Android Kunjappan Version 5.25 Movie Review:

വാർധക്യകാലത്ത് അസുഖങ്ങളും ദേഷ്യവും മടുപ്പുമൊക്കെയായി ഏകാന്തജീവിതം നയിക്കുന്ന ഒരാളുടെ ജീവിതത്തിലേക്ക് മിണ്ടി പറയാനും കൂട്ടുകൂടാനും എന്തിനും ഏതിനും സഹായഹസ്തം നീട്ടാനും ഒരു റോബോർട്ട് എത്തിയാൽ എങ്ങനെയിരിക്കും? വേറിട്ടൊരു ചിന്തയെ മനോഹരമായൊരു സിനിമയാക്കി മാറ്റിയിരിക്കുകയാണ് ‘ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ വേർഷൻ 5.25’.

പയ്യന്നൂരിലെ ഒരു ഗ്രാമാന്തരീക്ഷത്തിലാണ് ‘ആൻഡ്രോയ്‌ഡ് കുഞ്ഞപ്പ’ന്റെ കഥ നടക്കുന്നത്. അൽപ്പം മുൻശുണ്ഠിയും തന്റേതായ ചില ചിട്ടകളും വാശിയുമെല്ലാമുള്ള ഒരു കടുപ്പക്കാരനാണ് ഭാസ്കരൻ പൊതുവാൾ (സുരാജ് വെഞ്ഞാറമൂട്). മെക്കാനിക്കൽ എഞ്ചിനീയറായ മകൻ സുബ്രഹ്മണ്യൻ എന്ന സുബ്ബു (സൗബിൻ ഷാഹിർ) ദൂരെ എവിടെയും ജോലിയ്ക്ക് പോകുന്നത് ഭാസ്ക്കര പൊതുവാളിന് ഇഷ്ടമില്ല. എന്നും എപ്പോഴും കൺവെട്ടത്ത് മകനുണ്ടാകണമെന്ന അയാളുടെ ആഗ്രഹത്തിനു മുന്നിൽ മികച്ച പല നല്ല ജോലി ഓഫറുകളും സുബ്ബു വേണ്ടെന്ന് വയ്ക്കുകയാണ്. രണ്ടു വയസ്സിൽ അമ്മ നഷ്ടപ്പെട്ട സുബ്ബുവിനെ സംബന്ധിച്ചും അച്ഛനാണ് അവന്റെ ലോകം, എന്നാൽ ഏതൊരു ചെറുപ്പക്കാരനെയും പോലെ കരിയർ സ്വപ്നങ്ങളും അവനുണ്ട്.

ഒടുവിൽ റഷ്യയിൽ നിന്നും ഒരു ജോലി അവസരം തേടിയെത്തുമ്പോൾ അച്ഛനെ ധിക്കരിച്ചുതന്നെ സുബ്ബു ഇറങ്ങിപ്പുറപ്പെടുകയാണ്. തന്നെ നോക്കാൻ മകൻ ഏർപ്പാടാക്കിയ ഹോം നേഴ്സിനെ മനസ്സില്ലാ മനസ്സോടെ അംഗീകരിച്ചുകൊണ്ട് ഭാസ്കരൻ പൊതുവാൾ മകനെ യാത്രയാക്കുന്നു. ആരോടും ഒത്തുപോവാൻ കഴിയാത്ത അച്ഛനെ നോക്കാൻ അടുത്ത വരവിൽ സുബ്ബു കൊണ്ടുവരുന്നത് ഒരു റോബോർട്ടിനെ (ഹ്യൂമനോയിഡിനെ) ആണ്. അവിടെ നിന്നുമാണ് സിനിമ കൗതുകമേറിയൊരു കാഴ്ചയായി മാറുന്നത്.

നാട്ടുകാർ സ്നേഹത്തോടെ കുഞ്ഞപ്പൻ എന്നു വിളിക്കുന്ന ഹ്യൂമനോയിഡും ഭാസ്ക്കര പൊതുവാളും തമ്മിലുള്ള സ്നേഹത്തിന്റെയും ആത്മബന്ധത്തിന്റെയും ആ ഹ്യൂമനോയിഡ് ഭാസ്കര പൊതുവാളിന്റെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളുടെയും നിറവിന്റെയും കഥയാണ് ‘ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ വേർഷൻ 5.25’.

