ന്യൂസ് ഡെസ്ക്, മലയാളം യുകെ

വെസ്റ്റ് മിഡ് ലാൻഡിൽ 13 വയസ്സുകാരൻ കുത്തേറ്റു മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ബർമിംഗ്ഹാമിന് പടിഞ്ഞാറ് നഗരമായ ഓൾഡ്ബറിയിലെ ഒരു വീട്ടിലാണ് ആൺകുട്ടി കൊല്ലപ്പെട്ടത് . വ്യാഴാഴ്ച വൈകുന്നേരം 4:00 മണിക്കാണ് ആംബുലൻസ് സർവീസിനെ വിളിച്ചത് എന്ന് പൊലീസ് അറിയിച്ചു. കുത്തേറ്റ ആൺകുട്ടിയെ പാരാമെഡിക്കൽസ് ചികിത്സിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


കുട്ടി വീട്ടിനുള്ളിൽ തന്നെ കൊല്ലപ്പെട്ടതായി സാൻഡ്‌വെൽ പോലീസ് കമാൻഡറായ സിഎച്ച് സൂപ്‌റ്റ് കിം മഡിൽ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് വിശദമായി അന്വേഷണം നടക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. സംഭവം പ്രാദേശിക സമൂഹത്തിൽ കടുത്ത ഞെട്ടലാണ് ഉളവാക്കിയിരിക്കുന്നത്. കൊലപാതകത്തെ കുറിച്ച് ഊഹാപോഹങ്ങൾ സമൂഹമാധ്യമങ്ങളിൽ കൂടി പ്രചരിപ്പിക്കരുതെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. വെസ്റ്റ് മിഡ്ലാൻഡിലെ കത്തിയാക്രമണങ്ങളുടെ എണ്ണം ഭയാനകമായി കൂടിയിട്ടുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 13 വയസ്സുകാരനായ കുട്ടി കുത്തേറ്റ് മരണമടഞ്ഞ സംഭവം തന്നെ ഞെട്ടിച്ചുവെന്ന് സ്മെത്‌വിക്കിൻ്റെ ലേബർ എംപി ഗുരിന്ദർ സിംഗ് ജോസൻ പറഞ്ഞു.