വടക്ക് കിഴക്കൻ ഡൽഹിയിൽ നടക്കുന്ന കലാപത്തിന് തീ പകർന്നവരിൽ പ്രധാനിയാണ് ബി.ജെ.പി നേതാവ് കപിൽ മിശ്ര. കപിലിന്റെ കലാപ ആഹ്വാനത്തിന് പിന്നാലെയാണ് സംഘ പരിവാർ പ്രവർത്തകർ വടക്കന്‍ ഡല്‍ഹിയില്‍ വ്യാപക അക്രമം അഴിച്ചു വിട്ടത്. കപിലിനെതിരെ നടപടി വേണമെന്ന് ഗൗതം ഗംഭീർ എം.പി രംഗത്ത് വന്നത് ബി.ജെ.പിക്ക് വലിയ തിരിച്ചടിയാവുകയും ചെയ്തു.

ആരാണ് കപില്‍ മിശ്ര?

വടക്ക് കിഴക്കന്‍ ഡല്‍ഹിയുടെ ഭാഗമായ കര്‍വാള്‍ നഗര്‍ മണ്ഡലത്തില്‍ നിന്നും 2015ല്‍ ആംആദ്മി ടിക്കറ്റില്‍ മല്‍സരിച്ച് വിജയിച്ച കപില്‍ മിശ്ര 44,431 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബി.ജെ.പിയുടെ മോഹന്‍ സിംഗ് ഭിഷ്ടിനെ പരാജയപ്പെടുത്തിയത്. ആംആദ്മി സര്‍ക്കാരിന് കീഴില്‍ തുടക്കത്തില്‍ ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന കപില്‍ മിശ്രയെ വൈകാതെ തന്നെ കെജ്‍രിവാളിനെതിരായ ആരോപണത്തെ തുടര്‍ന്ന് മന്ത്രിസഭയില്‍ നിന്നും പുറത്താക്കി. ആംആദ്മി പാര്‍ട്ടിയുടെ എം.എല്‍.എ ആയിരുന്ന സന്ദര്‍ഭങ്ങളില്‍ തന്നെ ബി.ജെ.പി വേദികളിലും സജീവ സാന്നിധ്യമായിരുന്ന കപില്‍ മിശ്രയെ വൈകാതെ പാര്‍ട്ടി പുറത്താക്കുകയായിരുന്നു. ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ഉടനെ തന്നെ കപില്‍ മിശ്ര മനോജ് തിവാരി, വിജയ് ഗോയല്‍, വിജേന്ദര്‍ ഗുപ്ത, സതീഷ് ഉപാദ്യായ എന്നിവരുടെ സാന്നിധ്യത്തില്‍ ബി.ജെ.പിയില്‍ ചേര്‍ന്നു.

