ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- സൗത്ത് ലണ്ടനിൽ നിന്നും ഒരു മാസം മുൻപ് കാണാതായ നേഴ്സിങ് വിദ്യാർത്ഥി ഓവാമി ഡേവിസിന്റെ മരണത്തിൽ പങ്കുണ്ടെന്ന സംശയത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി മെട്രോപൊളിറ്റൻ പോലീസ് അധികൃതർ വ്യക്തമാക്കിയിരിക്കുകയാണ്. എസെക്സിലെ ഗ്രെയ്‌സിൽ നിന്നുള്ള ഇരുപത്തിനാലുകാരിയായ ഓവാമി ജൂലൈ 4 -ന് വീട്ടിൽനിന്ന് പുറപ്പെട്ടതായാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്. അതിനുശേഷം ഓവാമിയെ ജൂലൈ 7 -ന് വെസ്റ്റ് ക്രോയ്ഡനിലെ ഡെർബി റോഡിൽ വച്ചാണ് അവസാനം കണ്ടതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഓവാമിയുടെ മരണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഇരുപത്തിമൂന്നും, ഇരുപത്തേഴും വയസ്സുള്ള രണ്ടുപേരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തതായി മെട്രോപൊളിറ്റൻ പോലീസ് വ്യക്തമാക്കി. ഇവർ ഇരുവരും സൗത്ത് ലണ്ടൻ പോലീസ് കസ്റ്റഡിയിലാണ്. സ്പെഷ്യലിസ്റ്റ് ക്രൈം കമാൻഡ് വിഭാഗത്തിലെ ഡിറ്റക്ടീവ് ഉദ്യോഗസ്ഥരാണ് ഈ കേസ് കൈകാര്യം ചെയ്യുന്നത്.
ഓവാമിയെ കണ്ടെത്തുന്നതിനായുള്ള ശക്തമായ അന്വേഷണം തുടരുകയാണെന്ന് മെട്രോപോളിറ്റൻ പോലീസ് വക്താവ് അറിയിച്ചു. ആരെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻതന്നെ അറിയിക്കണമെന്ന് നിർദ്ദേശം നൽകി കഴിഞ്ഞു.
Leave a Reply