സ്വന്തം ലേഖകൻ

മുംബൈ : രോഗം പൊട്ടിപുറപ്പെട്ട വുഹാൻ നഗരത്തെക്കാൾ മോശമാണ് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ സ്ഥിതി. മുംബൈയിൽ 52,000ത്തിലധികം കോവിഡ് കേസുകൾ ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ മാത്രം 97 മരണങ്ങൾ ഉണ്ടായി. ഇന്ത്യയിൽ 90,000ത്തിലധികം കേസുകളുള്ള ഏറ്റവും വലിയ കൊറോണ വൈറസ് ഹോട്ട്‌സ്പോട്ടാണ് മഹാരാഷ്ട്ര സംസ്ഥാനം. അതിനിടെ, നിലവിലെ നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ സംസ്ഥാനത്ത് വീണ്ടും കർശന ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മുന്നറിയിപ്പു നൽകി. മഹാരാഷ്ട്രയിൽ ബുധനാഴ്ച 3254 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗബാധിതർ 94,041 ആയി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മഹാരാഷ്ട്രയിൽ ഇതുവരെയുണ്ടായതിൽ ഒറ്റ ദിവസത്തെ ഏറ്റവുമുയർന്ന രോഗനിരക്കാണ് ബുധനാഴ്ചയുണ്ടായത്. 149 പേർ മരിച്ചതോടെ ആകെ മരണസംഖ്യ 3438 ആയി ഉയർന്നു.3254 പുതിയ രോഗികളിൽ 1567ഉം കോവിഡ് ഹോട്ട്സ്പോട്ടായ മുംബൈ നഗരത്തിലാണ്. മുംബൈയിൽ മാത്രം ആകെ രോഗികൾ 52,667 ആയി. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് കടുത്ത മുന്നറിയിപ്പാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നൽകിയിരിക്കുന്നത്. അപകടഘട്ടം ഇനിയും കടന്നുപോയിട്ടില്ല. ജനം ജാഗ്രത പാലിക്കുന്നില്ലെങ്കിൽ ഘട്ടംഘട്ടമായി ലോക്ക്ഡൗൺ ഉയർത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ആദ്യഘട്ടത്തിൽ ആശങ്കയുയർത്തിയ ധാരാവി, വർളി മേഖലകളിൽ രോഗികളുടെ എണ്ണം ഈ ദിവസങ്ങളിൽ കുറഞ്ഞു.

ലോക്ക്ഡൗൺ ഇളവുകൾ എന്നവണ്ണം ജൂൺ 8 ന് ഷോപ്പിംഗ് മാളുകൾ, ആരാധനാലയങ്ങൾ, ഓഫീസുകൾ എന്നിവ വീണ്ടും തുറക്കാൻ അനുവദിച്ചു. അതിനുമുമ്പ് കടകൾ, ഗതാഗത സേവനങ്ങൾ എന്നിവയെല്ലാം പ്രവർത്തിക്കാൻ അനുവദിച്ചിരുന്നു. ലോക്ക്ഡൗണിൽ ഇളവുകൾ വരുത്തുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് വിദഗ്ദ്ധർ പറഞ്ഞു. ലോക്ക്ഡൗൺ രാജ്യത്തിന് വൻ സാമ്പത്തിക നാശനഷ്ടമുണ്ടാക്കി. ദശലക്ഷക്കണക്കിന് ആളുകൾക്ക് ഇതിനകം ജോലിയും ഉപജീവനമാർഗവും നഷ്ടപ്പെട്ടു, ബിസിനസുകൾ അടച്ചുപൂട്ടി, പൊതുഗതാഗതം ഒറ്റരാത്രികൊണ്ട് നിർത്തിവച്ചതിനാൽ പല ദിവസവേതന കുടിയേറ്റ തൊഴിലാളികളും തങ്ങളുടെ നാട്ടിലേക്ക് പലായനം ചെയ്യേണ്ടിയും വന്നു. തലസ്ഥാനനഗരിയായ ഡൽഹിയിലും സ്ഥിതി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ ആകെ 8,107 മരണങ്ങൾ ഇതുവരെ ഉണ്ടായിക്കഴിഞ്ഞു. രാജ്യത്തെ രോഗബാധിതരുടെ എണ്ണം 287,155 ആയി ഉയർന്നു.