ബര്‍മിംഗ്ഹാം: താന്‍ സ്‌നേഹത്തോടെ മകന് നല്‍കിയ മധുരപലഹാരം അവന്റെ ജീവനെടുത്തതിന്റെ തീരാ ദുഃഖത്തിലാണ് ജയ്‌വന്തി. പീനട്ട് അലര്‍ജിയുണ്ടായിരുന്ന ആരോണ്‍ ഒ’ ഫാരല്‍ എന്ന പതിനൊന്നുകാരനാണ് അമ്മ നല്‍കിയ സ്വീറ്റ്‌സ് രുചിച്ചതിനു ശേഷം മരിച്ചത്. രുചി ഇഷ്ടപ്പെടാത്തതിനാല്‍ ആരോണ്‍ ആ പലഹാരം തുപ്പിക്കളഞ്ഞെങ്കിലും അതുണ്ടാക്കിയ അലര്‍ജി അവന്റെ ജീവനെടുക്കുകയായിരുന്നു. 2014 സെപ്റ്റംബര്‍ 28നാണ് കുട്ടി മരിച്ചത്. നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ബര്‍മിംഗ്ഹാമിലെ ക്ഷേത്രത്തില്‍ നിന്ന് ലഭിച്ച മധുരപലഹാര കാര്‍ട്ടനില്‍ നിന്നാണ് ജയ്‌വന്തി മകന് ഈ പലഹാരം നല്‍കിയത്. നിലക്കടല ഇവയില്‍ അടങ്ങിയിട്ടുണ്ടെന്ന സൂചന പോലും ഉണ്ടായിരുന്നില്ലെന്ന് ചെസ്റ്റര്‍ഫീല്‍ഡ് കൊറോണര്‍ കോര്‍ട്ടില്‍ ഇവര്‍ മൊഴി നല്‍കി.
കാര്‍ട്ടനിലുണ്ടായിരുന്ന ബോംബെ മിക്‌സ്ചറില്‍ നിന്നായിരിക്കാം സ്വീറ്റ്‌സില്‍ നിലക്കടലയുടെ അംശം കലര്‍ന്നതെന്ന് കോടതിയില്‍ വാദമുണ്ടായി. അലര്‍ജി മുന്നറിയിപ്പ് കാര്‍ട്ടനില്‍ പതിച്ചിരുന്നില്ല. അപ്രകാരമുണ്ടായിരുന്നെങ്കില്‍ തന്റെ മകന് താന്‍ അത് നല്‍കില്ലായിരുന്നെന്നും അവന്‍ ജീവനോടെയുണ്ടാകുമായിരുന്നെന്നും ജയ്‌വന്തി പറഞ്ഞു. പലഹാരം ആരോണിന് താന്‍ തന്നെയാണ് നല്‍കിയത്. എന്നാല്‍ അവന് അത് ഇഷ്ടമായില്ല. തുപ്പിക്കളയുകയും ചെയ്തു. പക്ഷേ അതിനു ശേഷം തന്റെ തൊണ്ടയില്‍ അസ്വസ്ഥതയാണെന്ന് പറഞ്ഞ കുട്ടി പരക്കംപായാന്‍ തുടങ്ങി. ഉടന്‍ തന്നെ ഒരു അഡ്രിനാലിന്‍ കുത്തിവെയ്പ്പ് എടുക്കുകയും 999 വിളിക്കുകയുമായിരുന്നു.
ആംബുലന്‍സില്‍ കയറുമ്പോള്‍ അവന് ബോധമുണ്ടായിരുന്നു. എന്നാല്‍ അധികം വൈകാതെ ഹൃദയസ്തംഭനമുണ്ടാകുകയും ചെസ്റ്റര്‍ഫീല്‍ഡ് റോയല്‍ ഹോസ്പിറ്റലില്‍ വെച്ച് മരണം സ്ഥിരീകരിക്കുകയുമായിരുന്നു. അവന് രണ്ട് വയസുള്ളപ്പോളാണ് പീനട്ട് അലര്‍ജി സ്ഥിരീകരിച്ചത്. അതിനു ശേഷം വളരെ കരുതലോടെയായിരുന്നു മാതാപിതാക്കള്‍ പരിപാലിച്ചു വന്നിരുന്നത്. ബര്‍മിംഗ്ഹാമിലെ സ്പാര്‍ക്ക്ഹില്ലിലുള്ള സൂരജ് സ്വീറ്റ് സെന്ററാണ് ഈ പലഹാരപ്പൊതി ക്ഷേത്രത്തിന് നല്‍കിയത്. കാര്‍ട്ടനില്‍ മുന്നറിയിപ്പ് ലേബല്‍ പതിക്കാതിരുന്നതിനെ ആരോണിന്റെ പിതാവ് ജയിംസ് ഒ’ ഫാരല്‍ കുറ്റപ്പെടുത്തുന്നു.
അതേസമയം സാധാരണ നല്‍കാറുള്ള വിധത്തിലുള്ള കാര്‍ട്ടനുകളല്ല തങ്ങള്‍ ക്ഷേത്രത്തിലേക്ക് നല്‍കിയതെന്ന് ഷോപ്പ് ഡയറക്ടര്‍ ഭിക്കു ഒഡേഡ്ര പറഞ്ഞു. വില കുറയ്ക്കണമെന്ന് ഉത്സവം നടത്തിപ്പുകാര്‍ ആവശ്യപ്പെട്ടതിനാല്‍ വിവധ പലഹാരങ്ങള്‍ ഒരുമിച്ച് ഒരു കാര്‍ട്ടനിലാക്കി നല്‍കുകയായിരുന്നു. ബോക്‌സുകളില്‍ പീനട്ട് അലര്‍ജി മുന്നറിയിപ്പ് നല്‍കണമെന്ന നിര്‍ദേശം ആരോണിന്റെ മരണത്തിന് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് പ്രാബല്യത്തില്‍ വന്നതെന്നും ഓഡേഡ്ര വ്യക്തമാക്കി.
Leave a Reply