നിരവധി വർഗീയ, വിദ്വേഷ പരാമർശങ്ങൾ നടത്തിയ ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ ഗിരിരാജ് സിങ് മുസ്ലിംകൾക്കെതിരെ വിദ്വേഷ പരാമർശവുമായി വീണ്ടും രംഗത്ത്. 1947ൽ തന്നെ എല്ലാ മുസ്‌ലിംകളെയും പാകിസ്താനിലേക്ക് അയക്കേണ്ടിയിരുന്നുവെന്ന് ഗിരിരാജ് സിങ് പറഞ്ഞു.
‘‘രാഷ്ട്രത്തിനായി സ്വയം സമർപ്പിക്കേണ്ട സമയമാണിത്. 1947ന് മുമ്പ് ജിന്ന ഇസ്ലാമിക രാഷ്ട്രവുമായി മുന്നോട്ടുപോയി. ഞങ്ങളുടെ പൂർവ്വികർ ചെയ്ത വലിയ തെറ്റിന് ഞങ്ങൾ വില നൽകുകയാണ്. അന്ന് മുസ്ലിം സഹോദരന്മാരെ അവിടേക്ക് അയച്ച് ഹിന്ദുക്കളെ ഇവിടേക്ക് കൊണ്ടുവന്നിരുന്നുവെങ്കിൽ ഞങ്ങൾക്ക് ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല. മറ്റ് ദേശങ്ങളിലായിപ്പോയ ഇന്ത്യക്കാർക്ക് ഇവിടെ അഭയം ലഭിച്ചില്ലെങ്കിൽ അവർ എവിടെ പോകും? ” ബുധനാഴ്ച ബീഹാറിലെ പൂർണിയയിൽ സംസാരിക്കുകയായിരുന്നു ഗിരിരാജ് സിങ്.
2015ന് മുമ്പ് ഇന്ത്യയിലെത്തിയ പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിം ഇതര അഭയാർഥികൾക്ക് മാത്രം പൗരത്വം വാഗ്ദാനം ചെയ്യുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സി.എ.എ) രാജ്യവ്യാപക പ്രതിഷേധം ആളിപ്പടരുന്നതിനിടെയാണ് മൃഗസംരക്ഷണ, ക്ഷീര, മത്സ്യബന്ധന വകുപ്പ് മന്ത്രിയുടെ അഭിപ്രായ പ്രകടനം.
Leave a Reply