ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- മുസ്ലിം പൗരന്മാർക്ക് നേരെയുള്ള തീവ്ര വലതുപക്ഷ പ്രതിഷേധങ്ങൾ മൂലം ഹിജാബ് ധരിച്ച് വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങാൻ തങ്ങൾക്ക് ഭയമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുസ്ലിം സ്ത്രീകൾ. അതോടൊപ്പം തന്നെ വരും ദിവസങ്ങളിൽ കൂടുതൽ കലാപങ്ങൾക്കുള്ള സാധ്യതയുണ്ടെന്ന വാർത്തകളും വ്യാപകമായി പരക്കുന്നുണ്ട്. ആശങ്കാകുലരായ ജീവനക്കാരെ വീട്ടിൽ നിന്ന് ജോലി ചെയ്യുവാൻ പല കമ്പനി ഉടമകളും അനുവദിച്ചു കഴിഞ്ഞു. ആശങ്കാകുലരായ ജനങ്ങൾ തങ്ങളുടെ ഭയവും ആശങ്കയുമെല്ലാം സോഷ്യൽ മീഡിയയിലെ വിവിധ പ്ലാറ്റ് ഫോമുകളിൽ പങ്കുവെക്കുന്നുണ്ട്. ടിക് ടോക് വീഡിയോകളിൽ ഉൾപ്പെടെ തങ്ങൾ നേരിടുന്ന വംശീയ അതിക്രമം ജനങ്ങൾ തുറന്നുകാട്ടുകയാണ്. ബ്രിട്ടനിലെ നഗരങ്ങളിൽ ദിവസങ്ങളോളം നീണ്ടുനിന്ന പ്രതിഷേധങ്ങളും പ്രകടനങ്ങളുമാണ് ഇത്തരത്തിൽ ഒരു ഭയം ആളുകളിൽ ഉണ്ടാക്കുന്നതിന് ഇടയാക്കിയത്. ഇത്തരത്തിൽ പ്രതിഷേധങ്ങൾ നടത്തിയതിന് കുറഞ്ഞത് 400 പേരോളം ഇതുവരെ അറസ്റ്റിലായി കഴിഞ്ഞു. മുസ്ലിം പൗരന്മാർക്ക് നേരെ മാത്രമല്ല, കുടിയേറ്റക്കാർക്ക് നേരെയും വലതുപക്ഷ പ്രവർത്തകർ അതിക്രമങ്ങൾ അഴിച്ചു വിടുന്നുണ്ട്. ഇതിനോട് തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുടെ ടെലഗ്രാം ചാനലിൽ പെട്രോൾ ബോംബുകൾ എങ്ങനെ നിർമ്മിക്കാം എന്നുള്ള നിർദ്ദേശങ്ങളും, റഷ്യൻ നിയോ- നാസി ഗ്രൂപ്പായ വൈറ്റ് പവർ ക്രൂവിന്റെ ആക്രമണങ്ങളെ കുറിച്ചുള്ള മാനുവലുകളും മറ്റും പങ്കുവയ്ക്കപ്പെട്ടതായും വാർത്തകൾ വ്യക്തമാക്കുന്നു. 14,000-ത്തിലധികം പേരുള്ള ഒരു ടെലിഗ്രാം ഗ്രൂപ്പിൽ ഇമിഗ്രേഷൻ അഭിഭാഷകരുടെയും സോളിസിറ്റർമാരുടെയും അവരുടെ സ്ഥാപനങ്ങളുടെയും ഉപദേശക ഏജൻസികളുടെയും ഒരു ലിസ്റ്റ് പങ്കുവെച്ച്, നാളെ രാത്രി ഒരു നിശ്ചിത സമയത്ത് അവരെ ആക്രമിക്കാനുള്ള ആഹ്വാനങ്ങളും മറ്റും നൽകിയതായും വാർത്തകൾ വ്യക്തമാക്കുന്നു. ഇത്തരം ഒരു സാഹചര്യമാണ് ആളുകളിൽ ഭീതി വളർത്തുന്നതിന് കാരണമായി തീർന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇംഗ്ലീഷ് ഡിഫൻസ് ലീഗ് എന്ന സംഘടന ഈ കലാപങ്ങൾക്ക് പുറകിൽ ഉണ്ടെന്ന് പുതിയ തെളിവുകൾ സൂചിപ്പിക്കുന്നു. കുടിയേറ്റക്കാരെ പാർപ്പിച്ചിരിക്കുന്ന ഹോട്ടലുകൾക്ക് നേരെയും മുസ്ലിം പള്ളികൾക്ക് നേരെയും ആക്രമണങ്ങൾ ശക്തമായിരിക്കുകയാണ്. വിദ്വേഷ പ്രചരണങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുവാൻ സോഷ്യൽ മീഡിയ കാരണമായതായി ക്യാബിനറ്റ് മന്ത്രിമാർ കുറ്റപ്പെടുത്തി. സൗത്ത്പോർട്ടിൽ പെൺകുട്ടികളെ കുത്തി കൊലപ്പെടുത്തിയത് മുസ്ലിം കുടിയേറ്റക്കാരനാണെന്ന വ്യാജവാർത്ത രാജ്യത്തുടനീളം ആക്രമണങ്ങൾക്ക് വഴിതെളിച്ചു. ഇത്തരം ആക്രമണങ്ങളെ ചെറുക്കാനുള്ള എല്ലാവിധ നടപടികളും ശക്തമായി ഉണ്ടാകുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ വ്യക്തമാക്കി.