ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗ്ലാസ്ഗോ സർവകലാശാലയുടെ പിഴവുകൾ മൂലം ബിരുദം ലഭിക്കില്ലെന്ന തെറ്റായ അറിയിപ്പിനെ തുടർന്ന് വിദ്യാർത്ഥിയായ എഥൻ ബ്രൗൺ ജീവനൊടുക്കിയ സംഭവത്തിൽ സർവകലാശാലയ്ക്കെതിരെ കടുത്ത വിമർശനവുമായി ക്വാളിറ്റി അഷ്വറൻസ് ഏജൻസി (QAA) റിപ്പോർട്ട് സമർപ്പിച്ചു . ജിയോഗ്രഫിയിൽ 2:1 ഓണേഴ്സ് ബിരുദം ലഭിക്കേണ്ടിയിരുന്ന എഥനിന് ഒരു കോഴ്സിന്റെ ഗ്രേഡ് തെറ്റായി രേഖപ്പെടുത്തിയതിനെ തുടർന്ന് ബിരുദത്തിന് അർഹതയില്ലെന്ന് അറിയിക്കുകയായിരുന്നു. പിഴവ് സർവകലാശാലയിലെ ജീവനക്കാരോ രണ്ട് ആഭ്യന്തര പരീക്ഷാബോർഡുകളോ ഒരു ബാഹ്യ പരീക്ഷാബോർഡോ കണ്ടെത്തിയില്ല. ബിരുദദാനം നടക്കേണ്ട ദിവസമാണ് 23 കാരനായ എഥൻ ജീവനൊടുക്കിയത്.

ക്യു എ എയുടെ സ്വതന്ത്ര പരിശോധന സർവകലാശാലയുടെ അസസ്മെന്റ് ചട്ടങ്ങളിൽ പാളിച്ചകളുണ്ടെന്ന് കണ്ടെത്തി. പല ചട്ടങ്ങളും തെറ്റായ തീരുമാനങ്ങൾക്ക് ഇടയാക്കുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ജിയോഗ്രഫി സ്കൂളിൽ രണ്ടുപേർക്കുകൂടി തെറ്റായ ഫലങ്ങൾ ലഭിച്ചതായി കണ്ടെത്തിയതോടൊപ്പം അഞ്ചു കേസുകൾ കൂടി പരിശോധിക്കുകയാണെന്ന് ക്യു എ എ പറഞ്ഞു. അപകടസാധ്യതയുടെ വ്യാപ്തി എത്രത്തോളം പഴയതും നിലവിലേതും ഭാവിയിലേതുമായ അവാർഡുകളെ ബാധിച്ചതെന്നത് വ്യക്തമല്ലെന്നും റിപ്പോർട്ട് പറയുന്നു.

എഥന്റെ അമ്മ ട്രേസി സ്കോട്ട് സർവകലാശാല തന്റെ മകനെ കൊലയ്ക്ക് കൊടുത്തുവെന്ന് പറഞ്ഞു; സഹായം തേടിയിട്ടും പിന്തുണ ലഭിച്ചില്ലെന്നും അവർ ആരോപിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി ഫാറ്റൽ ആക്സിഡന്റ് ഇൻക്വയറി വേണമെന്നും അവർ ആവശ്യപ്പെട്ടു. 21 ശുപാർശകളടങ്ങിയ റിപ്പോർട്ട് നടപ്പാക്കുമെന്നും സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും സർവകലാശാല അധികൃതർ പറഞ്ഞു. സ്കോട്ടിഷ് ഫണ്ടിംഗ് കൗൺസിലിന്റെ നിർദേശപ്രകാരം രാജ്യവ്യാപകമായി സർവകലാശാലകളിലെ അസസ്മെന്റ് നടപടികൾ പുനഃപരിശോധിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.











Leave a Reply