ് ലഭിക്കാന്‍ താന്‍ ഇതേത്തുടര്‍ന്ന് ഒരു കുറുക്കുവഴി തേടിയതാണെന്നും സോഫി പറഞ്ഞു. ഫയര്‍ഫോഴ്‌സിനെ വിളിച്ചാല്‍ തന്റെ പദ്ധതി പൊളിയുമെന്നതിനാലാണ് അയല്‍ക്കാരെ വിളിക്കാതിരുന്നതെന്നും അവര്‍ വ്യക്തമാക്കി.
Leave a Reply