വളരെ ഫ്രഷായ ഒരു കഥാതന്തു തന്നെയാണ് ചിത്രത്തിനെ രസകരമാക്കുന്നത്. ഒരു സയൻസ്- ഫിക്ഷൻ ചിത്രമാണെങ്കിലും തമാശകളും വൈകാരിക നിമിഷങ്ങളുമെല്ലാം ചേർന്ന് പ്രേക്ഷകരെ സ്പർശിക്കാൻ ‘ആൻഡ്രോയ്‌ഡ് കുഞ്ഞപ്പന്’ സാധിക്കുന്നുണ്ട്. ഒരു റോബോർട്ടിനെ കേന്ദ്രകഥാപാത്രമായി കൊണ്ടുവന്ന് നവാഗതനായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംസാരിക്കുന്നത് മനുഷ്യർക്കിടയിലെ ബന്ധങ്ങളെ കുറിച്ചു തന്നെയാണ്.

വാർധക്യകാലത്തെ ഒറ്റപ്പെടലിനെ കുറിച്ചും മിണ്ടി പറഞ്ഞിരിക്കാൻ ഒരാളെങ്കിലുമുണ്ടെങ്കിൽ അതോരോ ജീവിതത്തിലും ഉണ്ടാക്കുന്ന പോസിറ്റീവായ മാറ്റങ്ങളെ കുറിച്ചുമെല്ലാം സിനിമ സംസാരിക്കുന്നുണ്ട്. വെറുതെ ലെക്ച്ചർ എടുത്തു പോവാതെ, പ്രേക്ഷകനു അനുഭവവേദ്യമാവുന്ന രീതിയിൽ പറയാനുദ്ദേശിച്ച കാര്യങ്ങൾ അവതരിപ്പിക്കുകയാണ് സംവിധായകൻ രതീഷ്.

സുരാജ് വെഞ്ഞാറമൂടിന്റെ പവർപാക്ക് പെർഫോമൻസ് ആണ് ചിത്രത്തിൽ കാണാൻ സാധിക്കുക. സുരാജിനെ അല്ലാതെ മറ്റൊരു നടനെയും ആ കഥാപാത്രത്തിലേക്ക് സങ്കൽപ്പിക്കാൻ പ്രേക്ഷകനു കഴിഞ്ഞെന്നുവരില്ല. കാരണം തന്നേക്കാൾ ഇരട്ടിപ്രായമുള്ള അച്ഛൻ കഥാപാത്രത്തെ ഏറെ തന്മയത്വത്തോടെയാണ് സുരാജ് അവതരിപ്പിച്ചിരിക്കുന്നത്. കുഞ്ഞപ്പനെന്ന ഹ്യൂമനോയിഡിനെ മകനെ പോലെ സ്നേഹിക്കുന്ന, ചരട് ജപിച്ചു കെട്ടി കൊടുക്കുന്ന, മഴയത്ത് നനയുമ്പോൾ തല തോർത്തി കൊടുക്കുന്ന, പോകുന്നിടത്തെല്ലാം കയ്യും പിടിച്ചു നടക്കുന്ന ഭാസ്കര പൊതുവാൾ പ്രേക്ഷകരുടെ ഹൃദയം സ്പർശിക്കും.

സൗബിന്റെ സുബ്ബുവും പ്രേക്ഷകരുടെ ഇഷ്ടം കവരുന്നൊരു കഥാപാത്രമാണ്. അച്ഛനോടുള്ള കരുതലിനിടയിലും സ്വന്തം നിസ്സഹായതയിൽ ശ്വാസം മുട്ടുന്ന സുബ്ബു എന്ന കഥാപാത്രം സൗബിന്റെ കയ്യിൽ ഭദ്രമാണ്. ഒരു മെഷീനാണെങ്കിലും പ്രേക്ഷകർക്ക് ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’ എന്ന ഇത്തിരികുഞ്ഞൻ യന്ത്രമനുഷ്യനെ സ്നേഹിക്കാതിരിക്കാൻ പറ്റില്ല. പ്രോഗ്രാം ചെയ്തു വെച്ചതിന് അനുസരിച്ച് പ്രവർത്തിക്കുന്ന ഒരു മെഷീൻ മാത്രമാണ് കുഞ്ഞപ്പൻ എന്ന് ഒരു നിമിഷം പ്രേക്ഷകർ മറന്നുപോയാലും കുറ്റം പറയാൻ പറ്റില്ല. അത്രത്തോളം ഇമോഷണലി കണക്റ്റഡ് ആയ രീതിയിലാണ് സംവിധായകൻ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. മാലാ പാർവ്വതി, സൈജു കുറുപ്പ്, നായികയായെത്തിയ കെന്റി സിർദോ തുടങ്ങിയവരും ശ്രദ്ധേയമായ അഭിനയമാണ് കാഴ്ച വയ്ക്കുന്നത്.

