മുംബൈയില്‍ നിന്ന് കൊല്‍ക്കത്തയ്ക്ക് പോയ വിസ്താര വിമാനം ആകാശത്ത് വെച്ച് ശക്തിയായി ഉലഞ്ഞതിനെത്തുടര്‍ന്നത് എട്ട് പേര്‍ക്ക് പരിക്ക്. ലാന്‍ഡിങ്ങിന് പതിനഞ്ച് മിനിറ്റ് മുമ്പ് താഴ്ന്ന് തുടങ്ങുമ്പോള്‍ 20000-17000 അടി ഉയരെ വെച്ചാണ് അപകടം നടന്നത്.

അപകടത്തില്‍ ഗുരുതര പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളെ ഡിസ്ചാര്‍ജ് ചെയ്തു. 113 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. പ്രതികൂല കാലാവസ്ഥയാണ് അപകടത്തിന് കാരണം എന്നാണ് പ്രഥമിക നിഗമനം. പ്രതികൂല കാലാവസ്ഥ മൂലം കഴിഞ്ഞ ദിവസം ബെംഗളുരു-കൊല്‍ക്കത്ത വിമാനം റാഞ്ചിയിലേക്ക് തിരിച്ച് വിട്ടിരുന്നു.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും നിര്‍ഭാഗ്യകരമായ സംഭവത്തില്‍ യാത്രക്കാരോട് ക്ഷമ ചോദിക്കുന്നതായും വിസ്താര അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ സിവില്‍ ഏവിയേഷന്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.