ഇരുപത്തിയെട്ടു വർഷത്തെ ജയിൽ വാസത്തിനിടെ ആദ്യമായി സാധാരണ പരോള്‍ കിട്ടി പുറത്തിറങ്ങിയ നളിനി വെല്ലൂരിലെ ബന്ധുവീട്ടില്‍ ഒരുദിവസം പൂര്‍ത്തിയാക്കി. വ്യാഴായ്ചയാണ് നളിനി ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. മൂന്നു വർഷം മുൻപ് പിതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനായി നളിനിക്കു 12 മണിക്കൂർ നേരത്തേയ്ക്കു അടിയന്തര പരോൾ അനുവദിച്ചിരുന്നു. മകൾ അരിത്രയുടെ വിവാഹ ഒരുക്കങ്ങൾ നടത്തുന്നതിനു മദ്രാസ് ഹൈക്കോടതി കഴിഞ്ഞ മാസം അഞ്ചിനാണു പരോൾ അനുവദിച്ചത്. വ്യാഴാഴ്ച രാവിലെ 10നു കനത്ത പൊലീസ് സുരക്ഷയിൽ ജയിലിൽ നിന്നു പുറത്തിറങ്ങിയ നളിനി ബന്ധുകൂടിയായ വെല്ലൂർ രംഗപുരത്തെ ദ്രാവിഡ തമിഴ് പേരവൈ നേതാവ് സിംഗാരയ്യയുടെ വീട്ടിലേക്കു പോയി. പരോൾ കാലാവധിയിൽ ഇവിടെയാണു താമസിക്കുക.

നളിനിക്ക് ഒപ്പം ചേരുന്നതിനായി നേരത്ത തന്നെ കുടുംബാംഗങ്ങൾ ഇവിടെയെത്തിയിരുന്നു. പൊലീസ് വാനിൽ വീട്ടിലെത്തിയ നളിനിയെ അമ്മ പത്മാവതി ആരതിയുഴിഞ്ഞാണ് സ്വീകരിച്ചത്. സഹോദരങ്ങളായ കല്യാണി, ഭാഗ്യനാഥൻ എന്നിവർ കുടുംബസമേതം ഇവര്‍ക്കൊപ്പം ഒരുമാസമുണ്ടാകും. മാധ്യമങ്ങളേയോ, രാഷ്ട്രീയക്കാരെയോ കാണരുത്. ഇരുപത്തിനാലു മണിക്കൂറും സായുധ പൊലീസിന്റെ കാവല്‍. എവിടെ പോകുന്നു ആരൊക്കെ കാണുന്നുവെന്നു മുൻകൂട്ടി ജയില്‍ സുപ്രണ്ടിനെ അറിയിക്കുക തുടങ്ങിയ കര്‍ശന വ്യവസ്ഥകളാണ് പരോളിനു മദ്രാസ് ഹൈക്കോടതി വച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ പുറത്തിറങ്ങിയ നളിനിയെ കുറിച്ചു പുതിയ വാര്‍ത്തകളൊന്നും പുറത്തുവരില്ല. എല്‍ടിടിഇയെ പരസ്യമായി പിന്തുണയ്ക്കുന്ന വൈക്കോയടക്കമുള്ള രാഷ്ട്രീയക്കാരോ അവരെ കാണാനും ശ്രമിക്കില്ല.

കുടുംബത്തോടൊപ്പം കഴിയാമെങ്കിലും അദൃശ്യ കാരാഗൃഹം നളിനിക്കു ചുറ്റുമുണ്ടെന്ന് അര്‍ഥം. . പരോൾ ലഭിച്ചതിനു ശേഷം പുറത്തിറങ്ങാൻ 15 ദിവസം വൈകിയതു തന്നെ ഒരുമാസം നീണ്ടുനില്‍ക്കുന്ന പരോള്‍കാലത്തെ പ്രവര്‍ത്തനങ്ങളുടെ വിശദ റിപ്പോര്‍ട്ട് ജയില്‍ സുപ്രണ്ടിനു സമര്‍പ്പിക്കുന്നതു വൈകിയാണെന്നതു കൂടി ഇതോടപ്പം ഓര്‍ക്കണം കൂടാതെ . എല്ലാ ദിവസവും താമസ സ്ഥലത്തിനു സമീപത്തെ സത്തുവൻചാവടി പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണം. വ്യവസ്ഥകൾ ലംഘിച്ചാൽ ഉടൻ പരോൾ റദ്ദാക്കപ്പെടുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ചെന്നൈയിലെ റോയപ്പേട്ടയിൽ കുടുംബത്തിനു വീടുണ്ടെങ്കിലും പരോൾ കാലത്ത് അവിടേക്കു പോകില്ല.

ബ്രിട്ടനില്‍ കഴിയുന്ന മകളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടത്തണം

രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷയനുഭവിക്കുന്ന മുരുകനാണു നളിനിയുടെ ഭർത്താവ്. പിടിക്കപ്പെടുമ്പോൾ ഗർഭിണിയായിരുന്ന നളിനി ജയിലിൽവച്ചാണു അരിത്രയെ പ്രസവിച്ചത്. ജയിൽ നിയമപ്രകാരം, 4 വയസ്സു പൂർത്തിയായതോടെ മുരുകന്റെ മാതാപിതാക്കൾക്കു കുട്ടിയെ കൈമാറി. ശ്രീലങ്ക വഴി ലണ്ടനിലെത്തിയ അരിത്ര ഇപ്പോൾ അവിടെ ഡോക്ടറാണ്. മുരുകന്റെ മാതാപിതാക്കൾക്കൊപ്പമാണു താമസം.

