മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീക്ക് ബോധം വന്നപ്പോള്‍ അറിയാനായത് തന്റെ എട്ട് വയസുള്ള മകളുടെ മരണ വാര്‍ത്ത. മാഞ്ചസ്റ്റര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് എട്ട് വയസുകാരിയായ സാഫി റൂസോസ്. ലാന്‍കാഷയറിലെ ലെയ്‌ലാന്‍ഡില്‍ നിന്നുള്ള സാഫി തന്റെ അമ്മ ലിസ, മൂത്ത സഹോദരി ആഷ്‌ലീ ബ്രോംവിച്ച് എന്നിവര്‍ക്കൊപ്പമാണ് അരിയായ ഗ്രാന്‍ഡേയുടെ സംഗീത പരിപാടി കാണാന്‍ പോയത്. ലിസയെയും ആഷ്‌ലിയെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗുരുതരാവസ്ഥയിലാണ് ലിസയെ ആശുപത്രിയില്‍ എത്തിച്ചത്. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇവര്‍ ജീവിതത്തിലേക്ക് തിരികെയെത്തിയത്. എന്നാല്‍ മരണത്തില്‍നിന്ന് രക്ഷപ്പെട്ട അവരെ കാത്തിരുന്നത് മകളുടെ ദുരന്തത്തിന്റെ വാര്‍ത്തയായിരുന്നു. ലെയ്‌ലാന്‍ഡ് മെമ്മറീസ് എന്ന ഫേസ്ബുക്ക് പേജില്‍ ഇവരുടെ കുടുംബ സുഹൃത്തായ മൈക്ക് സ്വാനിയാണ് ഈ വിവരം പങ്കുവെച്ചത്. ലിസ റൂസോസ് ഇപ്പോള്‍ ശസ്ത്രക്രിയക്ക് ശേഷം ജീവിതത്തിലേക്ക് തിരികെ വന്നുകൊണ്ടിരിക്കുകയാണെന്നും സാഹചര്യങ്ങളേക്കുറിച്ച് വ്യക്തമായ ധാരണ അവര്‍ക്ക് ഉണ്ടെന്നും പോസ്റ്റില്‍ പറയുന്നു.
ആശുപത്രിയില്‍ തന്നെ തുടരുന്ന ലിസയ്ക്ക് ഇപ്പോള്‍ കാലുകള്‍ ചലിപ്പിക്കാന്‍ സാധിക്കുന്നുണ്ടെന്ന് സ്വാനി ലാന്‍കാഷയര്‍ ഈവനിംഗ് പോസ്റ്റിനോട് പറഞ്ഞു. സാഫിയുടെ പിതാന് ആന്‍ഡ്രൂവിന്റെ ധൈര്യത്തെയും സ്വാനി പ്രകീര്‍ത്തിക്കുന്നു. അടുത്തയാഴ്ചയോടെ ഇവര്‍ക്ക് ആശുപത്രി വിടാനാകുമെന്നാണ് കരുതുന്നത്.
Leave a Reply