ചിത്രത്തിലെ സംഭാഷണങ്ങളാണ് ശ്രദ്ധയർഹിക്കുന്ന മറ്റൊരു ഘടകം. ജാതിമത ഭേദങ്ങൾക്കും ചിന്താഗതികൾക്കും അപ്പുറത്തേക്ക് മനുഷ്യൻ മാറേണ്ട ഒരു കാലത്തിനെ ഉൾകൊള്ളുന്നുണ്ട് ചിത്രം. എങ്ങനെ ഒരു മികച്ച മനുഷ്യനാവാം എന്ന് ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’ പറയുമ്പോൾ കുറച്ചുപേരിലെങ്കിലും ആ വാക്കുകൾ ഇരുണ്ട ചിന്താഗതികളിലേക്ക് വെളിച്ചം വീശിയേക്കാം എന്നതാണ് ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’ തരുന്ന പ്രത്യാശകളിലൊന്ന്.

സാനു ജോൺ വർഗീസിന്റെ ഛായാഗ്രഹണവും ബിജിബാലിന്റെ സംഗീതവുമാണ് എടുത്തുപറയേണ്ട മറ്റു രണ്ടു ഘടകങ്ങൾ. ദൃശ്യഭാഷയും സംഗീതവും ചിത്രത്തിനോട് നൂറുശതമാനവും നീതി പുലർത്തുന്നുണ്ട്. മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

വളരെ പുതുമയുള്ളൊരു കാഴ്ചാനുഭവം സമ്മാനിക്കുന്ന ‘ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ’ കുട്ടികൾക്കൊപ്പം തിയേറ്ററിൽ പോയി കാണേണ്ട ചിത്രങ്ങളിലൊന്നാണ്. കളിയും ചിരിയും കാര്യവുമൊക്കെയായി ബന്ധങ്ങളെ കുറിച്ചു സംസാരിക്കുന്ന ‘ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ’ കുട്ടികളുടെ ഹൃദയം കവരുമെന്ന് ഉറപ്പ്.

Nivin Pauly ‘Moothon’ Movie Review and Rating:

ഒരു തുരുത്തിൽ നിന്ന് നിലയില്ലാക്കയത്തിലേക്ക്, അവിടെ നിന്നും ഒരിക്കലും തിരിച്ചു വരാനാകാത്ത ഒരു ചുഴിയിലേക്ക്… ‘മൂത്തോന്‍’ എന്ന ചിത്രം കണ്ടിറങ്ങുമ്പോൾ മനസ്സ് കറുത്ത് കലങ്ങി, രൗദ്ര ഭാവത്തിലുള്ള തിരമാലകൾ അലയടിക്കുന്ന ഒരു കടല്‍ പോലെയാകും. ആ തിരമാലകൾക്കു താഴെ, വെളിച്ചത്തിന്റെ കണികകൾ ഒരിക്കലും എത്തിപ്പെടാൻ സാധ്യതയില്ലാത്ത ആഴങ്ങളില്‍പ്പെട്ട് മുങ്ങിത്താഴുന്ന ‘മൂത്തോനിലെ’ കഥാപാത്രങ്ങളും, അവരുടെ ജീവിതങ്ങളും.

മുല്ലയെന്ന കുട്ടി തന്റെ മൂത്ത സഹോദരനെ തേടി ലക്ഷദ്വീപിൽ നിന്നും മുംബൈയിലെ കാമാത്തിപുരയിൽ എത്തുന്നതും തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് മൂത്തോന്റെ ഇതിവൃത്തം. ബന്ധങ്ങളുടെയും, ലൈംഗികതയുടെയും, പ്രേമത്തിന്റെയും, മനുഷ്യന്റെ ക്രൗര്യതയുടെയും പല അടരുകളിലൂടെ കടന്നു പോകുന്ന സിനിമ. അറിയാത്ത ഏതോ കാരണത്താൽ തന്റെ ദ്വീപിൽ നിന്നും നാടുവിട്ടു പോകേണ്ടി വരുന്ന മുല്ലയുടെ ചേട്ടൻ അക്ബർ പിന്നെ കാമാത്തിപുരയുടെ രക്തം ഊറ്റി കുടിച്ചു വളർന്ന അക്ബർ ഭായ് ആവുന്നതിന്റെ കാരണങ്ങളാണ് ‘മൂത്തോന്‍’ അന്വേഷിക്കുന്നത്.

