മകളുടെ മരണത്തിന് പിന്നാലെ തൃക്കാക്കരയിൽനിന്ന് ദുരൂഹസാഹചര്യത്തിൽ കാണാതായ സനു മോഹൻ നിരവധി സാമ്പത്തിക കേസുകളിൽ പ്രതിയാണെന്ന് പൊലീസ്. മുംബൈ പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക തട്ടിപ്പുകേസിലെ മുഖ്യപ്രതിയാണ് പുണെയിൽ ബിസിനസ് നടത്തുകയായിരുന്ന സനുമോഹൻ. സനുവിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചു പുണെയിൽ കേസുകളുണ്ടെന്ന വിവരം അന്വേഷണ സംഘം ഗൗരവത്തോടെയാണു കാണുന്നത്. സനുവിനെ കുറിച്ച് ഒരു വിവരവും ലഭിക്കാത്തതോടെ വൈഗയുടെ മരണം കൊലപാതകമാണെന്നും പൊലീസ് സംശയിക്കുന്നു.
സനു മോഹൻ വാളയാർ കടന്നത് ഒറ്റയ്ക്കെന്നും ചെക്ക്പോസ്റ്റിൽ ടോൾ നൽകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങളിലുള്ളത് സനു മോഹനാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. തൃക്കാക്കര എസ്ഐയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം കൂടുതൽ അന്വേഷണത്തിനായി കോയമ്പത്തൂർക്ക് പോകും.
മാർച്ച് 22 പുലർച്ചെ 1.46ന് വാളയാർ ടോൾ പ്ലാസയിലെ ഏഴാം നമ്പർ ലെയ്നിൽ ടോൾ കൊടുക്കുന്ന KL 07 CQ 8571 നമ്പറുള്ള വെള്ള കാറിൽ ഒരാൾ മാത്രമാണ് ഉള്ളതെന്നാണ് ദൃശ്യങ്ങൾ പരിശോധിച്ച പൊലീസിന്റെ കണ്ടെത്തൽ. പുലർച്ചെ വാളയാർ കടന്ന കാർ ഏഴു ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായിട്ടില്ല. കാണാതായ ദിവസം മകൾ വൈഗയുമൊത്ത് സനുമോഹൻ ഫ്ലാറ്റിൽ നിന്ന് കാറിൽ കയറിപ്പോകുന്നത് കണ്ടവരുണ്ട്. കഴിഞ്ഞ രണ്ട് മാസമായി സനുമോഹന്റെ പെരുമാറ്റത്തില്‍ ചില അസ്വഭാവികതകൾ കണ്ടിരുന്നുവെന്നും തന്നോട് കാര്യമായി സംസാരിക്കാറില്ലായിരുന്നുവെന്നും ഭാര്യ മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ ഇരുപത്തിയൊന്നിനാണ് സനു മോഹനെയും മകൾ വൈഗയേയും കാണാത്തായത്.
പതിമൂന്നുകാരിയായ വൈഗയെ മുങ്ങിമരിച്ച നിലയിൽ പിറ്റേദിവസം മുട്ടാർ പുഴയിൽ കണ്ടെത്തി. പക്ഷെ സനു മോഹനെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. പിന്നീടാണ് 22 ന് വെളുപ്പിന് സനുമോഹന്റെ വാഹനം വാളയാർ അതിർത്തി കടന്നതായി പൊലീസ് കണ്ടെത്തിയത്. സനുമോഹൻ കോമ്പത്തൂര്‍ കേന്ദ്രീകരിച്ച് താമസിക്കുന്നതായി ചില സൂചനകൾ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ തൃക്കാക്കര എസ്ഐയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം കൂടുതൽ അന്വേഷണത്തിനായി കോയമ്പത്തൂർക്ക് പോകും.
Leave a Reply