അഡ്വ ദിലീപ് കുമാർ
ലണ്ടൻ: ഭാഷാ പഠനത്തിന്റെ പ്രാധാന്യം ഓർമിപ്പിച്ചുകൊണ്ട് മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ സഹകരണത്തോടെ നോർത്താംപ്ടനിൽ കേരള അക്കാദമി നോർത്താന്റ്സ് എന്ന പേരിൽ ആരംഭിച്ച മലയാളം സ്കൂളിന്റെ ഉദ്ഘാടനം പ്രൗഢോജ്വലമായി. ആഹ്ലാദകരമായ അന്തരീക്ഷത്തിൽ കുട്ടികളും മാതാപിതാക്കളും അടങ്ങിയ വലിയ സദസ്സിനെ സാക്ഷി നിർത്തി മുൻമന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. കേരളത്തിന്റെ മഹത്തായ സംസ്കാരവും പൈതൃകവും ചേർത്തു പിടിക്കുവാൻ മാതൃഭാഷാ പഠനം അനിവാര്യമാണെന്നും തേനൂറുന്ന ഭാഷയാണ് മലയാളമെന്നും മാതൃഭാഷയിൽ നിന്നുകൊണ്ടു മാത്രമേ സ്വത്വം നിലനിർത്താനാവുകയുള്ളുവെന്നും എം വി ഗോവിന്ദൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.
ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള മലയാളികളെ ഒന്നിച്ചു നിർത്തുന്നത് മാതൃഭാഷയാണെന്നും മാതൃഭാഷയിലൂടെ ചിന്തിക്കുവാനും സ്വപ്നം കാണുവാനും കഴിയണമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭാഷയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതാണെന്നും എന്നാൽ അത് തീവ്രമായ ഭാഷാ വാദമായി മാറിയാൽ അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏവർക്കും ചിന്തനീയമായ എം വി ഗോവിന്ദൻ മാസ്റ്ററിന്റെ പ്രസംഗം ഹർഷാരവത്തോടെയാണ് സദസ്സ് ഏറ്റുവാങ്ങിയത് .
ലോക കേരളസഭ അംഗവും കേരള അക്കാദമി നോർത്ത് ആൻഡ്സ് സ്കൂൾ ചെയർമാനുമായ അഡ്വ ദിലീപ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നോർത്താംപ്ടനിലെ മുഴുവൻ സാംസ്കാരിക സാമൂഹിക സംഘടനകളുടെയും സഹകരണത്തോടെ ഒരു മലയാളം സ്കൂൾ ആരംഭിക്കുവാനായി നേതൃത്വം നൽകുവാൻ സാധിച്ചത് വളരെ സന്തോഷകരമായ കാര്യമാണെന്നും ഈ ഉദ്യമത്തിന് നോർത്താംപ്ടനിലെ എല്ലാ കുടുംബാംഗങ്ങളുടെയും സഹകരണവും പ്രോത്സാഹനവും ഉണ്ടാവണമെന്നും തന്റെ അധ്യക്ഷ പ്രസംഗത്തിൽ അഡ്വ ദിലീപ് കുമാർ എടുത്തുപറഞ്ഞു.
മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രസിഡന്റും ലോകകേരളസഭാംഗവുമായ സി എ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. യുകെയിൽ വളർന്നുവരുന്ന കുട്ടികൾ മറ്റു ഭാഷകളോടൊപ്പം മാതൃഭാഷയായ മലയാളവും പഠിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ആവശ്യകതയെക്കുറിച്ചും മലയാളം മിഷന്റെ പാഠ്യപദ്ധതിയെ സംബന്ധിച്ചും വിശദമായി അദ്ദേഹം സംസാരിച്ചു. ഇംഗ്ലണ്ടിന്റെ ഹൃദയഭാഗമെന്ന് വിശേഷിപ്പിക്കാവുന്ന നോർത്താംപ്ടനിൽ കേരള അക്കാദമി നോർത്ത്ആൻഡ്സ് എന്ന പേരിൽ ആരംഭിച്ചിരിക്കുന്ന മലയാളം സ്കൂൾ യുകെയിലെ മറ്റ് സ്കൂളുകൾക്കെല്ലാം മാതൃകാപരമായ ഒരു സ്കൂൾ ആയി വളരട്ടെ എന്നും സിഎ ജോസഫ് ആശംസിച്ചു.