മൽസ്യബന്ധനം നടത്തിയും , ‘പരിചകളി’ നൃത്തം ചെയ്തും ദ്വീപിലെ ശാന്ത ജീവിതം നയിച്ച അക്ബർ എന്ന ചെറുപ്പക്കാരൻ, കാമാത്തിപുരയിലെ അരണ്ട വെളിച്ചങ്ങളിൽ, സിരകളിൽ ലഹരിയും നിറച്ച്, വികാരങ്ങൾ തീണ്ടാത്ത മനസുമുള്ള ഭായ് ആയി മാറിയതിനു കാരണം സമൂഹം അന്യവൽക്കരിക്കുന്ന, അംഗീകരിക്കാൻ തയ്യാറാകാത്ത പ്രണയ സങ്കൽപ്പങ്ങൾ കൂടിയാണെന്ന് സംവിധായിക ഗീതു മോഹന്‍ദാസ്‌ ഈ സിനിമയിലൂടെ പറയുന്നു. ശരീരത്തിന്റെ അതിര്‍ വരമ്പുകൾ ഭേദിച്ചു കൊണ്ട് യാഥാസ്ഥികതയെ ചോദ്യം ചെയ്യുന്ന ബന്ധങ്ങളെ സമൂഹം ഇരുട്ടിലേക്ക് തള്ളി വിടുന്നത് എങ്ങനെ എന്നതിന്റെ ഭയപ്പെടുത്തുന്ന ആവിഷ്കാരമാണ് ‘മൂത്തോന്‍’. അക്ബർ എന്ന കഥാപാത്രത്തിനു അമീർ എന്ന സംസാരശേഷിയില്ലാത്ത ചെറുപ്പക്കാരനോട് തോന്നുന്ന സ്നേഹം, പ്രണയമാകുന്ന കാഴ്ചകളെല്ലാം ചിത്രം അതിമനോഹരമായി കൈകാര്യം ചെയ്യുന്നുണ്ട്. മുല്ല എന്ന കുട്ടിക്കുണ്ടാകുന്ന ജെന്‍ഡര്‍ ക്രൈസിസിനെ സമൂഹം പ്രശ്നവൽക്കരിക്കുന്നതും സിനിമ ചോദ്യം ചെയ്യുന്നു.

