ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- യൂണിഫോം സ്‌കേർട്ടിൻെറ നീളം കുറവാണെന്ന കാരണത്താൽ മകളെ സ്കൂളിൽ നിന്നും പുറത്താക്കിയെന്നുള്ള ആരോപണവുമായി രംഗത്തെത്തിരിക്കുകയാണ് കുട്ടിയുടെ മാതാവ്. നോട്ടിങ്ഹാമിലെ ബേക്കർസ് ഫീൽഡിലുള്ള സോയി ഗ്രഹാമാണ് ഇത്തരത്തിൽ സ്കൂളിനെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്. ഈ ഒരു കാരണം മൂലം തന്റെ മകൾക്ക് വിലപ്പെട്ട പഠനസമയം നഷ്ടമാവുകയാണെന്നും, അതോടൊപ്പം തന്നെ പരീക്ഷ എഴുതാനുള്ള അവസരം നഷ്ടപ്പെടുകയാണെന്നും അവർ കുറ്റപ്പെടുത്തി. കഴിഞ്ഞ ഒമ്പതു മാസമായി ഇതേ വസ്ത്രം തന്നെയാണ് തന്റെ മകൾ സ്ഥിരമായി സ്കൂളിൽ ധരിച്ചു വരുന്നത്. എന്നാൽ ഇപ്പോൾ 9 മാസങ്ങൾക്കുശേഷം ജൂണിൽ സ്കൂൾ അധികൃതർ ഉണ്ടാക്കിയ പുതിയ യൂണിഫോം പോളിസി പ്രകാരമാണ് തന്റെ മകളെ സ്കൂളിൽ നിന്നും പുറത്താക്കിയിരിക്കുന്നതെന്നും സോയി മാധ്യമങ്ങളോട് പറഞ്ഞു. തന്റെ മകൾ പഠന വൈകല്യമുള്ള കുട്ടിയാണെന്നും അതിനാൽ തന്നെ നഷ്ടപ്പെടുന്ന സമയം വിലപ്പെട്ടതാണെന്നും അവർ പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച വരെ തന്റെ മകൾ ക്ലാസ്സിൽ പങ്കെടുത്തിരുന്നെന്നും എന്നാൽ പിന്നീട് തനിക്ക് വന്ന ഫോൺകോളിൽ ആണ് തിങ്കളാഴ്ച വരെ കുട്ടിയെ സ്കൂളിൽ നിന്ന് പുറത്താക്കിയതായി അധികൃതർ അറിയിച്ചതെന്നും സോയി വ്യക്തമാക്കി. സ്‌കേർട്ടിന്റെ നീളം കുറഞ്ഞു എന്ന് ഒറ്റ കാരണത്താൽ കുട്ടിയെ സ്കൂളിൽ നിന്ന് പുറത്താക്കുന്നത് തെറ്റാണെന്ന് സോയി പറഞ്ഞു. ജൂൺ മാസം ആദ്യം തന്നെ പുതിയ യൂണിഫോം പോളിസികളെ സംബന്ധിച്ചുള്ള അറിയിപ്പ് മാതാപിതാക്കൾക്ക് നൽകിയിരുന്നതായി സ്കൂൾ അധികൃതർ വ്യക്തമാക്കി. എന്നാൽ തന്റെ മകൾക്ക് വിദ്യാഭ്യാസം നിഷേധിക്കുവാൻ ഇത് മാത്രം കാരണമാക്കുവാൻ സാധിക്കില്ലെന്ന് സോയി പറഞ്ഞു. അതോടൊപ്പം തന്നെ പഠന വൈകല്യം അനുഭവിക്കുന്ന തന്റെ മകൾക്ക് യാതൊരു പിന്തുണയും സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നും സോയി കുറ്റപ്പെടുത്തി. ഈയാഴ്ച നടക്കുന്ന മോക്ക് എക്സാമുകളിൽ പങ്കെടുക്കുവാൻ തന്റെ മകൾക്ക് സാധിച്ചില്ലെന്നും അവർ പറഞ്ഞു.
Leave a Reply