ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മൂന്ന് മുസ്‌ലിം പുരോഹിതരെ അജ്ഞാതര്‍ മര്‍ദിച്ച് അവശരാക്കിയ ശേഷം ഓടുന്ന ട്രെയിനില്‍ നിന്നും പുറത്തേയ്ക്ക് എറിഞ്ഞു. ബാഗ്പത് ജില്ലയിലാണ് രാജ്യത്തെ നടുക്കുന്ന സംഭവമുണ്ടായത്. ആക്രമണത്തില്‍ പരിക്കേറ്റ മുസ്‌ലിം പുരോഹിതരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡല്‍ഹിയിലെ മര്‍കാസി മസ്ജിദ് സന്ദര്‍ശനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് ആക്രമണത്തിന് ഇരയായത്. ബാഗ്പതിലെ അഹീഡ സ്വദേശികളാണ് ഇവര്‍. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.
അഹീഡ സ്റ്റേഷനില്‍ ട്രെയിന്‍ എത്തുന്നതിന് തൊട്ടുമുന്‍പാണ് ആക്രമണം നടന്നതെന്ന് മുസ്‌ലിം പുരോഹിതര്‍ പറഞ്ഞു. ഇറങ്ങുന്നതിന് മുന്നോടിയായി തങ്ങള്‍ ഷൂ ധരിച്ച് തയാറാകുന്നതിനിടെ ഒരു സംഘം ട്രെയിന്‍ വാതിലടച്ച് മര്‍ദിക്കുകയായിരുന്നു.
ഇരുമ്പു വടിയും മറ്റ് ആയുധങ്ങളും അക്രമികളുടെ കൈവശമുണ്ടായിരുന്നുവെന്നും ഇവര്‍ പറയുന്നു. ഏഴംഗ സംഘമാണ് ആക്രമിച്ചതെന്നാണ് ഇവരുടെ മൊഴി. മര്‍ദനത്തിന് ശേഷം സ്റ്റേഷനില്‍ നിര്‍ത്താന്‍ പോവുകയായിരുന്ന ട്രെയിനില്‍ നിന്നും തങ്ങളെ പുറത്തേയ്ക്ക് എറിഞ്ഞുവെന്നും പുരോഹിതര്‍ പൊലീസിന് മൊഴി നല്‍കി.
Leave a Reply