ലക്ഷ്വദ്വീപിലെ തുറസ്സായ കടൽത്തീരങ്ങളിൽ നിന്ന് കാമാത്തിപുരയിലെ ഇടുങ്ങിയ, ജീർണിച്ച ഇടങ്ങളിൽ എത്തുമ്പോൾ അക്ബർ എന്ന കഥാപാത്രത്തിനുണ്ടാകുന്ന മാറ്റം നിവിൻ അത്ഭുതാവഹമായി അഭിനയിക്കുന്നുണ്ട്. തന്റെ ഭൂതകാലത്തിലെയും വർത്തമാനകാലത്തിലെയും ചങ്കു കൊത്തി പറിക്കുന്ന വേദനകൾ മറക്കാൻ ലഹരി കുത്തി നിറയ്ക്കുന്ന അക്ബറിന്റെ വികാര വിസ്ഫോടനങ്ങളും നിസ്സഹായതകളും അതിഭാവുകത്വങ്ങളില്ലാതെ ഭംഗിയായിട്ടാണ് നിവിൻ അവതരിപ്പിക്കുന്നത്. നിവിൻ പോളി എന്ന നടന്റെ അഭിനയജീവിതത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ കഥാപാത്രങ്ങളില്‍ ഒന്നിനെ അവതരിപ്പിക്കാന്‍ അവസരം നല്‍കിയ, അതിനെ പൂര്‍ണ്ണതയില്‍ എത്തിക്കാന്‍ സഹായിച്ച സംവിധായികയുടെ ശ്രമങ്ങള്‍ വലിയ കയ്യടി അര്‍ഹിക്കുന്നു. ദിലീഷ് പോത്തൻ , റോഷൻ മാത്യൂസ്, ശോഭിത ധുലിപാല, ശശാങ്ക് അറോറ എന്നിവരെല്ലാം തങ്ങളുടെ കഥാപാത്രത്തോട് നീതി പുലര്‍ത്തി. മുല്ല എന്ന കഥാപാത്രം ചെയ്ത സഞ്ജന ദിപു എന്ന ബാല താരം പ്രത്യേക അഭിനന്ദനം അർഹിക്കുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രാജീവ് രവി എന്ന ഛായാഗ്രാഹകന്റെ തൊപ്പിയില്‍ മറ്റൊരു തൂവല്‍ കൂടി. കാമാത്തിപുരയുടെ ഇരുണ്ട ഇടവഴികളും, മങ്ങിയ ഉള്ളറകളും, ലക്ഷ്വദ്വീപിന്റെ നീലിമയും, കാണാകാഴ്ചകളുമെല്ലാം സിനിമയുടെ ആസ്വാദനത്തിന്റെ ആഴം കൂട്ടുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്‌. ബി.അജിത്കുമാറിന്റെ എഡിറ്റിങ്ങും ചിത്രത്തിന്റെ ആസ്വാദന മികവിന് മുതൽ കൂട്ടാവുന്നുണ്ട്. ബോളിവുഡിലെ Alternate സിനിമയുടെ വക്താവായ സംവിധായകൻ അനുരാഗ് കശ്യപാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഡിനോ ശങ്കറാണ് ചിത്രത്തിന്റെ കലാ സംവിധാനം നിർവഹിച്ചിരിക്കുന്നത്. സ്നേഹ ഖാൻവാൽക്കറും ഗോവിന്ദ് വസന്തയും ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നു. ‘മൂത്തോൻ’ എന്ന ചിത്രത്തിന്റെ ഭാവവുമായി ഇണങ്ങി പോവുന്നതാണ് അതിലെ പശ്ചാത്തല സംഗീതം.

മലയാള സിനിമ ഇത് വരെ കണ്ടു പരിചയിച്ചിട്ടില്ലാത്ത, കാണാൻ മടിക്കുന്ന പല കാഴ്ചകളെയും ചങ്കൂറ്റത്തോടെ, ഒരു വീട്ടുവീഴ്ചയുമില്ലാതെ വെള്ളിത്തിരയിൽ എത്തിച്ച ഗീതു മോഹൻദാസ് തന്നെയാണ് അഭിനന്ദനത്തിന്റെ സിംഹഭാഗം അർഹിക്കുന്നത്. മനുഷ്യന്റെ പല തരത്തിലുള്ള വീർപ്പുമുട്ടലുകളെ, അതിന്റെ ഏറ്റവും മൂർത്തമായ ഭാവത്തിൽ അവതരിപ്പിക്കുന്ന ‘മൂത്തോനെ’ മലയാളി പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്ന് വരും ദിവസങ്ങളിൽ കണ്ടറിയാം.

Nalpathiyonnu Movie Review:

സമീപകാലത്ത് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ വിഷയമാണ് ശബരിമല. മലയെയും വിശ്വാസത്തെയും ആചാരങ്ങളെയും യുക്തിവാദത്തെയും കമ്യൂണിസത്തെയും ചേര്‍ത്തുവച്ച് പലതരത്തില്‍ പല കോണുകളില്‍നിന്നു ചര്‍ച്ചകള്‍ ഉടലെടുത്തിരുന്നു. ആ ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. ഈ സാഹചര്യത്തില്‍ ശബരിമലയും യുക്തിവാദവും കേന്ദ്രവിഷയമാക്കി ഒരു സിനിമയുമായി എത്തിയിരിക്കുകയാണ് ലാല്‍ ജോസ്. അദ്ദേഹത്തിന്റെ 25-ാമത്തെ ചിത്രമാണ് നാല്‍പ്പത്തിയൊന്ന് (41). ബിജു മേനോന്‍, നിമിഷ സജയന്‍, ശരണ്‍ ജിത്ത്, ധന്യ അനന്യ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

യുക്തിവാദിയും കമ്യൂണിസ്റ്റുകാരനുമായ ഉല്ലാസ് മാഷ് എന്ന വിശ്വാസിയും പാര്‍ട്ടി പ്രവര്‍ത്തകനുമായ വാവാച്ചി കണ്ണനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. വടക്കന്‍ കേരളത്തിലെ ഗ്രാമത്തില്‍നിന്ന് ആരംഭിച്ച് ശബരിമലയില്‍ അവസാനിക്കുന്ന കഥയാണ് നാല്‍പ്പത്തിയൊന്നിന്റേത്. ചിത്രത്തിന്റെ രണ്ടാം പകുതിയിലാണ് ശബരിമലയിലേക്കുള്ള യാത്ര.