എം വി ഗോവിന്ദൻ മാസ്റ്ററിന്റെ പത്നി പി കെ ശ്യാമള ടീച്ചർ ആശംസ അർപ്പിച്ചു. ഓരോ വ്യക്തികളുടെയും സാംസ്കാരിക വളർച്ചയിൽ ഭാഷയുടെ സ്വാധീനം വലുതാണെന്നും അഭിപ്രായപ്പെട്ട പി കെ ശ്യാമള ടീച്ചർ അന്യദേശത്ത് താമസിക്കുന്ന കുട്ടികളാണെങ്കിലും മാതാപിതാക്കളോട് വീട്ടിൽ മലയാളം സംസാരിച്ചും പുസ്തകങ്ങൾ വായിച്ചും മാതൃഭാഷയെ പ്രിയപ്പെട്ടതാക്കി മാറ്റണമെന്നും സൂചിപ്പിച്ചു. സമീക്ഷ യുകെ ദേശീയ പ്രസിഡന്റ് ശ്രീകുമാർ ഉള്ളപ്പിള്ളിൽ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി, മലയാളം മിഷൻ യുകെ ചാപ്റ്റർ സെക്രട്ടറി എബ്രഹാം കുര്യൻ, റീജിയണൽ കോർഡിനേറ്റർ ആഷിക്ക് മുഹമ്മദ് നാസർ ചിലങ്ക സെക്രട്ടറി ജിജോ തോമസ്, ഫിനിക്സ് ക്രിക്കറ്റ് ക്ലബ് പ്രതിനിധി ഡോൺ പൗലോസ് മലയാളി അസോസിയേഷൻ ഓഫ് നോർത്താംപ്ടനെ പ്രീതിനിധീകരിച്ച് ബ്രീത്ത് വർഗീസ് എന്നിവരും ആശംസ അർപ്പിച്ചു.
മുഖ്യാതിഥികളായി എത്തിയ മുൻ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററിനും പി കെ ശ്യാമള ടീച്ചറിനും കേരള അക്കാദമി നോർത്താന്റ്സ് മലയാളം സ്കൂളിന്റെ ഉപഹാരങ്ങൾ സ്കൂൾ ചെയർമാൻ അഡ്വ ദിലീപ് കുമാറും സ്കൂൾ മാനേജർ ആന്റോ കുന്നേപ്പറമ്പിലും ചേർന്ന് നൽകി.
മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കടയും മുൻ ഡയറക്ടർ പ്രൊഫ സുജ സൂസൻ ജോർജും മലയാളം അക്കാദമി നോർത്താൻഡ്സ് മലയാളം സ്കൂളിന് ആശംസ സന്ദേശങ്ങളും നൽകിയിരുന്നു.
കുട്ടികളെ യാതൊരു തടസവും കൂടാതെ തുടർച്ചയായി മലയാള ഭാഷ പഠിപ്പിക്കുന്നതിന് സന്നദ്ധ സേവനം നൽകുവാൻ തയ്യാറായ അധ്യാപകരുടെ പാനലും സ്കൂളിന്റെ സുഗമമായ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്നതിന് രക്ഷകർത്താക്കളും അധ്യാപകരുമടങ്ങിയ ഡയറക്ടർ ബോർഡും രൂപീകരിച്ചിട്ടുണ്ട്. സ്കൂൾ ഡെപ്യൂട്ടി ഹെഡ് ടീച്ചർ ശരത് രവീന്ദ്രൻ മറ്റ് അധ്യാപകരായ രമേശ് രത്നദാസൻ, നിവി ദിലീപ് കുമാർ, സൂസൻ ജാക്സൺ എന്നിവരെ പരിചയപ്പെടുത്തുകയും കുട്ടികൾ റോസാപ്പൂക്കൾ നൽകി അധ്യാപകരെ ആദരിക്കുകയും ചെയ്തു.
ചടങ്ങിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും ഹെഡ് ടീച്ചർ സൂസൻ ജാക്സൺ സ്വാഗതമാശംസിച്ചു. പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചവർക്കും സന്നിഹിതരായവർക്കും സ്കൂൾ ഡയറക്ടർ റിജൻ അലക്സ് നന്ദിയും രേഖപ്പെടുത്തി. സംഘാടകരുടെ നേതൃത്വത്തിൽ ക്രമീകരിച്ച സ്നേഹവിരുന്നോടുകൂടിയാണ് പരിപാടികൾ പര്യവസാനിച്ചത് .
Leave a Reply