മുംബൈ ∙ കോവിഡ് മരണങ്ങൾ കൂടുമ്പോൾ മുംബൈ മഹാനഗരം സാക്ഷ്യം വഹിക്കുന്നത് സമാനതകളില്ലാത്ത ദുരിതക്കാഴ്ചകൾക്ക്. രോഗബാധയെത്തുടർന്നുളള മരണം ഉയർന്നതോടെ മൃതശരീരങ്ങൾ ഏറ്റെടുക്കാൻ ഉറ്റവർ തയാറാകാത്ത സ്ഥിതിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. വൈറസ് ബാധിതരെ ഒറ്റപ്പെടുത്തുന്ന സാഹചര്യവും വർധിക്കുന്നു.
ദിനംപ്രതി ശരാശരി രണ്ടായിരത്തോളം പേർക്കു രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുകയും 80 പേർ മരിക്കുകയും ചെയ്യുന്ന മഹാരാഷ്ട്ര ആഗോള ഹോട്‌സ്പോട്ടായി മാറുകയാണ്. ദിവസം ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ലോകനഗരങ്ങളിൽ മുൻനിരയിലാണ് മുംബൈ. ഇന്ത്യയിൽ കോവിഡ് ഏറ്റവും കൂടുതല്‍ വ്യാപിച്ച മഹാരാഷ്ട്രയില്‍ 67,655 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 2,286 മരണവും റിപ്പോര്‍ട്ട് ചെയ്തു. അസാധാരണവും ഭയപ്പെടുത്തുന്നതുമായ സാഹചര്യമാണ് മഹാനഗരത്തിലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മഹാരാഷ്ട്രയിൽ കോവിഡ് മരണങ്ങൾ കുത്തനെ ഉയർന്നതോടെ മൃതദേഹങ്ങൾ ഏറ്റെടുക്കാൻ ബന്ധുക്കൾ തയാറാകാത്ത സ്ഥിതി വിശേഷമുണ്ടെന്നു മുംബൈയിലെ കിങ് എഡ്‌വേർഡ് മെമ്മോറിയൽ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് മാധുരി രാം ദാസ് ഗായ്കർ പറഞ്ഞു. വൈറസിനോടുള്ള ഭയം ഇന്ത്യയിൽ പുതിയ തരത്തിലുള്ള ഉച്ചനീചത്വത്തിനു കാരണമായിരിക്കുന്നു. കോവിഡ് രോഗികളെ അയിത്തം കൽപ്പിച്ച് മാറ്റി നിർത്തുന്ന സ്ഥിതിവിശേഷമാണുള്ളത്. കൊറോണ വൈറസ് ബാധിതരെ വീടുകളിൽ നിന്നും അടിച്ചിറക്കുന്ന സാഹചര്യമുണ്ട്.
‘മരിച്ചവരുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളും മറ്റും വേഗം പൂർത്തിയാക്കാറുണ്ട്. എന്നാൽ മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റെടുക്കാത്തതിനാൽ പലപ്പോഴും വരാന്തയിൽ കിടത്തേണ്ടി വരുന്നു.’ – മാധുരി ഗായ്കർ പറഞ്ഞു. രോഗികൾ അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളിലെ 80% കിടക്കകൾ മഹാരാഷ്ട്ര സർക്കാർ ഏറ്റെടുത്തിരുന്നു. ഓഗസ്റ്റ് 31 വരെ ഈ കിടക്കകൾ സർക്കാരിന്റെ കൈവശമായിരിക്കും. മഹാരാഷ്ട്രയിലെ കോവിഡ് കേസുകൾ 40,000നു മുകളിലെത്തിയതോടെയാണ് അസാധാരണമായ തീരുമാനം സർക്കാർ കൈകൊണ്ടത്.
പല സർക്കാർ, സ്വകാര്യ ആശുപത്രികളിലും ആവശ്യത്തിനു കിടക്ക ഇല്ലാത്തതിനാൽ രോഗികളെ തറയിലാണ് കിടത്തിയിരിക്കുന്നത്. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിക്കു പോലും ഒരു കിടക്ക ലഭിക്കാൻ 12 മുതൽ 16 മണിക്കൂർ വരെ കാത്തിരിക്കേണ്ട സാഹചര്യമുണ്ട്.– മുംബൈയിൽ സർക്കാർ ഏർപ്പെടുത്തിയ വൈറസ് വിരുദ്ധ കർമസമിതിയുടെ ചുമതലയുള്ള ഡോ.സഞ്ജയ് ഓഖ് പറഞ്ഞു.
മറ്റു രോഗങ്ങൾക്ക് ചികിത്സ നൽകാൻ യാതൊരു നിർവാഹവുമില്ലാത്ത സ്ഥിതിവിശേഷമാണ്. ആശുപത്രി വാർഡുകൾ എല്ലാം തന്നെ കോവിഡ് വാർഡുകളായി മാറി. ഞങ്ങൾ ഓരോ ദിവസവും പുതിയ വാർഡുകൾ തുറക്കുന്നുണ്ടെങ്കിലു വൈകിട്ടോടെ രോഗികളെ കൊണ്ട് അവ നിറയുന്ന സ്ഥിതിയാണ്. – കിങ് എഡ്‌വേർഡ് മെമ്മോറിയൽ ആശുപത്രിയിലെ റസിഡന്റ് ഡോക്ടർ സാദ് അഹമ്മദ് ചൂണ്ടിക്കാട്ടി.
ലോക്മാന്യ തിലക്, കിങ് എഡ്‌വേർഡ് മെമ്മോറിയൽ എന്നീ ആശുപത്രികളിൽ വാർഡിലും വരാന്തയിലും കോവിഡ് രോഗികളുടെ മൃതദേഹങ്ങൾ കിടത്തിയിരിക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. സംഭവത്തിൽ സർക്കാർ അന്വേഷണം നടത്തുകയും ലോക്മാന്യ തിലക് ആശുപത്രിയിലെ വകുപ്പു തല മേധാവിയെ പുറത്താക്കുകയും ചെയ്തു. ആരോഗ്യ പ്രവർത്തകരിൽ ഭൂരിഭാഗം പേർക്കും രോഗമുണ്ട്. പലരും ക്വാറന്റീനിലുമാണ്.
ആംബുലൻസ് കിട്ടാതെയും കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലാതെയും ആശുപത്രിയിൽ പ്രവേശനം ലഭിക്കാതെ മരിക്കുന്ന മറ്റു രോഗികളുടെ എണ്ണവും ദിനംപ്രതി കൂടുകയാണ്. ചികിത്സ ലഭിക്കാതെ മരിക്കേണ്ടി വരുമോ എന്ന ആശങ്ക ശരാശരി മുംബൈക്കാരുടെ സമാധാനം കെടുത്തുന്നു. അതിഥിത്തൊഴിലാളികൾ അടക്കമുള്ളവരുടെ പലായനത്തിന് പിന്നിലെ പ്രധാന കാരണവും ഇതു തന്നെ. 20 ലക്ഷത്തോളം തൊഴിലാളികളാണ് സ്വന്തം സംസ്ഥാനങ്ങളിലേക്കു പോകാൻ റജിസ്റ്റർ ചെയ്തിട്ടുള്ളത്.
Leave a Reply