ഒന്നാം പകുതി ലാല്‍ ജോസ് പൂര്‍ണമായും തിരഞ്ഞെടുത്തിരിക്കുന്നത് രണ്ട് കഥാപാത്രങ്ങളെയും സ്ഥാപിച്ചെടുക്കാനും രണ്ടാം പകുതിയിലെ യാത്രയ്ക്കുള്ള കളമൊരുക്കാനുമായാണ്. ചിത്രം തുടങ്ങുന്നത് തന്നെ ഉല്ലാസ് മാഷിനെ അവതരിപ്പിച്ചു കൊണ്ടാണ്.വ്യവസായിയായ ദൈവം എന്ന പുസ്തകമെഴുതിയിട്ടുള്ള യുക്തിവാദിയാണ് ഉല്ലാസ്. ആള്‍ദൈവങ്ങളുടെ മാന്ത്രികശക്തിയ്ക്കു പിന്നിലെ കളവ് കുട്ടികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് ഉല്ലാസ്. തന്റെ മുന്നിലുള്ളവര്‍ തനിക്ക് കയ്യടിക്കുന്നുണ്ടെങ്കിലും തന്നെ വിശ്വസിക്കുന്നില്ലെന്ന് വരുമ്പോള്‍ ദൈവത്തെ വെല്ലുവിളിക്കാന്‍ വരെ ഉല്ലാസ് മാഷ് തയ്യാറാകുന്നുണ്ട്. ചിത്രം പറയാന്‍ ഉദ്ദേശിക്കുന്നത് എന്തെന്ന് ഈ രംഗത്തില്‍ തന്നെ വ്യക്തമാക്കുന്നുണ്ട് സംവിധായകന്‍. വരാനിരിക്കുന്നത് വിശ്വാസവും യുക്തിവാദവും തമ്മിലുള്ള മത്സരമാണെന്ന് ആ രംഗം പറയുന്നു. ഈ മത്സരത്തില്‍ ആര് ജയിക്കുമെന്നതാണ് കണ്ടറിയേണ്ടത്.

ചിത്രത്തിന്റെ പ്ലസുകളിലേക്ക് നോക്കാം ആദ്യം. നാല്‍പ്പത്തിയൊന്ന് കണ്ടിറങ്ങുന്നവരില്‍ വാവാച്ചി കണ്ണന്‍ എന്ന കഥാപാത്രവും അതവതരിപ്പിച്ച ശരണ്‍ജിത്തും മായാതെ നില്‍ക്കും. ചിത്രത്തില്‍ ഏറ്റവും മികച്ച അഭിനയപ്രകടനം കാഴ്ചവച്ചിരിക്കുന്നതും ശരണ്‍ജിത്താണ്. സിനിമയില്‍ ഒരുപാട് കാലത്തെ അനുഭവസമ്പത്തുള്ള ബിജുമേനോനെപ്പോലും പിന്നിലാക്കുന്നതായിരുന്നു ശരണിന്റെ പ്രകടനം. സിനിമയില്‍ ഒരു തുടക്കക്കാരനാണെന്ന തോന്നല്‍ ഒരിടത്തും തോന്നിപ്പിക്കാതെ വാവാച്ചി കണ്ണനെ ശരണ്‍ മനോഹരമാക്കി.

പല തരത്തിലുള്ള മദ്യപാനികളെയും മലയാള സിനിമയില്‍ നമ്മള്‍ കണ്ടിട്ടുണ്ട്. പക്ഷെ അവരോടൊന്നും തോന്നാത്തൊരു അടുപ്പം വാവാച്ചി കണ്ണനോട് തോന്നും. ദേഷ്യം, പ്രണയം, സങ്കടം, തുടങ്ങി വാവാച്ചി കണ്ണന്റെ പല ഭാവങ്ങളും മുഖങ്ങളും ശരണ്‍ജിത്ത് അവതരിപ്പിക്കുന്നു. അദ്ദേഹത്തിലെ നടന്റെ റെയ്ഞ്ച് വെളിവാകുന്ന പ്രകടനം. കൂടുതല്‍ അവസരങ്ങള്‍ കിട്ടുകയാണെങ്കില്‍ അത്ഭുതങ്ങള്‍ കാണിക്കാന്‍ കഴിയുന്ന അഭിനേതാവാണ് ശരണ്‍.