രാജീവ് ഗാന്ധിയെ വധിക്കാന്‍ നിയോഗിക്കപ്പെട്ട എൽടിടിഇ സംഘത്തിലുണ്ടായിരുന്നുവരില്‍ ഇപ്പോള്‍ ജീവനോടയുള്ള ഏക പ്രതിയാണ് നളിനി. ശിവരശൻ, ധനു,ശുഭ, എസ്.ഹരിബാബു എന്നിവർക്കൊപ്പം നളിനിയുമുണ്ടായിരുന്നുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ധനുവും ഹരിബാബുവും ചാവേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. ശിവരശനും ശുഭയുംപിന്നീട് ജീവനൊടുക്കി. . മുരുകന്റെ ഭാര്യയായതു കൊണ്ടു മാത്രമാണു നളിനി ഗൂഢാലോചനയുടെ ഭാഗമായതെന്നു ശിക്ഷ വിധിക്കവെ ജസ്റ്റിസ് കെ.ടി.തോമസ് പറഞ്ഞിരുന്നു. ആദ്യം വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നളിനിയുടെ ശിക്ഷ പിന്നീട് ജീവപര്യന്തമാക്കി ഇളവു ചെയ്യുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇവര്‍ കേസിലെ പ്രതികൾ?

നളിനിയുടെ ഭർത്താവ് മുരുകൻ, ശാന്തൻ,റോബർട്ട പയസ്, രവിചന്ദ്രൻ, ജയകുമാർ, പേരറിവാളൻ എന്നിവരാണു രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷയനുഭവിക്കുന്ന മറ്റു പ്രതികൾ. ഏഴു പ്രതികളെയും വിട്ടയയ്ക്കണമെന്ന സംസ്ഥാന മന്ത്രിസഭാ പ്രമേയം ഗവർണറുടെ പരിഗണനയിലാണ്.

ഒരുമാസത്തിനിടെ വിവാഹം നടക്കുമോ?

മകളുടെ വിവാഹ ആവശ്യങ്ങള്‍ക്കായി നളിനി പരോള്‍ അപേക്ഷ ആദ്യം സമര്‍പ്പിക്കുന്നത് വെല്ലൂര്‍ സെന്‍ട്രല്‍ ജയിൽ സുപ്രണ്ടിനാണ്. രണ്ടുമാസത്തിലേറെ അതില്‍ തീരുമാനമുണ്ടായില്ല. തുടര്‍ന്നാണു കഴിഞ്ഞ ഫെബ്രുവരിയില്‍ മദ്രാസ് ഹൈക്കോടതിയില്‍ നളിനി ഹര്‍ജി ഫയല്‍ചെയ്യുന്നത്. ഇതും തീര്‍പ്പാകാന്‍ നാലുമാസമെടുത്തു. ഇന്ത്യന്‍ പൗരത്വമില്ലാത്ത മകളുടെ വിവാഹത്തിനെന്നു പറയുന്നത് തന്നെ തട്ടിപ്പാണെന്നായിരുന്നു പരോളിനെ ശക്തമായി എതിര്‍ത്ത തമിഴ്നാടു സര്‍ക്കാര്‍ നിലപാട്.

ലണ്ടനില്‍ കഴിയുന്ന മകള്‍ വിവാഹത്തിന് ഇന്ത്യയിലേക്കു വരാന്‍ വീസയ്ക്കു പോലും അപേക്ഷ സമര്‍പ്പിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ ചൂണ്ടികാണിച്ചിരുന്നു. ഇതെല്ലാം തള്ളിയാണ് മദ്രാസ് ഹൈക്കോടതി ഒരു മാസത്തെ പരോള്‍ അനുവദിച്ചത്. പരോള്‍ ലഭിച്ചപ്പോഴും മകള്‍ ഇന്ത്യയിലേക്കു വരാന്‍ വീസയ്ക്ക് അപേക്ഷ നല്‍കിയിട്ടില്ല. ലണ്ടനില്‍ തന്നെ ഡോക്ടറാണ് വരനെന്നാണ് പുറത്തുവരുന്ന വിവരം. വിവാഹം ലണ്ടനില്‍ വച്ചു തന്നെ നടക്കുമെന്നും സൂചനയുണ്ട്.

എന്തായാലും 28 വര്‍ഷം നീണ്ട കാരാഗൃഹവാസത്തിനിടെ ആദ്യമായിട്ടാണ് നളിനിക്കു പരോള്‍ ലഭിച്ചത്.രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷകാലാവധി പൂര്‍ത്തിയായ പ്രതികളെ വെറുതെ വിടണമെന്ന ആവശ്യം തമിഴ്നാട്ടില്‍ ശക്തമാകുന്നതിനിടെ പരോള്‍ ലഭിച്ചതിനെ പൊസിറ്റീവായി കാണുന്നവരും ഏറെയാണ്.