ലണ്ടന്‍: മസിലുകള്‍ പെരുപ്പിച്ച് ആകര്‍ഷകമായി ശരീരവുമായി നടക്കാന്‍ എല്ലാവര്‍ക്കും താല്‍പര്യമുണ്ട്. പക്ഷേ അതിനായി ജിമ്മില്‍ പോയി വ്യായാമം ചെയ്യാനോ അതിനായി തയ്യാറാക്കിയിരിക്കുന്ന ഭക്ഷണശീലങ്ങള്‍ പിന്‍തുടരാനോ ആര്‍ക്കും താല്‍പര്യമില്ല. എല്ലാത്തിനും എളുപ്പവഴികള്‍ തേടുന്നതാണല്ലോ ഏവര്‍ക്കും ശീലം. ഇത്തരക്കാര്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. മസില്‍ ഉണ്ടാക്കുന്ന മരുന്നിന്റെ കണ്ടുപിടിത്തത്തിലേക്ക് ശാസ്ത്രലോകം ഒരു പടികൂടി അടുത്തിരിക്കുന്നു എന്നാണ് ആ വാര്‍ത്ത.
ശരീരത്തെ ക്ഷീണിപ്പിക്കുന്ന പ്രോട്ടീന്‍ ആയ മയോസ്റ്റാറ്റിനെക്കുറിച്ചുള്ള പഠനമാണ് പുതിയ വഴിത്തിരിവില്‍ എത്തിയിരിക്കുന്നത്. ഇവ ശരീരത്തില്‍ നിര്‍മിക്കപ്പെടുന്നത് ഒഴിവാക്കാനായാല്‍ ശരീരത്തിലെ പേശികള്‍ കൂടുതല്‍ വളരുകയും ഹൃദയത്തിന്റെയും വൃക്കകളുടെയും ആരോഗ്യവും സംരക്ഷിക്കാനും ആകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എലികളില്‍ നടത്തിയ പരീക്ഷണങ്ങള്‍ വിജയകരമാണെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. മനുഷ്യരില്‍ ഈ മാര്‍ഗം വളരെ ഫലപ്രദമാകുമെന്നാണ് കരുതുന്നത്. ശരീരത്തില്‍ ഈ പ്രോട്ടീന്‍ ഉല്‍പാദിപ്പിക്കുന്നത് പുതിയ മരുന്ന് തടയുന്നു. പൊണ്ണത്തടിയുള്ളവരില്‍ മയോസ്റ്റാറ്റിന്‍ ഉല്‍പാദനത്തിന്റെ അളവ് കൂടുതലാണ്. ഇത് പേശികളുടെ നിര്‍മാണത്തെ തടയുകയും ശരീരത്തിന് തളര്‍ച്ചയുണ്ടാക്കുകയും ചെയ്യും
അമേരിക്കയിലെ ജോര്‍ജിയയിലുള്ള ഓഗസ്റ്റ യൂണിവേഴ്‌സിറ്റിയിലാണ് ഇതു സംബന്ധിച്ചുള്ള ഗവേഷണങ്ങള്‍ നടക്കുന്നത്. പൊണ്ണത്തടിയെ ചെറുക്കുകയും വ്യായാമത്തിന്റെ എല്ലാ ഫലങ്ങളും നല്‍കുകയും ചെയ്യുന്ന ഒരു ഗുളികയുടെ കണ്ടെത്തലിലേക്കാണ് തങ്ങള്‍ നീങ്ങുന്നതെന്ന് ഗവേഷകരില്‍ ഒരാളായ ജോഷ്വ ബുച്ചര്‍ പറഞ്ഞു. പേശീക്ഷയത്തിനും അര്‍ബുദ ചികിത്സയ്ക്കും എയിഡ്‌സിനു വരെ ഈ മരുന്ന് ഫലപ്രദമായി ഉപയോഗിക്കാനാകുമെന്നാണ് കരുതുന്നത്.
Leave a Reply