വാവാച്ചി കണ്ണന്റെ ജീവിതസഖിയായ സുമയായി എത്തിയ ധന്യ അനന്യയുടേതും എടുത്ത് പറയേണ്ട പ്രകടനമാണ്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി സാധാരണ രംഗങ്ങളെ പോലും അതിമനോഹരമാക്കുന്നു. തുടക്കക്കാരാണെന്ന തോന്നല്‍ അനുഭവപ്പെടുത്താതെ പ്രണയരംഗമടക്കം അവതരപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. സുമയും വാവാച്ചിയും ജീവിത പ്രശ്‌നങ്ങള്‍ക്കിടയിലും പരസ്പരം എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് കാഴ്ചക്കാര്‍ക്ക് അനുഭവപ്പെടുന്നത് ഇരുവരുടെയും പ്രകടനത്തിന്റെ മികവുകൊണ്ടാണ്.

പരസ്പരവിരുദ്ധമായ രണ്ട് ആശയങ്ങള്‍ തമ്മിലുള്ള മത്സരമാകുമ്പോള്‍ ഏത് ഭാഗത്തായിരിക്കും ചിത്രം നില്‍ക്കുക, അല്ലെങ്കില്‍ അന്തിമ വിജയം ആരുടേതായിരിക്കുമെന്ന ചോദ്യം കാഴ്ച്ക്കാരിലുമുണ്ടാകാം. ആ ചോദ്യത്തിന് ഉത്തരം തേടിയായിരിക്കും ചിത്രം കാണാന്‍ തീരുമാനിക്കുന്നതും. ഇവിടെ ഒരു ഭാഗത്തേക്ക് നില്‍ക്കാതെ നിഷ്പക്ഷമായി നില കൊള്ളുകയാണ് ലാല്‍ ജോസ്. അല്ലെങ്കില്‍ അങ്ങനെയാണ് താനെന്ന് മറ്റുള്ളവര്‍ കരുതണമെന്നാണ് ലാല്‍ ജോസ് ആഗ്രഹിക്കുന്നത്.

ഒരിക്കല്‍ പോലും രണ്ടിലാരാണ് വിജയിക്കുന്നതെന്ന് പറയുന്നില്ലെങ്കിലും പറയാതെ തന്നെ ലാല്‍ ജോസ് പലപ്പോഴും ഒരു ഭാഗത്തേക്ക് ചായുന്നതായി കാണാം. പ്രധാനമായും ക്ലൈമാക്‌സിലേക്ക് അടുക്കുമ്പോള്‍. യുക്തിവാദികളും വിശ്വാസികളും തമ്മിലുള്ള മത്സരം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കാലങ്ങളായി തുടരുന്ന ഒന്നാണ്. യുക്തിയെ കൂട്ടുപിടിക്കണമോ വിശ്വാസത്തെ കൂട്ടുപിടിക്കണമോ എന്നത് ഓരോരുത്തരുടെയും വ്യക്തിസ്വാതന്ത്ര്യമാണ്. ഒരാള്‍ വിശ്വാസി ആയതുകൊണ്ടോ അതല്ല യുക്തിവാദി ആയതുകൊണ്ടോ മാറ്റിനിര്‍ത്തേണ്ടതില്ല. അതിനാല്‍ സംവിധായകന്റെ ചായ്‌വിനെ, അദ്ദേഹത്തിന്റെ സ്വാതന്ത്ര്യത്തെ മാനിക്കുന്നു.

പക്ഷെ, ഒരു ഭാഗത്ത് നില്‍ക്കുമ്പോള്‍ തന്നെ മറുവശത്തുള്ളവരെ പരിഹസിക്കേണ്ടതില്ല. ആക്ഷേപഹാസ്യമെന്ന തരത്തില്‍ അവതരിപ്പിച്ചിരിക്കുന്ന ഒന്നാം പകുതിയിലുടനീളം ഇത്തരത്തിലുള്ള പരിഹാസമാണ് കാണാനാവുന്നത്. കമ്യൂണിസത്തെയും യുക്തിവാദത്തെയും പലയിടത്തായി പരിഹസിക്കുന്നുണ്ട്.