പൗരത്വ ഭേദഗതി നിയമത്തിന് എതിരെ സമരം ചെയ്യുന്നവരെ മാറ്റിയില്ലെങ്കിൽ ബാക്കി ഞങ്ങൾ നോക്കും എന്നായിരുന്നു ബി.ജെ.പി നേതാവ് കപിൽ മിശ്ര പ്രസംഗിച്ചത്. ഇതിന് തൊട്ടടുത്ത ദിവസമാണ് വടക്ക് കിഴക്കൻ ഡൽഹി കലാപ ഭൂമി ആയി മാറിയത്. സംഘ പരിവാർ പ്രവർത്തകർ സംഘടിതമായി എത്തി കലാപം അഴിച്ചു വിട്ട ഡല്‍ഹിയില്‍ കപില്‍ മിശ്രയുടെ നേതൃത്വത്തിലാണ് ആളുകള്‍ കലാപത്തിനെത്തിയത്. പൊലീസിന്റെ പൂര്‍ണമായ അനുവാദത്തോടെയാണ് അക്രമികള്‍ ഒരു രാത്രി മുഴുവനും ഡല്‍ഹിയില്‍ അഴിഞ്ഞാടി. അക്രമികള്‍ വലിയ കല്ലുകള്‍ ട്രാക്ടറുകളില്‍ കൊണ്ടുവന്ന് ഇറക്കിയാണ് സമരക്കാര്‍ക്ക് നേരെ എറിഞ്ഞത്. നിലവിലും സംഘര്‍ഷത്തിന് അഴവില്ലാത്ത ദല്‍ഹിയില്‍ വലിയ കലാപത്തിനുള്ള ശ്രമത്തിലാണ് സംഘ പരിവാര്‍ സംഘം. ഡൽഹിക്ക് പുറത്ത് നിന്ന് ആളുകൾ കലാപം നടത്താൻ എത്തിയെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ പ്രതികരിച്ചത്. ഇത്രയും വിദ്വേഷപരമായ പ്രസംഗം നടത്തുകയും ഏഴ് പേർക്ക് ജീവൻ നഷ്ടപെടാൻ കാരണമായ കലാപത്തിന് പ്രേരിപ്പിക്കുകയും ചെയ്ത കപിൽ മിശ്രക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ രംഗത്തുവന്നത്.കപിൽ മിശ്രക്കെതിരെ പൊലീസ് കേസ് എടുത്തെങ്കിലും നടപടി ഒന്നും ഇത് വരെയുണ്ടായിട്ടില്ല. വിദ്വേഷ പ്രസംഗത്തിലൂടെ ഡൽഹിയിൽ ബി.ജെ.പിയുടെ പുതിയ മുഖമാവുകയാണ് കപിൽ മിശ്ര.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതോടൊപ്പം ഡൽഹിയിൽ നിന്നും മുസ്‍ലിംകള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍. ദല്‍ഹിയിലെ മുസ്‍ലിം ഭൂരിപക്ഷ പ്രദേശമായ ജഫറാബാദില്‍ നിന്നാണ് കൂട്ടത്തോടെ മുസ്‍ലിം കുടുംബങ്ങള്‍ വീടും സ്വത്ത് വകകളും വിട്ട് പോകുന്നത്. പൊലീസിന്റെയും സംഘപരിവാര്‍ പ്രവര്‍ത്തകരുടെയും കൂട്ടായ ആക്രമണത്തില്‍ ഭയന്നാണ് കുടുംബങ്ങള്‍ നാട് വിടുന്നത്. ഡല്‍ഹിയില്‍ ഇന്നലെയുണ്ടായ ആക്രണത്തില്‍ മുസ്‍ലിം വീടുകളെയും കടകളെയും ലക്ഷ്യമാക്കിയാണ് ആക്രമണകാരികള്‍ നീങ്ങിയത്. ഹിന്ദു വീടുകള്‍ക്ക് പുറത്ത് കാവി കൊടി കെട്ടിയാണ് വേര്‍തിരിച്ച് മുസ്‍ലിം വീടുകളെ ലക്ഷ്യം കാണിച്ചുകൊടുത്തത്. ദല്‍ഹിയുടെ വടക്ക് കിഴക്ക് ഭാഗങ്ങളില്‍ ഇന്നലെ മുതല്‍ ആരംഭിച്ച സംഘര്‍ഷത്തില്‍ അഞ്ചു പേർ ഇത് വരെ കൊല്ലപ്പെട്ടതായ സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകളാണുള്ളത്. നിരവധി പേര്‍ പരിക്കുകളോടെ ആശുപത്രികളിലാണ്. പൊലീസുകാരനും തദ്ദേശവാസിയായ നാലു പേരുമാണ് അക്രമങ്ങളിൽ കൊല്ലപ്പെട്ടത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരും സംഘപരിവാര്‍ പ്രവര്‍ത്തകരും തമ്മിലാണ് തിങ്കളാഴ്ച വീണ്ടും സംഘർഷമുണ്ടായത്. കല്ലേറിൽ പരിക്കേറ്റ ഹെഡ്കോണ്‍സ്റ്റബിള്‍ രത്തൻലാലാണ് കൊല്ലപ്പെട്ട പൊലീസുകാരൻ. വൈകീട്ടോടെയാണ് തദ്ദേശവാസിയായ മുഹമ്മദ് ഫുർഖാൻ കൊല്ലപ്പെട്ട വിവരം പുറത്തുവന്നത്. ക്രൂരമായ ശാരീരിക മർദനമേറ്റതിനെ തുടർന്നാണ് ഫുർഖാൻ കൊല്ലപ്പെട്ടത്.

സി.എ.എക്ക് എതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വെടിയുതിര്‍ക്കുകയും കല്ലെറിയുകയും ചെയ്തതോടെയാണ് ആക്രമണം ആരംഭിച്ചത്. സി.എ.എ പ്രതിഷേധക്കാരെ നേരിടാനായി കല്ലുകള്‍ ലോറികളില്‍ കൊണ്ടുവരികയായിരുന്നുവെന്ന് അനുകൂലികള്‍ പറയുന്നു. മതം ചോദിച്ചായിരുന്നു ആക്രമണമെന്ന് പരിക്കേറ്റവരുടെ ബന്ധുക്കള്‍ പറഞ്ഞു. പരിക്കേറ്റവരുമായി പോയ ആംബുലന്‍സിനെയും പ്രക്ഷോഭകാരികള്‍ വെറുതെവിട്ടില്ല. പൊലീസ് നോക്കി നില്‍ക്കെയായിരുന്നു ആക്രമണമെന്ന് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ജെ.എന്‍.യു വിദ്യാര്‍ഥി സഫ മീഡിയവണിനോട് പറഞ്ഞു. അക്രമികള്‍ക്കൊപ്പം നിന്നുവെന്ന വിമര്‍ശനവും പൊലീസിനെതിരെയുണ്ട്. പൗരത്വ സമരക്കാര്‍ക്ക് എതിരായ അക്രമം പൊലീസ് സാന്നിധ്യത്തിലായിരുന്നുവെന്ന് പ്രക്ഷോഭകാരികള്‍ പറയുന്നു. പൊലീസിനൊപ്പം ആക്രമണം നടത്തുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.