ന്യൂസ് ഡെസ്ക് മലയാളം യുകെ

ഷെഫീൽഡ് : ഷെഫീൽഡിൽ നിന്നുള്ള ജെസീക്കയ്ക്കും ഭർത്താവ് ഹാരിയ്ക്കും ഒരു വർഷത്തിനിടെ പിറന്നത് നാല് കുട്ടികൾ. തികച്ചും അപൂർവ്വമെന്ന് വിശേഷിപ്പിക്കാവുന്ന ഈ സംഭവത്തിന്റെ ഞെട്ടലിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും. രണ്ടാമത്തെ കുഞ്ഞ് ജനിച്ച് പതിനൊന്ന് മാസത്തിന് ശേഷം ജെസിക്കയ്ക്ക് ഒറ്റപ്രസവത്തിൽ മൂന്നു കുഞ്ഞുങ്ങൾ പിറന്നു. അവർ ഇപ്പോൾ അഞ്ചു കുട്ടിക്കളുടെ മാതാപിതാക്കളാണ്. 31 കാരിയായ ജെസീക്ക മകൾ മിയയ്ക്ക് ജന്മം നൽകി അഞ്ച് മാസങ്ങൾക്ക് ശേഷം താൻ വീണ്ടും ഗർഭിണിയാണെന്ന് അറിഞ്ഞു. മറ്റൊരു വെളിപ്പെടുത്തലിൽ, തങ്ങൾക്ക് മൂന്നു കുഞ്ഞുങ്ങൾ പിറന്നതായി ദമ്പതികൾ പറഞ്ഞുവെന്ന് യോർക്ക്ഷയർ ലൈവ് റിപ്പോർട്ട് ചെയ്തു. “ഞാൻ സ്കാൻ ചിത്രം കാണിക്കുന്നത് വരെ ഹാരി വിശ്വസിച്ചിരുന്നില്ല. അവൻ വളരെ ആവേശഭരിതനായിരുന്നു. ഇത് തീർച്ചയായും ഒരു വലിയ ഞെട്ടലായിരുന്നു. എന്നിരുന്നാലും ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടവരാണ്.” ജെസീക്കാ പ്രതികരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM

കോവിഡ് നിയന്ത്രണങ്ങൾ കാരണം അമ്മമാർ തനിച്ചായിരുന്നു സ്കാനിങ്ങിന് വിധേയമാകേണ്ടിയിരുന്നത്. അതിനാൽ തന്നെ ഹാരിയ്ക്ക് മൂന്നു കുഞ്ഞുങ്ങളെ കാണാൻ സ്കാൻ ചിത്രം ലഭിക്കുന്നതുവരെ കാത്തിരിക്കേണ്ടി വന്നു. 2020 മെയ് മാസത്തിൽ മിയ ജനിച്ച് 11 മാസത്തിനുശേഷം ഈ വർഷം ഏപ്രിലിലാണ് എല്ല, ജോർജ്ജ്, ബൊളീവിയ എന്നിവർ ജനിച്ചത്. തനിക്ക് ഒറ്റപ്രസവത്തിൽ മൂന്നു കുഞ്ഞുങ്ങൾ ഉണ്ടാകുമെന്ന് യാതൊരു സൂചനയും ലഭിച്ചില്ലെന്ന് വെളിപ്പെടുത്തിയ ജെസീക്കാ, ഇത് തനിക്ക് വലിയ സന്തോഷം നൽകിയെന്ന് അറിയിച്ചു. “എല്ലാ സാധനങ്ങളും മൂന്നെണ്ണം വീതം വാങ്ങാനുള്ള തിരക്കിലാണ് ഞങ്ങൾ.” അവൾ കൂട്ടിച്ചേർത്തു.

എട്ടുവയസ്സുള്ള മോളിയും ഉൾപ്പെടുന്ന ഈ കുടുംബം അവരുടെ പുതിയ ജീവിതത്തിലേയ്ക്കാണ് കാലെടുത്തു വച്ചിരിക്കുന്നത്. സഹോദരങ്ങളെ കളിപ്പിക്കാനും പരിചരിക്കാനും മോളിക്ക് ഏറെ താല്പര്യമാണെന്ന് ജെസീക്കാ പറഞ്ഞു. പ്രൈമറി സ്കൂൾ അദ്ധ്യാപികയായ ജെസീക്കയ്ക്ക് ഇത്രയും വലിയ കുടുംബം പുലർത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. അതുകൊണ്ട് തന്നെ അവർ കൂടുതൽ സന്തോഷകരമായ ജീവിതത്തിനായി ഒരുങ്ങിക്കഴിഞ്ഞു.