2019 ഈ അവസാന കാലത്തും നവോത്ഥാനം എന്നത് പരിഹാസത്തിനുള്ള വിഷയമായി മാറേണ്ടതാണോയെന്നത് ചിന്തിക്കേണ്ട വിഷയമാണ്. പാര്‍ട്ടി നിലപാടില്‍ ഉറച്ചു നില്‍ക്കണമെന്ന ഉല്ലാസ് മാഷിന്റെ വാദത്തെ ഖണ്ഡിക്കാന്‍ ഇനി ഇവിടെയും കൂടി മാത്രമേ താമര (ആംഗ്യത്തില്‍) ബാക്കിയുള്ളൂവെന്ന് പറയുന്നതൊക്കെ ഏത് നരേറ്റീവിന് അനുകൂലമായ തമാശയാണെന്നത് സംവിധായകന്‍ ആഴത്തില്‍ ചിന്തിക്കേണ്ടതാണ്. ഇത്തരത്തില്‍ പലയിടത്തും ആക്ഷേപ ഹാസ്യമെന്ന പേരില്‍ വരുന്ന തമാശകള്‍ ചിന്തയ്ക്ക് വിഷയമാകേണ്ടതാണ്.

പ്രത്യക്ഷത്തില്‍ നിരുപദ്രവകാരിയെന്ന് തോന്നുമെങ്കിലും അത് മൈലേജ് നല്‍കുന്ന നരേറ്റീവുകള്‍ പ്രശ്‌നമാണ്. ജാതിരാഷ്ട്രീയം പറയാന്‍ പലയിടത്തും ലാല്‍ ജോസ് ശ്രമിക്കുന്നുണ്ടെങ്കിലും അത് ഉപരിപ്ലവമായ സമീപനം മാത്രമാണ്.

ബിജുമേനോന്‍ പതിവുപോലെ തന്റെ അനായാസമായ അഭിനയ ശൈലി നാല്‍പ്പത്തിയൊന്നിലും ആവര്‍ത്തിക്കുന്നുണ്ട്. തന്റെ വിവാഹം മുടന്നതിലേക്കടക്കം നീങ്ങിയിട്ടും തന്റെ ബോധ്യത്തിലുറച്ചു നില്‍ക്കുന്ന, മാലയിട്ട് മലയ്ക്ക് പോകുന്ന ഉല്ലാസ് എന്ന യുക്തിവാദിയുടെ ആത്മസംഘര്‍ഷങ്ങളെ ബിജുമേനോന്‍ അനായാസം അവതരിപ്പിക്കുന്നു. കൂടുതല്‍ ചെയ്യാനില്ലെങ്കിലും ഉള്ളത് അത്രയും നിമിഷ സജയന്‍ മനോഹരമാക്കി. നാട്ടിന്‍പുറത്തുകാരിയില്‍നിന്നു നിമിഷയ്ക്ക് ഉടനെ ഒരു മോചനം ആവശ്യമാണെന്ന് തോന്നുന്നുണ്ട്. നിമിഷയിലെ അഭിനേത്രിയെ വെല്ലുവിളിക്കാന്‍ സാധ്യതയുള്ള വേഷമായിരുന്നിട്ടു കൂടി കഥാപാത്ര സൃഷ്ടിയിലെ അലസത ആ അവസരം നഷ്ടപ്പെടുത്തുന്നുണ്ട്.

ചിത്രത്തിന്റെ രണ്ടാം പകുതയിലെ ഇഴച്ചില്‍ വല്ലാത്തൊരു അലോസരമാകുന്നുണ്ട്. ഒന്നാം പകുതിയിലെ അവതരണ രീതിയില്‍ നിന്നും പൂര്‍ണമായും വേറിട്ടതാണ് രണ്ടാം പകുതി.യാത്ര വരുന്നത് ഇവിടെയാണ്. അലസമായ തിരക്കഥയാണ് രണ്ടാംപകുതിയിലെ വില്ലന്‍. ക്ലൈമാക്‌സ് രംഗത്തിലേക്ക് എത്തുമ്പോഴേക്കും ഈ ചിത്രത്തിനും ശബരിമല കയറിയ ക്ഷീണമാണ്. ഇവിടെയും ശരണ്‍ജിത്തിന്റെ അഭിനയം ഒരു ആശ്വാസമാണ്. മൊത്തത്തില്‍ കഠിനമായൊരു മലകയറ്റമാണ് നാല്‍പ്പത്തിയൊന്ന്.